ചോര ചിതറിയ മണ്ണിൽ വഴിവിളക്കായ് അവൻ . . പത്മവ്യൂഹത്തിൽ പിടഞ്ഞു വീണ അഭിമന്യു

കൊച്ചി : അഭിമന്യുവിന്റെ മൃതദേഹം കോളേജില്‍ പൊതുദര്‍ശനത്തിനെത്തിച്ചപ്പോള്‍ മഹാരാജാസിലേക്കൊഴുകിയെത്തിയവര്‍ക്കും സഹപാഠികള്‍ക്കും കണ്ണീരടക്കാനായില്ല. അതുവരെ നിറപുഞ്ചിരി തൂകി എല്ലാവര്‍ക്കും പ്രിയങ്കരനായി ഓടിനടന്ന ആ യുവസഖാവിന്റെ നെഞ്ചില്‍ കത്തിയിറങ്ങിയപ്പോല്‍ ആ കോളേജ് ക്യാമ്പസിന്റെ അങ്കണം പോലും ഒരു നിമിഷം വിറപൂണ്ടിരിക്കാം.

ചിരിച്ച മുഖവുമായല്ലാതെ ഈ കൂട്ടുകാരനെ ഒരു വിദ്യാര്‍ഥിയും അവനെ കണ്ടിട്ടില്ല. കരഞ്ഞു തളര്‍ന്ന സഹപാഠികള്‍ മുഷ്ടി ചുരുട്ടി അവര്‍ ഉറക്കെ വിളിച്ചു . . ‘ഇല്ലാ ഇല്ലാ മരിക്കുന്നില്ല. അഭിമന്യൂവിന് മരണമില്ല… ജീവിക്കുന്നു ഞങ്ങളിലൂടെ ….നൂറുനൂറ് കണ്ഠങ്ങളില്‍നിന്നുയര്‍ന്ന ആ മുദ്രവാക്യം വിളികള്‍ക്കിടയിലുടെ അഭിമന്യു അവസാനമായി തന്റെ ക്യാമ്പസിലെത്തി. തന്നെ കാണാന്‍ അലമുറയോടെയെത്തിയ കൂട്ടുകാര്‍ക്ക് നടുവില്‍.

പൊതു ദര്‍ശനത്തിന് വച്ചിരുന്ന അഭിമന്യുവിന്റെ മൃതദേഹം ഉച്ചയ്ക്ക് ഒരുമണിയോടെ ജന്മനാടായ ഇടുക്കി വട്ടവടയിലേയ്ക്ക് കൊണ്ടുപോയി.

മഹരാജാസ് കോളേജിലെ കെമിസ്ട്രി രണ്ടാംവര്‍ഷ ബിരുദ വിദ്യാര്‍ത്ഥിയും എസ്എഫ്‌ഐ ഇടുക്കി ജില്ലാ കമ്മിറ്റി അംഗവുമായ അഭിമന്യുവിനെ ഇന്ന് പുലര്‍ച്ചെയാണ് ക്യാമ്പസ് ഫ്രണ്ട് അക്രമികള്‍ കുത്തികൊന്നത്. ക്യാമ്പസില്‍ അതിക്രമിച്ചു കയറിയ 20ഓളം പേര്‍ നടത്തിയ ആക്രമത്തി അഭിമന്യവിനൊപ്പം വിനീത് , അര്‍ജുന്‍ എന്നിവര്‍ക്കും കുത്തേറ്റു. ഇതില്‍ അര്‍ജുന്റെ നില ഗുരുതരമാണ്. അര്‍ജുനെ മെഡിക്കല്‍ ട്രസ്റ്റ് ആശുപത്രിയിലേക്ക് മാറ്റി.

