അഭിമന്യുവിനെ ഓര്‍ത്ത്, ജീവിക്കുന്ന രക്തസാക്ഷി സൈമണ്‍ ബ്രിട്ടോയുടെ ഭാര്യ സീന

കൊച്ചി : എതിരാളികളുടെ ‘പത്മവ്യൂഹ’ത്തില്‍പ്പെട്ട് പിടഞ്ഞ് വീണ ധീര രക്തസാക്ഷി അഭിമന്യുവിനെ ഓര്‍ത്ത്, ജീവിക്കുന്ന രക്തസാക്ഷി സൈമണ്‍ ബ്രിട്ടോയുടെ ഭാര്യ സീന . .

എസ്.എഫ്.ഐ മുന്‍ സംസ്ഥാന കമ്മറ്റി അംഗം കൂടിയായ സീനയുടെയും ബ്രിട്ടോയുടെയും വീട്ടില്‍ ഒരു കുടുംബത്തെ പോലെ കഴിഞ്ഞ ആ വിദ്യാര്‍ത്ഥിയെ സ്മരിച്ച് സീന എഴുതിയ കുറിപ്പ് സോഷ്യല്‍ മീഡിയകളില്‍ വൈറലായിരിക്കുകയാണിപ്പോള്‍.

സൈമണ്‍ ബ്രിട്ടോയുടെ ഭാര്യ സീനയുടെ കുറിപ്പ്:

സഖാവ് അഭി വീണ്ടും വീണ്ടും കരയിപ്പിക്കുന്നു ..മറ്റൊന്നും എഴുതാൻ തോന്നുന്നില്ല ..

വയറ് നിറഞ്ഞ് ആഹാരം കഴിക്കുന്നൊരു ജീവിതം നേടിയെടുക്കും മുന്നേയാണ് അവനെയവര്‍ കൊന്നു കളഞ്ഞത്!

എത്രയോ രക്തസാക്ഷികളുടെ വീടുകളില്‍ പോയിരിക്കുന്നു, പക്ഷേ അന്നൊന്നും തോന്നാത്തയത്ര വേദനയാണ് ഈ ക്യാമ്പസില്‍ ഇപ്പോള്‍ നില്‍ക്കുമ്പോള്‍ എനിക്കുള്ളത്. അവനത്രയ്ക്ക് പാവമായിരുന്നു. ജീവിതത്തെ ഒരുപാട് സ്‌നേഹിച്ചവന്‍. ഒട്ടും കൊതി തീരാതെയാണവന്‍ പോയത്…

ബ്രിട്ടോയുടെ യാത്ര വിവരണം കേട്ടെഴുതിയെടുക്കുന്നതിനു വേണ്ടിയായിരുന്നു അഭി വീട്ടില്‍ വരുന്നത്. പിന്നെയവന്‍ ഞങ്ങളുടെ കൂട്ടത്തില്‍ ഒരാളായി മാറി. ബ്രിട്ടോയെപോലൊരാളുടെ കൂടെ നില്‍ക്കണമെങ്കില്‍ അപാരമായ ക്ഷമാശക്തിയും സഹനവും വേണം. പക്ഷേ, അഭി ബ്രിട്ടോയെ കീഴടക്കുകയായിരുന്നു. അവന്റെ പെരുമാറ്റവും ആളുകളോടുള്ള ഇടപെടലും കൊണ്ട് ആരെയും അവന്‍ കീഴടക്കും. പിന്നെയവന്റെ എഴുത്ത്. അതൊരു അത്ഭുതമായിരുന്നു. തമിഴ് പശ്ചാത്തലത്തില്‍ നിന്നും വന്നൊരാളാണ്, പഠിച്ചതും തമിഴ മീഡിയത്തില്‍. മലയാളം അവന്‍ പിന്നീട് പഠിച്ചെടുക്കുകയായിരുന്നു. നല്ല വൃത്തിയായി വലുതാക്കി അവന്‍ എഴുതും. ആ കൈയക്ഷരം കണ്ടാല്‍ അവന്റെ പശ്ചാത്തലം അറിയുന്നവര്‍ ആണെങ്കില്‍ തീര്‍ച്ചായും അത്ഭുതപ്പെടും. ബ്രിട്ടോയുടെ സംസാരം വേഗത്തിലാണ്. അതു പിന്‍തുടര്‍ന്ന് എഴുതിയെടുക്കുക എന്നതു സാധാരണക്കാര്‍ക്ക് ബുദ്ധിമുട്ടാണ്. അഭി പക്ഷേ, അതേ വേഗത്തില്‍ എഴുതും. അതും മനോഹരമായി. ബ്രിട്ടോ തന്നെ പലവട്ടം അതേക്കുറിച്ച് പറഞ്ഞിട്ടുണ്ട്.
ആഴ്ച്ചയില്‍ മൂന്നു ദിവസത്തോളം അഭി ഞങ്ങളുടെ വീട്ടില്‍ എത്തും. വ്യാഴം മുതല്‍ ശനി വരെ കാണും. ഞായര്‍ വീട്ടില്‍ പോകും. ഈ ദിവസങ്ങളില്‍ അവന് സന്തോഷമാണെന്നു പറയും. കാരണം, മൂന്നു ദിവസത്തോളം ഞങ്ങളുടെ വീട്ടില്‍ നിന്നും കഴിക്കാം, പിന്നെയവന്‍ അവന്റെ വീട്ടില്‍ പോകും. തിങ്കളാഴ്ച വരുമ്പോള്‍ വീട്ടില്‍ നിന്നും ചോറു പൊതിഞ്ഞു കൊണ്ടുവരും. വയറ് നിറച്ച് ആഹാരം കഴിക്കാന്‍ കഴിവില്ലാത്തൊരു കുഞ്ഞായിരുന്നു അഭി. അതവന്‍ പറഞ്ഞിട്ടുണ്ട്. ജീവിതത്തില്‍ ഞനെന്റെ വയറ് നിറഞ്ഞ് ഭക്ഷണം കഴിച്ചിട്ടില്ല ചേച്ചീയെന്ന്… അഭിയെ പോലുള്ള കുട്ടികള്‍ വീട്ടില്‍ വരുമ്പോള്‍ ബ്രിട്ടോ പറയും അവര്‍ക്ക് എന്തെങ്കിലും ഇറച്ചിയോ മറ്റോ വാങ്ങി വച്ചു കൊടുക്കാന്‍. അഭി അപ്പോഴും ചോദിച്ചിരുന്നത് എന്തിനാ ചേച്ചി ചിക്കനൊക്കെ വാങ്ങി കാശ് കളയുന്നതെന്നാണ്. കറി വേണ്ടേടാ എന്നു തിരിച്ചു ചോദിച്ചാല്‍, ഞങ്ങള്‍ പലപ്പോഴും പച്ചച്ചോറാണ് ചേച്ചീ കഴിക്കണതെന്നായിരുന്നു അവന്റെ ചിരിയോടെയുള്ള മറുപടി…അങ്ങനെ വളര്‍ന്നു വന്നൊരു കുഞ്ഞിനെയാണ്…