വൈദികര്‍ക്കെതിരായ ലൈംഗികാരോപണം; യുവതിയെ സ്വാധീനിച്ച് കേസ് ഒതുക്കി തീര്‍ക്കാന്‍ ശ്രമം

കോട്ടയം: വൈദികര്‍ക്കെതിരായ ലൈംഗികാരോപണത്തില്‍ യുവതിയെ മറയാക്കി പീഡനക്കേസില്‍ നിന്ന് തലയൂരാന്‍ ഓര്‍ത്തഡോക്‌സ് സഭയുടെ ശ്രമം. സഭാ കമ്മീഷനു മുന്‍പില്‍ മൊഴി നല്‍കാന്‍ യുവതി തയാറാകാത്ത സാഹചര്യത്തില്‍ പീഡന പരാതിയുമായി പൊലീസിനെ സമീപിക്കാന്‍ ഭര്‍ത്താവിന് കഴിയില്ലെന്നാണ് സഭയുടെ വിലയിരുത്തല്‍. ഈ സാഹചര്യത്തില്‍ ഭര്‍ത്താവിനെതിരെ നിയമ നടപടിക്കൊരുങ്ങുകയാണ് ഓര്‍ത്തഡോക്‌സ് സഭ.

യുവതി ഇതുവരെ കമീഷനു മുന്നില്‍ മൊഴി നല്‍കാന്‍ തയാറാകാത്തത് പരാതിക്കാരന് കനത്ത തിരിച്ചടിയായിരിക്കുകയാണ്. ആരോപണവിധേയരായ വൈദികരുടെയും സഭാ നേതൃത്വത്തിലൊരു വിഭാഗത്തിന്റെയും സമ്മര്‍ദ്ദമാണ് യുവതി മാറിനില്‍ക്കാന്‍ കാരണമെന്ന് സൂചന. പരാതി ദുര്‍ബലമാക്കാനാണ് ഇതിലൂടെ സഭ ലക്ഷ്യമിടുന്നത്. പൊലീസിനെ സമീപിക്കാനും ഇവര്‍ തയാറായിട്ടില്ല. ഇതിലൂടെ വൈദികരെ രക്ഷിക്കാനാണ് ശ്രമമെന്ന് ആക്ഷേപം ഉയരുന്നുണ്ട്. സംഭവം നിഷേധിച്ച് രംഗത്തെത്താന്‍ യുവതിക്ക് മേല്‍ സമ്മര്‍ദ്ദമുണ്ടെന്നും വിലപേശലുകള്‍ നടക്കുകയാണെന്നും സൂചനകളുണ്ട്.

അതിനിടയില്‍ ആരോപണം ഉന്നയിച്ച ഭര്‍ത്താവിനെതിരെ നടപടി എടുക്കാനും നീക്കമുണ്ട്. സമൂഹമാധ്യമങ്ങളിലൂടെ സഭയെ അപകീര്‍ത്തിപ്പെടുത്താന്‍ ശ്രമിച്ചെന്നാണ് ആരോപണം. സംഭവം ഓര്‍ത്തഡോക്‌സ് സഭ നിരണം ഭദ്രാസനം ചുമതലപ്പെടുത്തിയ കമ്മീഷന്റെ നേതൃത്വത്തില്‍ അന്വേഷിച്ചുവരികയാണ്. സഭയുടെ വൈദിക ട്രസ്റ്റി എം ഒ ജോണ്‍ ചെയര്‍മാനായ കമ്മീഷനില്‍ നാഗ്പൂര്‍ വൈദിക സെമിനാരി മുന്‍ വൈസ് പ്രിന്‍സിപ്പല്‍ ഫാദര്‍ ഡോക്ടര്‍ റെജി മാത്യു, അഭിഭാഷകരായ മാത്യു ജോണ്‍, പ്രദീപ് മാമന്‍ മാത്യു എന്നിവരാണ് അന്വേഷണ അംഗങ്ങള്‍. ഇവര്‍ക്ക് മുമ്പില്‍ പരാതിക്കാരന്‍ കഴിഞ്ഞ ദിവസം തെളിവു നല്‍കിയിരുന്നു.

അണ്‍ എയ്ഡഡ് സ്‌കൂള്‍ അധ്യാപികയായിരുന്ന യുവതിയെ ചൂഷണം ചെയ്തു വെന്ന് കാട്ടി തിരുവല്ല മല്ലപ്പള്ളി ആനിക്കാട് സ്വദേശിയായ ഭര്‍ത്താവ് കുറച്ചുനാള്‍ മുമ്പാണ് പരാതിയുമായി രംഗത്തെത്തിയത്. ഇത് വിവാദമായതോടെ അഞ്ച് വൈദികരെയും ചുമതലകളില്‍നിന്ന് നീക്കി ഓര്‍ത്തഡോക്‌സ് സഭ നേതൃത്വം അന്വേഷണത്തിന് കമീഷനുകളെ നിയോഗിച്ചിരുന്നു.