പള്ളിമേടയില്‍ പീഡനം – വികാരിക്ക് ഇരട്ട ജീവപര്യന്തം

ഫാദര്‍ എഡ്വിന്‍ ഫിഗറസ്

കൊച്ചി – ഒമ്പതാംക്ലാസ് വിദ്യാര്‍ത്ഥിനിയെ പള്ളിമേടയില്‍ വിളിച്ചുവരുത്തി പീഡിപ്പിച്ച കേസില്‍ കത്തോലിക്കാ വൈദികനും സഹോദരനും കോടതി ശിക്ഷ വിധിച്ചു. കത്തോലിക്കാ വൈദികനായ ഫാദര്‍ എഡ്വിന്‍ ഫിഗറസിന് ഇരട്ട ജീവപര്യന്തവും 2,15,000 രൂപ പിഴയുമാണ് കോടതി വിധിച്ചത്. ഇയാളെ ഒളിവില്‍ കഴിയാന്‍ സഹായിച്ച സഹോദരന്‍ സില്‍വസ്റ്റര്‍ ഫിഗറസിന് ഒരു വര്‍ഷം തടവും കോടതി വിധിച്ചു.

പുത്തന്‍വേലിക്കര കുരിശിങ്കല്‍ ലൂര്‍ദ്മാതാ  പള്ളി വികാരിയായിരുന്ന, തൃശൂര്‍ പൂമങ്കലം, അരിപ്പാലം പതിശ്ശേരിയില്‍ ഫാദര്‍ എഡ്വന്‍ ഫിഗറസ്, ഇയാളുടെ സഹോദരന്‍മാരായ സില്‍വസ്റ്റര്‍ ഫിഗറസ്, സ്റ്റാന്‍ലി ഫിഗറസ്, മറ്റൊരു ബന്ധുവായ വെഞ്ചാറിന്‍ ഫിഗറസ്, ക്ലാറന്‍സ് ഡികോത്ത്, പുത്തന്‍വേലിക്കര സര്‍ക്കാര്‍ ആശുപത്രിയിലെ ഡോ. അജിത എന്നിവര്‍ക്കെതിരെയാണ് വടക്കേക്കര പോലീസ് കുട്ടികള്‍ക്കും സ്ത്രീകള്‍ക്കും എതിരായ പ്രത്യേക കോടതിയില്‍ കുറ്റപത്രം നല്‍കിയിരുന്നത്.

ഒമ്പതാം ക്ലാസ് വിദ്യാര്‍ത്ഥിനിയെ പള്ളി മേടയില്‍ വിളിച്ചുവരുത്തി ഫാ. എഡ്വിന്‍ ഫിഗറസ് പീഡീപ്പിച്ചുവെന്നാണ് കേസ്. 2015 മാര്‍ച്ചിലാണ് സംഭവം. പെണ്‍കുട്ടിയുടെ അമ്മയുടെ പരാതിയിലാണ് പോലീസ് കേസെടുത്തത്. കേസ് രജിസ്റ്റര്‍ ചെയ്തതോടെ ഫാദ. എഡ്വിന്‍ ഒളിവില്‍ പോയി. ഇയാളെ വിദേശത്തേക്ക് കടക്കാന്‍ സഹായിച്ച കുറ്റത്തിനാണ് പോലീസ് ബന്ധുക്കളെ അറസ്റ്റ് ചെയ്തതോടെയാണ് ഫാദര്‍ എഡ്വിന്‍ കഴിഞ്ഞ വര്‍ഷം ഡിസംബര്‍ എട്ടിന് പോലീസില്‍ കീഴടങ്ങിയത്.

പോലീസ് അന്വേഷണം തുടങ്ങിയപ്പോള്‍ തന്നെ ഇയാള്‍ യു.എ.ഇയിലേക്ക് കടന്നിരുന്നു. മൂന്നുവര്‍ഷത്തോളം നിരന്തരമായി ഇയാള്‍ കുട്ടിയെ പീഡിപ്പിച്ചുവെന്നാണ് പോലീസ് കണ്ടെത്തിയത്. പീഡനം, അന്യയാമായ തടഞ്ഞുവെയ്ക്കല്‍, പ്രേരണ തുടങ്ങിയ കുറ്റങ്ങള്‍ ചുമത്തിയാണ് ഇയാള്‍ക്കെതിരെ കേസെടുത്തിരുന്നത്. പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ ലൈംഗികമായി പീഡിപ്പിച്ചതിന് ഇതാദ്യമായാണ് ഒരു വൈദികന് ഇത്ര കടുത്ത ശിക്ഷ പ്രഖ്യാപിക്കുന്നത്.

സമൂഹത്തിന് തന്നെ മാതൃകയാകേണ്ടവര്‍ ഇത്തരം കുറ്റകൃത്യങ്ങള്‍ ചെയ്യുന്നത് വലിയ അപരാധമാണെന്ന് ഇയാളുടെ മുന്‍കൂര്‍ ജാമ്യാപേക്ഷ തള്ളിക്കൊണ്ട് നേരത്തെ ഹൈക്കോടതി നിരീക്ഷിച്ചിരുന്നു.

തൃശൂര്‍ കോട്ടപ്പുറം രൂപതയിലെ അംഗമാണ് ഈ വൈദികന്‍. ഇത്ര ക്രൂരമായ ഒരു സംഭവത്തില്‍ പ്രതിയായിട്ടും ഇയാളെ സഭയില്‍ നിന്ന് പുറത്താക്കാന്‍ കത്തോലിക്കാ സഭ ശ്രമിക്കാതിരുന്നതിനെതിരെ കടുത്ത വിമര്‍ശനം ഉയര്‍ന്നിരുന്നു.

കേരളത്തില്‍ 80ലധികം ക്രൈസ്തവ പുരോഹിതര്‍ കൊലപാതകമടക്കമുള്ള വിവിധ കേസുകളില്‍ കോടതി നടപടികള്‍ നേരിടുന്നുണ്ട്. സിസ്റ്റര്‍ അഭയ കൊലക്കേസില്‍ പ്രതികളായ ഫാദര്‍ തോമസ് കോട്ടൂര്‍, ഫാദര്‍ ജോസ് പൂതൃക്കയില്‍, സിസ്റ്റര്‍ സെഫി എന്നിവര്‍ കൊലക്കേസില്‍ വിചാരണ നേരിടുന്ന പ്രതികളാണ്.

വഴിതെറ്റിയ ഇടയന്‍മാര്‍ – കൊലപാതകം ഉള്‍പ്പെടെയുള്ള കേസുകളില്‍ പ്രതികളായ 75 ലധികം ക്രൈസ്തവ പുരോഹിതന്‍മാര്‍ എന്ന് പോലീസ് റെക്കോര്‍ഡുകള്‍