സിപിഎം-സിപിഐ തര്‍ക്കം: ഒരു സര്‍ക്കാര്‍ പദ്ധതി നടത്തിപ്പ് കൂടി അനിശ്ചിതത്വത്തില്‍

ഭരണതലത്തില്‍ പ്രതിസന്ധി കൂട്ടി സിപിഎം-സിപിഐ തര്‍ക്കം രൂക്ഷമാകുന്നു. പല പദ്ധതികളുടെ നടത്തിപ്പിലും രണ്ടാമത്തെ കക്ഷിയുടെ എതിര്‍പ്പ് ഇടതു മുന്നണിക്ക് തലവേദനയാകുകയാണ്. മാവോയിസ്റ്റ് വേട്ടയുടെ കാര്യത്തില്‍ ഈ എതിര്‍പ്പ് പരസ്യമായി പറഞ്ഞ് സിപിഐ രംഗത്ത് എത്തിയിരുന്നു. ഇതിനു പിന്നാലെയാണ് ഹരിത ഇടനാഴി പദ്ധതിക്കെതിരേയും എതിര്‍പ്പുമായി സിപിഐ എത്തുന്നത്.

കഴിഞ്ഞ ദിവസം ആലപ്പുഴ കടപ്പുറത്ത് നടന്ന ലത്തീന്‍ സമുദായ സമ്മേളനത്തിലാണ് തീരദേശ ഹരിത ഇടനാഴി
പദ്ധതി മുഖ്യമന്ത്രി പിണറായി വിജയന്‍ പ്രഖ്യാപിച്ചത് . തിരുവനന്തപുരം ജില്ലയിലെ കൊല്ലങ്കോട് മുതല്‍ കാസര്‍കോട് ജില്ലയിലെ മഞ്ചേശ്വരം വരെ 522 കിലോമീറ്റര്‍ നീളത്തിലാണ് തീരദേശ ഇടനാഴി നിര്‍മ്മിക്കുന്നത്. ഒരു മത്സ്യ തൊഴിലാളികളെ പോലും കുടി ഒഴിപ്പിക്കാതെയാകും പദ്ധതി നടത്തിപ്പ് എന്ന മുഖ്യമന്ത്രിയുടെ പ്രഖ്യാപനം എല്ലാ മത്സ്യതൊഴിലാളികളും കൈയടിയോടെ സ്വീകരിച്ചതുമാണ്. എന്നാല്‍ പദ്ധതി പ്രഖ്യാപിച്ച് തൊട്ട് അടുത്ത ദിവസം തന്നെ സിപിഐ ആലപ്പുഴ ജില്ലാ നേതൃത്വം എതിര്‍പ്പ് പരസ്യമായി പ്രകടിപ്പിച്ചു.

മത്സ്യ തൊഴിലാളികളെ ദോഷമായി ബാധിക്കുന്ന ഒരു പദ്ധതിയും നടപ്പിലാക്കാന്‍ അനുവദിക്കില്ലെന്ന് സിപിഐ ജില്ലാസെക്രട്ടറിയും മത്സ്യതൊഴിലാളി ഫെഡറേഷന്‍ നേതാവുമായ ടി.ജെ.ആഞ്ചലോസ് വ്യക്തമാക്കി. 15 മീറ്റര്‍ വീതിയുളള ഹരിത ഇടനാഴിക്കും കടലോരത്തിനുമിടയില്‍ 35 മീറ്റര്‍ വീതിയില്‍ ഗ്രീന്‍ബെല്‍റ്റ് നിര്‍മിക്കുന്നത് മത്സ്യതൊഴിലാളികളെ വഴിയാധാരമാക്കുമെന്നാണ് സിപിഐ നേതൃത്വത്തിന്റെ ആക്ഷേപം. 16000 കോടി മുടക്കിയുളള ഈപദ്ധതി കൊണ്ട് മത്സ്യ തൊഴിലാളികള്‍ക്ക് ഒരു ഗുണവും ലഭിക്കില്ല. മറിച്ച് ഈ പണം ഈ ഗ്രമങ്ങളിലെ കുടിവെളള പദ്ധതികള്‍ക്കും കുട്ടികളുടെ വിദ്യാഭ്യാസം ആരോഗ്യം തുടങ്ങിയ പദ്ധതികള്‍ക്കായി വിനിയോഗിക്കണമെന്നും ടി.ജെ.ആഞ്ചലോസ് ആവശ്യപ്പെട്ടു.

സര്‍ക്കാര്‍ തത്വത്തില്‍ അംഗീകരിക്കുകയും ഫണ്ട് കണ്ടെത്തുകയും ചെയ്ത പദ്ധതി സംബന്ധിച്ച് പ്രധാന ഘടകകക്ഷി തന്നെ ആക്ഷേപം ഉന്നയിക്കുന്നത് തീരദേശവാസികളിലും ആശയകുഴപ്പത്തിലാക്കിയിട്ടുണ്ട്. വരും ദിവസ്സങ്ങളില്‍ സിപിഐ സംസ്ഥാന നേതൃത്വം തന്നെ വിഷയത്തില്‍ എതിര്‍പ്പുമായി രംഗത്ത് എത്തുമെന്നാണ് സൂചന. വിഷയത്തില്‍ സിപിഎം ഇതുവരെ പ്രതികരിച്ചിട്ടില്ല്.