അവള്‍ക്കൊപ്പം നില്‍ക്കേണ്ട സമയം മഞ്ജു വിദേശത്തേക്ക് കടന്നു

തിരുവനന്തപുരം: നടി ആക്രമിക്കപ്പെട്ട സംഭവത്തിന് പിന്നാലെയാണ് മലയാള സിനിമാ സംഘടനയില്‍ പ്രതിസന്ധി പൊട്ടിപ്പുറപ്പെട്ടത്. കഴിഞ്ഞ ദിവസം ദിലീപിനെ സംഘടനയിലേക്ക് തിരിച്ചെടുത്തതോടെ പ്രശ്‌നം രൂക്ഷമാകുകയും നാല് നടിമാര്‍ ‘അമ്മ’യില്‍ നിന്ന് രാജി വെക്കുകയും ചെയ്തു. ആക്രമിക്കപ്പെട്ട നടി, റിമ കല്ലിങ്കല്‍, ഗീതു മോഹന്‍ദാസ്, രമ്യ നമ്പീശന്‍ എന്നിവരാണ് രാജിക്കത്ത് നല്‍കിയത്. ഇവരുടെ നിലപാടിനെ പിന്തുണച്ച് നിരവധി പേരാണ് രംഗത്ത് വന്നത്.

അതേസമയം വനിതാ സംഘടനയിലും അമ്മയിലും അംഗമായ മഞ്ജു വാര്യര്‍ വിദേശത്തേക്ക് കടന്നിരിക്കുകയാണ്. റിമ കല്ലിങ്കല്‍, രമ്യാ നമ്പീശന്‍, ഗീതുമോഹന്‍ദാസ് എന്നിവര്‍ അമ്മയില്‍ നിന്ന് രാജിവച്ച സാഹചര്യത്തില്‍ മഞ്ജു താരസംഘടനയായ അമ്മയില്‍ തുടരുന്നതിനെതിരേ പലകോണില്‍നിന്നും വിമര്‍ശനമുയരുന്നുണ്ട്. മഞ്ജു ആക്രമിക്കപ്പെട്ട നടിക്കായി നിലകൊണ്ടില്ലെന്നും വിശ്വസിച്ചവരെ ചതിച്ചെന്നും ആരോപണമുണ്ട്.

നടി ആക്രമിക്കപ്പെട്ട കേസില്‍ മുന്‍ ഭര്‍ത്താവ് ദിലീപിന് പങ്കുണ്ടെന്ന തരത്തിലായിരുന്നു മഞ്ജു അന്വേഷണ സംഘത്തിന് മൊഴി നല്കിയത്. എന്നാല്‍ ഇപ്പോള്‍ നടിക്കൊപ്പം നില്‍ക്കാനോ ഈ വിഷയത്തില്‍ പ്രതികരിക്കാനോ നില്‍ക്കാതെ വിദേശത്തേക്ക് കടന്നിരിക്കുകയാണ് മഞ്ജു. പ്രതികരിച്ചാല്‍ പുതിയ ചിത്രങ്ങളെ ബാധിക്കുമോ എന്ന ഭയം മഞ്ജുവിനുണ്ടെന്നും വിമര്‍ശനം ഉയരുന്നുണ്ട്. മഞ്ജുവിന്റെ പിതാവ് മരിച്ചപ്പോള്‍ ദിലീപും മകളും തൃശൂരിലെത്തിയിരുന്നു. ഇതും മഞ്ജുവിന്റെ നിലപാട് മാറ്റിയിരിക്കാമെന്നും സൂചനയുണ്ട്. ഡബ്ല്യുസിസിയുടെ നിലപാടില്‍ നിന്ന് മഞ്ജു അകലം പാലിക്കുന്നതായും ആരോപണമുയര്‍ന്നിരുന്നു.

എന്നാല്‍, ഈ പ്രശ്‌നമുണ്ടായപ്പോള്‍ തല്‍ക്കാലം മാറി നില്‍ക്കുകയാണെന്ന നിലപാടാണ് മഞ്ജു വാര്യര്‍ സ്വീകരിച്ചതെന്ന് രേവതി വ്യക്തമാക്കി. ഇപ്പോള്‍ ഒരു പ്രതികരണവും നടത്തേണ്ടെന്ന തീരുമാനത്തിലായിരുന്നു മഞ്ജു. അല്ലാതെ, ഡബ്ലിയു.സി.സിയുമായി മറ്റു പ്രശ്‌നങ്ങളൊന്നുമില്ലെന്ന് രേവതി പറഞ്ഞു. എങ്ങനെ പ്രതികരിക്കണമെന്ന കാര്യം ഓരോരുത്തരുടേയും വ്യക്തിപരമായ തീരുമാനമാണ്. അത് മറ്റുള്ളവര്‍ അംഗീകരിക്കുകയായിരുന്നു. അല്ലാതെ ഓരോരുത്തരും എന്ത് നിലപാടെടുക്കണമെന്ന് സംഘടന നിര്‍ദേശിച്ചിരുന്നില്ലെന്നും രേവതി വ്യക്തമാക്കി.