വൈദികര്‍ക്കെതിരായ ലൈംഗികാരോപണങ്ങള്‍ ഗൗരവതരമെന്ന് ബെഹ്‌റ

തിരുവനന്തപുരം: ഓര്‍ത്തഡോക്‌സ് സഭയിലെ അഞ്ച് വൈദികര്‍ക്കെതിരെ ഉയര്‍ന്നിരിക്കുന്ന ലൈംഗികാരോപണങ്ങള്‍ ഗൗരവതരമെന്ന് ഡിജിപി ലോക്‌നാഥ് ബെഹ്‌റ. കേസ് അന്വേഷിക്കുന്ന ക്രൈംബ്രാഞ്ച് എല്ലാ വശങ്ങളും പരിശോധിക്കുമെന്നും അദ്ദേഹം പറഞ്ഞു. വൈദികര്‍ക്കെതിരായ പരാതിയില്‍ ഗുരുതരമായ ആരോപണങ്ങളാണ് ഉന്നയിച്ചിരിക്കുന്നത്. പരാതിയുടെ എല്ലാ വശങ്ങളും ക്രൈംബ്രാഞ്ച് പരിശോധിക്കും. ഡിജിപി പറഞ്ഞു.

കുമ്പസാര രഹസ്യം പരസ്യമാക്കുമെന്ന് ഭീഷണിപ്പെടുത്തി യുവതിയെ ഓര്‍ത്തഡോക്‌സ് സഭയിലെ അഞ്ച് വൈദികര്‍ ലൈംഗികമായി പീഡിപ്പിച്ചെന്നാണ് ഉയര്‍ന്നിരിക്കുന്ന ആരോപണം. ഇക്കാര്യം ചൂണ്ടിക്കാട്ടി ഭര്‍ത്താവ് സഭാ നേതൃത്വത്തിനാണ് പരാതി നല്‍കിയത്. പൊലീസില്‍ പരാതി നല്‍കാന്‍ ഭര്‍ത്താവും യുവതിയും തയ്യറായിട്ടില്ല.

എന്നാല്‍ സംഭവത്തില്‍ കേസെടുക്കണമെന്ന് ആവശ്യപ്പെട്ട് വിഎസ് അച്യുതാനന്ദന്‍ ഡിജിപി കത്ത് നല്‍കിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ സംഭവത്തില്‍ ക്രൈംബ്രാഞ്ച് അന്വേഷണം പ്രഖ്യാപിച്ചിരിക്കുകയാണ്.