ബിഗ്‌ബോസ് മത്സരാര്‍ത്ഥികളുടെ പ്രതിഫലം പുറത്ത്; ശ്വേത ഒരു ദിവസം വാങ്ങുന്നത് 1 ലക്ഷം രൂപ

ആകാംക്ഷ ഉണര്‍ത്തി ‘ബിഗ് ബോസ്’ പരിപാടി ഏഷ്യാനെറ്റില്‍ സംപ്രേഷണം ആരംഭിച്ചു. മലയാളത്തില്‍ ആദ്യമായാണ് പരിപാടി എത്തുന്നതെങ്കിലും ഹിന്ദിയിലും മറ്റ് തെന്നിന്ത്യന്‍ ഭാഷകളിലും ഇതിനോടകം തന്നെ കൈയ്യടി നേടിയ പരിപാടിയാണ് ‘ബിഗ്‌ബോസ്’. അതു കൊണ്ട് തന്നെ പ്രേക്ഷകരും ആകാംക്ഷയോടെയാണ് പരിപാടി വീക്ഷിക്കുന്നത്. കാണികള്‍ക്ക് ആവേശമുണര്‍ത്താന്‍ ‘ബിഗ് ബോസ്’ അവതാരകനായി എത്തിയത് സൂപ്പര്‍ സ്റ്റാര്‍ മോഹന്‍ലാല്‍ ആണെന്നതും പരിപാടിയുടെ ജനപ്രീതി കൂട്ടുന്നുണ്ട്.

16 പേരാണ് പരിപാടിയുടെ ഭാഗമായി പങ്കെടുത്തതെങ്കിലും ഒരാള്‍ നിലവില്‍ പുറത്തായി കഴിഞ്ഞു. മോഡലും നടനുമായ ഡേവിഡ് ജോണാണ് ആദ്യം പുറത്തായത്.

രഞ്ജിനി ഹരിദാസ്, തരികിട സാബു, അനൂപ് ചന്ദ്രന്‍, അതിഥി റായ്, ശ്രീനീഷ് അരവിന്ദ്, ബഷീര്‍ ബഷി, പേളി മാണി, ശ്രീലക്ഷ്മി ജഗതി ശ്രീകുമാര്‍, ദീപന്‍ മുരളി തുടങ്ങി 14 പേരാണ് ഇപ്പോള്‍ മത്സരാര്‍ത്ഥികള്‍.

പരിപാടി തുടങ്ങിയത് മുതല്‍ ഇവരുടെ പ്രതിഫലത്തെ കുറിച്ചുളള റിപ്പോര്‍ട്ടുകള്‍ പുറത്തു വന്നിട്ടുണ്ട്. ഓരോ മത്സരാര്‍ത്ഥിയുടേയും ജനപ്രീതി കണക്കിലെടുത്താണ് പ്രതിഫലം നിശ്ചയിച്ചിട്ടുളളത്. പത്ത് ദിവസം കൂടുമ്പോഴാണ് മത്സരാര്‍ത്ഥികള്‍ക്ക് ശമ്പളം നല്‍കുന്നത്.

ശ്വേതയാണ് മത്സരാര്‍ത്ഥികളില്‍ ഏറ്റവും കൂടുതല്‍ പ്രതിഫലം പറ്റുന്നതെന്നാണ് ‘ബിഗ് ബോസു’മായി അടുത്ത വൃത്തങ്ങള്‍ വ്യക്തമാക്കുന്നത്. പ്രതിദിനം 1 ലക്ഷം രൂപ വീതം 7 ലക്ഷം രൂപയാണ് ശ്വേതയുടെ ഒരാഴ്ച്ചത്തെ പ്രതിഫലം. ‘അനശ്വരം’ എന്ന ചിത്രത്തിലൂടെ മലയാള സിനിമയിലേക്ക് കടന്നുവന്ന ശ്വേത മലയാളികള്‍ക്ക് ഏറെ പരിചിതയാണ്. ശ്വേത തന്നെയായിരുന്നു ‘ബിഗ് ബോസ്’ ഹൗസിലെ ആദ്യ ക്യാപ്റ്റനും.

പ്രതിഫലത്തില്‍ തൊട്ടു പിന്നില്‍ മലയാളത്തിലെ പ്രമുഖ ടെലിവിഷന്‍ അവതാരകരായ രഞ്ജിനി ഹരിദാസും പേളി മാണിയുമാണ്. ഏഷ്യാനെറ്റിലെ ‘ഐഡിയ സ്റ്റാര്‍ സിംഗര്‍’ എന്ന റിയാലിറ്റി ഷോയിലൂടെയാണ് രഞ്ജിനിയെ മലയാളികള്‍ അറിഞ്ഞു തുടങ്ങിയത്. 80,000 രൂപയാണ് പ്രതിദിനം രഞ്ജിനിക്ക് നല്‍കുന്ന പ്രതിഫലം എന്നാണ് അറിയാന്‍ കഴിയുന്നത്. ജനപ്രീതി മാനിച്ച് തന്നെയാണ് ‘ബിഗ് ബോസി’ലെ രണ്ടാമത്തെ ആഴ്ച്ചയിലെ ക്യാപ്റ്റനായി രഞ്ജിനിയെ നിയമിച്ചത്. രഞ്ജിനി ‘ബിഗ് ബോസ്’ ഹൗസില്‍ വന്ന് മുതല്‍ തരികിട സാബുവുമായി തര്‍ക്കം തുടരുകയാണ്. ഇരുവരും തമ്മിലുണ്ടായ സോഷ്യല്‍മീഡിയാ യുദ്ധമാണ് ‘ബിഗ് ബോസിലും’ കാണുന്നത്.

