പെൺ വാക്ക് (pen walk)

ഗംഗ

കി കി ന്ന് ഹിന്ദിയിൽ പെൺവാക്ക് കരയുമ്പോൾ
കാ കാ ന്ന് ആൺവാക്ക് മുരളുന്നു
He യോട് ഉരുമ്മി രണ്ടു വളവുകളോട് കൂടിയ
നട്ടെല്ലുമായി ചേർന്ന് നില്പതോ
ഇംഗ്ലീഷിൽ she !
മലയാളത്തിൽ ൾ എന്ന രണ്ടു വളവ്
കഴിഞ്ഞിട്ടൊരു മുടിപ്പിന്നു ഒടിവും,
വടിവിഴുങ്ങി നിൽപ്പും
പെൺ വാക്കിന് ചേക്കേറാൻ
സ്വന്തം ചില്ലയോ കൂടോ വീടോ ഇല്ല വാക്കിന്റെ നിഴലിൽ വിശ്രമിച്ചു കൊക്കി ചിനക്കുന്നു
വാഗ് സമുദ്രത്തിൽ പെൺവാക്ക് –
മുങ്ങിപ്പോവുകയോ
അടിത്തട്ടിൽ ജീർണിക്കുകയോ
സ്രാവുകൾക്കിരയാവുകയോ
ഒറ്റപ്പെട്ട ദ്വീപുകളിൽ ചെന്ന് അടിയുകയോ,

പാതി മുങ്ങിയ കപ്പലിൽ കയറി
മുഴുവനായി മുങ്ങുകയോ ചെയ്യും
അപൂർവം ചില ധീര പെൺവാക്കുകൾ
നീന്തി കര അണയും
ആൺ വാക്ക് ഊണുമുറിയിൽ സദ്യയുണ്ട്
ഏമ്പക്കം വിടും നേരം
പെൺ വാക്കോ വടക്കേപുറത്തു
കുഴി കുത്തി വിശപ്പ് കുഴിച്ചിട്ട് കാത്തിരിക്കും
ചില പെൺവാക്കുകൾ ‘ നായാടികളെപ്പോലെ മരച്ചില്ലകളുടെ
മറവുകളിലോ പാടത്തിനപ്പുറമോ അദൃശ്യരായി നിന്ന് കൂകി സാന്നിധ്യം അറിയിക്കും ‘(കമല സുരയ്യയുടെ വരി അവലംബം )
പെൺവാക്കിനു്ത്ഭവം പെണ്ണിരയിൽ നിന്നത്രെ !
പെണ്ണിരയോ ഒരുമ്പെട്ടോളെന്ന പുറപ്പെട്ടോളുടെ,
മുള്ള് മുരിക്കിൻ വസ്ത്രം ധരിച്ചവളുടെ
പുത്രി !
വേറിട്ടൊരു ജന്മ രഹസ്യം പേറുന്നവൾ
വാക്കുകളുടെ ചതുരംഗകളിയിൽ
പെൺവാക്ക് കളത്തിലൊതുങ്ങി –
കളരിക്ക് പുറത്ത് അടങ്ങി നിൽക്കണം

ആനവാക്കുകൾ അമ്പാരിയേന്തി,
തേരോട്ടങ്ങൾ നടത്തി
മന്ത്രിപുംഗവനെ ചുമന്ന്
നാനാ ദിക്കിലേക്കും തിരിഞ്ഞും
മറിഞ്ഞും പിന്തിരിഞ്ഞും
യുദ്ധം ചെയ്യുമ്പോഴോ
രാജ് ഞി വാക്ക് എങ്ങോട്ട് അനങ്ങിയാലും
ചെക് ‘ വിളിക്കപ്പെട്ടു ന : സ്വാതന്ത്ര്യം അർഹതി ‘ എന്ന കാലാളുകളാൽ
വളയപ്പെട്ടു, ലക്ഷ്മണ രേഖയിൽ തട്ടി
ഇടറി വീണു ചരിയുന്നു

പെണ്ണുടലിന് ധരിക്കാൻ കുട്ടിക്കുപ്പായവും
കണ്ണാടിപ്പെട്ടിയും ആണെന്നാലും
ഉയിർ വാക്കിനാകട്ടെ ആസകലം
പൊത്തിയ, വായും കണ്ണും മൂക്കും
മൂടിക്കെട്ടും മരണവസ്ത്രം !

