ഒരു ജാപ്പനീസ് വീരഗാഥ

FILE PHOTO: Soccer Football - International Friendly - Brazil vs Japan - Stade Pierre-Mauroy, Lille, France - November 10, 2017 Japan team group REUTERS/Yves Herman/File Photo

ലോക റാങ്കിങ്ങിൽ മൂന്നാം സ്ഥാനക്കാരായ ചുവന്ന ചെകുത്താന്മാരെ അവസാന ശ്വാസം വരെ മുൾമുനയിൽ നിർത്തിയാണ് 61ആം റാങ്കുകാരായ നീലസമുറായികൾ പൊരുതി വീണത്…റഷ്യൻ ലോകകപ്പ് കണ്ട ഏറ്റവും ആവേശഭരിതമായ മത്സരത്തിൽ, ബെൽജിയത്തിന്റെ അതിവേഗ ഫുട്ബോളിന് അതെ നാണയത്തിൽ തന്നെ മറുപടി നൽകിയാണ് ഏഷ്യൻ വൻകരയുടെ മുഴുവൻ അഭിമാനമായ ജപ്പാൻ കളം വിട്ടത്..

ശാരീരിക പരിമിതികളെ കഠിനാധ്വാനവും ചങ്കുറപ്പും കൈമുതലാക്കിയാണ് ജപ്പാൻ ഫുട്ബോൾ മറികടന്നത്… നാം ഇന്ന് കാണുന്ന ഏഷ്യൻ രാജാക്കന്മാരായ ജപ്പാൻ ഫുട്ബോൾ ടീമിന് 30 വർഷത്തെ മികവിന്റെ ചരിത്രമെ അവകാശപെടാനുള്ളൂ…

1970കളിൽ ഏഷ്യൻ റാങ്കിങ്ങിൽ ഇന്ത്യയേക്കാൾ താഴെ ആയിരുന്നു നീല സമുറായികളുടെ സ്ഥാനം…90കളുടെ തുടക്കത്തിൽ രാജ്യത്തെ ഫുട്ബോൾ രംഗം പ്രൊഫഷനലൈസ് ചെയ്യുക എന്ന ഉദ്ദേശത്തോടെ ‘ജെ ലീഗ്’ നിലവിൽ വന്നതോടെയാണ് കാര്യങ്ങൾ മാറി തുടങ്ങിയത്…

ബ്രസീലിയൻ ഇതിഹാസം സീക്കോ ഉൾപ്പെടെയുള്ള ലോകോത്തര ഫുട്ബോൾ താരങ്ങളുടെ ശിക്ഷണവും സാന്നിദ്ധ്യവും ജാപ്പനീസ് ഫുട്ബോളിന് പുത്തൻ ദിശാബോധം നൽകി. ജെ ലീഗ് ക്ലബുകളിലൂടെ, സോക്കർ സ്‌കൂളുകളിലൂടെ വാർത്തെടുക്കപ്പെട്ടത് ഒട്ടനവധി പ്രതിഭകളാണ്….

1998ൽ കന്നി ലോകകപ്പിൽ ബൂട്ടണിഞ്ഞ ഉദയ സൂര്യന്റെ നാട്ടുകാർ പിന്നീട് തിരിഞ്ഞു നോക്കിയിട്ടില്ല…2018 വരെ തുടർച്ചയായി എല്ലാ ലോകകപ്പിലും ജപ്പാൻ കളിച്ചു. 2002ൽ സ്വന്തം നാട്ടിൽ അരങ്ങേറിയ ഫുട്ബോൾ മാമാങ്കത്തിൽ പ്രീക്വാർട്ടർ വരെ മുന്നേറിയ അവർ 2010ലും അവസാന 16ൽ ഇടം പിടിച്ചു.

ചിര വൈരികളായ ദക്ഷിണ കൊറിയയിൽ നിന്ന് വിഭിന്നമായി പോസിറ്റീവ് ഫുട്ബോൾ കളിക്കുന്ന ടീമാണ് ജപ്പാൻ….അതിവേഗ ആക്രമണോത്സുക ശൈലിയാണ് പഥ്യം…
പ്രതിരോധ പൂട്ടൊരുക്കി കടിച്ചു തൂങ്ങുന്ന കൊറിയയുടെ രസം കൊല്ലി ഗെയിം അല്ലെന്ന് ചുരുക്കം…

ആത്മവിശ്വാസവും ചിട്ടയായ പരിശീലനവും ഉണ്ടെങ്കിൽ കാൽപ്പന്ത് കളിയിൽ അത്ഭുതം സൃഷ്ടിക്കാം എന്ന് കാണിച്ചു തന്ന രാജ്യമാണ് ജപ്പാൻ

ഹിദതോഷി നകാത്ത, ജുനിച്ചി ഇനാമോട്ടോ, കെയ്‌സുകെ ഹോണ്ട, ഷിൻജി കഗാവ തുടങ്ങി എത്ര ലോകോത്തര താരങ്ങളെയാണ് ജപ്പാൻ സംഭാവന നൽകിയത്…. ഇറ്റാലിയൻ, ഇംഗ്ലീഷ്, ജർമ്മൻ ലീഗുകളിൽ വമ്പന്മാരോട് കട്ടയ്ക്ക് മുട്ടുന്ന ഈ കുഞ്ഞൻ കളിക്കാരോട് പ്രത്യേക ആരാധന തന്നെ തോന്നും…

ജപ്പാൻ ഫുട്ബോൾ ടീമിന്റെ വിജയഗാഥ സ്പെഷ്യൽ ആണ്…. മാതൃകയാകേണ്ട മോഡൽ

നിലിൻ

കടപ്പാട്
FTGT Pen Revolution