നടനായ അനൂപ് ചന്ദ്രന് ആഴ്ച്ചയില്‍ അഞ്ച് ലക്ഷത്തോളം രൂപയാണ് പ്രതിഫലം എന്നും വൃത്തങ്ങള്‍ സൂചിപ്പിക്കുന്നു. ‘ബ്ലാക്ക്’ എന്ന ചിത്രത്തിലൂടെ സിനിമയിലെത്തിയ അദ്ദേഹം ‘ബിഗ് ബോസി’ല്‍ മികച്ച പ്രകടനം കാഴ്ച്ച വെക്കുന്നുണ്ട്. തൃശ്ശൂര്‍ സ്‌കൂള്‍ ഓഫ് ഡ്രാമയില്‍നിന്ന് അഭിനയം പഠിച്ചു. ‘അച്ചുവിന്റെ അമ്മ,’ ‘ബ്ലാക്ക്,’ ‘രസതന്ത്രം,’ ‘ക്ലാസ്‌മേറ്റ്‌സ്,’ ‘കറുത്ത പക്ഷികള്‍,’ ‘വിനോദയാത്ര’ തുടങ്ങിയ ചിത്രങ്ങളിലൂടെ അഭിനയ രംഗത്ത് സജീവമായി.

ജനപ്രീതി ഏറെയുളള അവതാരക പേളി മാണിക്ക് ദിനംപ്രതി 50,000 രൂപ വീതമാണ് പ്രതിഫലം എന്നും അറിയാന്‍ കഴിഞ്ഞു. വിവിധ മലയാളം ചാനലുകളില്‍ വി ജെ/ ഡി ജെ ആയാണ് പേളി മാണി ശ്രദ്ധേയ ആയത്. ‘ദ ലാസ്റ്റ് സപ്പര്‍’ എന്ന സിനിമയിലാണ് ആദ്യമായി നായികാവേഷം ചെയ്യുന്നത്. ആ സിനിമയില്‍ ഒരു അറബിക് ഗാനവും ആലപിച്ചു.

പേളിയ്ക്ക് കഴിഞ്ഞാല്‍ പിന്നെ താരതമ്യേന വലിയ ഒരു സംഖ്യ ലഭിക്കുന്നത് അര്‍ച്ചന സുശീലനാണ്. ഇരുപത്തിയയ്യാരിരം രൂപയോളം വരും ഇവരുടെ ദിനം തോറുമുള്ള പ്രതിഫലം. ഇവര്‍ക്ക് സീരിയല്‍, സിനിമ, മ്യൂസിക് ആല്‍ബം എന്നിവയിലൂടെ പ്രശസ്തയാണ് അര്‍ച്ചന. കേരളത്തിനു പുറത്തു ജനിച്ചു വളര്‍ന്ന അര്‍ച്ചന മലയാളം ടെലിവിഷന്‍ പരിപാടികളിലൂടെയാണ് ഈ രംഗത്തേക്കെത്തുന്നത്.

പ്രതിഫലത്തില്‍ അര്‍ച്ചനയ്ക്ക് തൊട്ടു പിന്നില്‍ ഹിമ ശങ്കറാണ്. 22,000 രൂപയാണ് ഹിമ ശങ്കറിന് ഒരു ദിവസത്തില്‍ ലഭിക്കുന്നത്. നാടകങ്ങളിലും സിനിമയിലും സജീവമായ അഭിനേത്രിയാണ് ഹിമാ ശങ്കര്‍. അടുത്തിടെ കാസ്റ്റിങ് കൗച്ചിനെക്കുറിച്ച് ഹിമ നടത്തിയ തുറന്നു പറച്ചില്‍ ഏറെ ചര്‍ച്ച ചെയ്യപ്പെട്ടിരുന്നു.

ദീപന്‍ മുരളി, സാബുമോന്‍, എന്നിവര്‍ക്ക് ഇരുപതിനായിരം രൂപയില്‍ താഴെയാണ് ഒരു ദിവസത്തെ പ്രതിഫലം. നിരവധി സീരിയലിലൂടെ കുടുംബ പ്രേക്ഷകര്‍ക്ക് പ്രിയങ്കരനായ നടനാണ് ദീപന്‍ മുരളി. ‘പരിണയം,’ ‘നിറക്കൂട്ട്,’ ‘ഇവള്‍ യമുന,’ ‘സ്ത്രീധനം’ തുടങ്ങിയ സീരിയലുകളിലൂടെയാണ് ദീപന്‍ മുരളി ശ്രദ്ധേയനായത്.

‘തരികിട’ എന്ന പരിപാടിയിലൂടെ ശ്രദ്ധേയനായ വ്യക്തിയാണ് സാബു. റിയാലിറ്റി ഷോ, സിനിമ, സീരിയല്‍ എന്നിവയാണ് സാബുവിന്റെ പ്രധാന മേഖലകള്‍.

ആരോഗ്യകാരണങ്ങളെ തുടര്‍ന്ന് പുറത്തുപോയ മനോജ് വര്‍മ്മയ്ക്ക് ആഴ്ച്ചയില്‍ 75,000 രൂപയാണ് ലഭിച്ചത്. വ്യവസായിയാണ് മനോജ് വര്‍മ്മ.