ആൺ വാക്കിന് ഛത്ര വും ചാമരവും
പൂച്ചെണ്ട് മാലകളും കതിന വെടി സ്വീകരണം
പെൺവാക്കിനാകട്ടെ
കാക്കപുരിഷ കിരീടവും ചെരുപ്പുമാലയിട്ട്
പ്രതിമയായി നാല്കവലയിലും ചന്തയിലും
നില്കാൻ വിധി
ചില വേതാളപെൺവാക്കുകൾ
വിക്രമസദസ്സുകളെ അലോസരപ്പെടുത്തും
മുള്ളുമുരിക്കിലേക്ക് തിരിച്ചോടിച്ചാലും
വീണ്ടും മടങ്ങിവന്നു കൊഞ്ഞനം കുത്തും

വെടിക്കെട്ടും കുടമാറ്റവും ഘോരഘോര –
പൂരാഘോഷം ആൺ വാക്കിനെങ്കിൽ –
പെൺവാക്ക് പൂരമൊഴിഞ്ഞ പറമ്പിലെ
പൊട്ടാത്ത പടക്കവും പൊട്ടിയ പൊട്ടത്തരങ്ങളും വളത്തുണ്ടും,
എന്നാലും ചില പെൺവാക്കാനകൾ
നെറ്റിപ്പട്ടവും ഇടച്ചങ്ങലയും കൂച്ചുവിലങ്ങുമിട്ട്
തോട്ടിയും വടിയുമേന്തും പാപ്പാൻ വാക്കുകൾക്കൊപ്പം ‘കെട്ടിയഴിക്കൽ ‘മാമാങ്കം
കഴിഞ്ഞു, സാഹിത്യത്തിന്റ
നെടുവരമ്പിലൂടെ പോകുന്നത് കാണാം
പേയ് പിടിച്ച ചില വീണ് വാക്കുകൾ
വിദൂരതയിൽ അലറി,
രാത്രി കാലങ്ങളെ അലോസരപ്പെടുത്തിയേക്കാം

വാക്കാണിന് നീന്തി കുളിച്ചു തിമിർക്കാൻ
സമുദ്രങ്ങളും ബഹിരാകാശക്കുളങ്ങളും
പെൺവാക്ക്ഒച്ച് ഒറ്റ കക്കാത്തോടിലെ,
നിറഞ്ഞു കവിയാത്ത ജലസംഭരണിയിൽ
കുളിയും നനയും കഴിഞ്ഞു
പന്ത്രണ്ടു കക്കതൊണ്ടു വെള്ളം
ബാക്കിയാവണം –
അതാണ് നിയമം
വാക്കിന്റെ ആൺ ആയുധപ്പുരയിൽ
പെൺവാക്കമ്പുകൾ മലർശരങ്ങളായി
മഴവില്ല് വരയ്ക്കും

പെണ്ണുടൽ ആവോളം ആഘോഷിക്കപ്പെടും നേരം
പെണ്ണുയിരിൽ നിന്ന് ഉരുകിവാർന്നൊലിച്ച
കണ്ണീർവാക്കുകൾ വാരിക്കുഴികളിൽ നിന്ന്
പാതാളക്കുഴികളിലേക്ക്,
ശാപശപഥങ്ങളുടെ മുദ്ര ചേർത്ത് പതിക്കും

പാതാളകരണ്ടിയിലോ കുങ്കിയാനകളിലോ
ഒതുങ്ങാത്ത കുരുങ്ങാത്ത മെരുങ്ങാത്ത
ചങ്ക് വാക്കുകൾ ചിലതുണ്ട്
ഒടുവിൽ കിട്ടിയത് –
വാക്കിൽ നിന്ന് നട്ടെല്ലും നഖവും പല്ലും
പിഴുത് മാറ്റിയാൽ കിട്ടുന്നതത്രെ പെൺവാക്ക്

NB :
വാക്ക് ആണും പെണ്ണുമല്ല
ഭിന്ന ലിംഗമത്രെ ഭാഷയിൽ
പെൺവാക്കെന്നാൽ പെണ്ണിന്റെ ഉയിരിൽ നിന്നുയർന്ന വാക്കെന്ന്
വേറിട്ടു വായിക്കാൻ അപേക്ഷ

നിങ്ങളുടെ അഭിപ്രായങ്ങള്‍ രേഖപ്പെടുത്തൂ