ഡിവൈഎഫ്‌ഐ വട്ടവട വില്ലേജ് സമ്മേളനം ഞായറാഴ്ച ഉദ്ഘാടനം ചെയ്തശേഷം വൈകിട്ട് നാലോടെയാണ് അഭിമന്യു കോളേജിലേക്ക് തിരിച്ചുപോയത്. തിങ്കളാഴ്ച പരീക്ഷ ഉള്ളതിനാലാണ് കോളേജിലേക്ക് മടങ്ങുന്നതെന്ന് സുഹൃത്തുക്കളോട് പറഞ്ഞിരുന്നു. വട്ടവട സര്‍ക്കാര്‍ സ്‌കൂളില്‍നിന്ന് പ്ലസ് ടു പാസായതിന് ശേഷമാണ് മഹാരാജാസില്‍ ചേര്‍ന്നത്.

ഒരു പാട് സ്വപ്നങ്ങളുമായാണ് വട്ടവടയില്‍ നിന്നും അഭിമന്യു എറണാകുളത്തിന് വണ്ടി കയറിയത്. കൃഷിപ്പണിക്കാരാണ് അപ്പനും അമ്മയും. അവരെ സഹായിക്കാന്‍ മൂത്ത സഹോദരന്‍ അഭിജിത്തും. സഹോദരി കൗസല്യ കിറ്റക്‌സിലെ ജീവനക്കാരിയാണ്. വീട്ടിലെ ദാരിദ്രത്തിനിടയിലും പഠനത്തില്‍ അഭിമന്യു കേമനായിരുന്നു. അതിനാല്‍ തന്നെ തങ്ങള്‍ പട്ടിണി കിടന്നിട്ടാണെങ്കിലും മകനെ പഠിപ്പിക്കണമെന്നായിരുന്നു അവര്‍ക്ക്. ‘അവന്‍ പഠിക്കുന്നതായതുകൊണ്ട്, ഞങ്ങള്‍ക്ക് കഴിക്കാനൊന്നുമില്ലെങ്കിലും, ഡ്രസ്സില്ലെങ്കിലും അവന്‍ ‘വെള്ളയും വെള്ളയു’മായി പോവട്ടെ എന്നേ ഞാനും അവന്റെ ചേച്ചിയും അച്ഛനും എല്ലാം കരുതിയിട്ടുള്ളൂ. അങ്ങനെ ആറ്റുനോറ്റ് കൊണ്ടുവന്നിട്ട് ഇപ്പോള്‍ കിട്ടിയത്…’ ജേഷ്ടന്‍ അഭിജിത്തിന്റെ സങ്കടം കണ്ടു നില്‍ക്കാനാവില്ല.

എസ്എഫ്‌ഐ നേതാവിന്റെ മരണത്തിനെ തുടര്‍ന്ന് വട്ടവടപഞ്ചായത്തില്‍ തിങ്കളാഴ്ച രാവിലെ ആറുമുതല്‍ വൈകിട്ട് ആറുവരെ ഹര്‍ത്താല്‍ ആചരിക്കും

വിവരമറിഞ്ഞ് അഭിമന്യുവിന്റെ അച്ഛനും അമ്മയും ഇന്ന് രാവിലെ മൃതദേഹം സൂക്ഷിച്ചിരുന്ന എറണാകുളം ജനറല്‍ ആശുപത്രിയിലെത്തിയിരുന്നു. രാവിലെ ഒമ്പതുമണിയോടെ പോസ്റ്റ്‌മോര്‍ട്ടം നടപടികള്‍ തുടങ്ങി. പത്തരയോടെ മൃതദേഹം ആശുപത്രിയില്‍നിന്നും മഹാരാജാസ് കോളേജിലേക്ക് കൊണ്ടുപോയി. സിപിഐ എം നേതാക്കളടക്കം നിരവധിപേര്‍ ആശുപത്രിയിലെത്തി. മന്ത്രിമാരായ തോമസ് ഐസക്, എം എം മണി , സിപിഐ എം ജില്ലാ സെക്രട്ടറി സി എന്‍ മോഹനന്‍. എസ് ശര്‍മ എംഎല്‍എ. സൈമണ്‍ ബ്രിട്ടോ എന്നിവര്‍ ആശുപത്രിയിലും മഹാരാജസ് കോളേജിലുമെത്തി.