രാമക്ഷേത്രം പണിയാം എന്ന് പറഞ്ഞ് ശേഖരിച്ച കല്ലും പണവും എവിടെ; ബി.ജെ.പിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി കുമാരസ്വാമി

ബംഗളൂരു: ബി.ജെ.പിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി കുമാരസ്വാമി. രാമക്ഷേത്ര വിഷയത്തിലാണ് ബി.ജെ.പിയെ വിമര്‍ശിച്ച് കര്‍ണാടക മുഖ്യമന്ത്രി എച്ച്.ഡി കുമാരസ്വാമി പ്രസ്ഥാവന നടത്തിയത്. ആഹ്വാനം ചെയ്ത് വര്‍ഷങ്ങള്‍ കഴിഞ്ഞിട്ടും രാമക്ഷേത്രം പണിയാത്ത ബി.ജെ.പി നിലപാടിനെ കുമാരസ്വാമി നിയമസഭയില്‍ ചോദ്യം ചെയ്തു പദയാത്ര നടത്തി രാമക്ഷേത്രം പണിയുമെന്ന് ബി.ജെ.പി പറയും. എന്നിട്ട് കല്ലുകളും പണവും ശേഖരിക്കും. പിന്നീട് കല്ലുകള്‍ വലിച്ചെറിഞ്ഞ് പണം ബി.ജെ.പി നേതാക്കള്‍ സ്വന്തം പോക്കറ്റിലാക്കുമെന്നുമാണ് കുമാരസ്വാമി പറഞ്ഞത്.

1999ന് ശേഷം രണ്ട് തവണ ബി.ജെ.പി അധികാരത്തിലെത്തിയിട്ടുണ്ട്. രണ്ട് തവണയും രാമക്ഷേത്രം നിര്‍മിക്കുന്നതിനുള്ള ഒരു പ്രവര്‍ത്തനവും അവരില്‍ നിന്ന് ഉണ്ടായില്ലെന്ന് കുമാരസ്വാമി ചൂണ്ടിക്കാട്ടി. എന്നാല്‍, 2006ല്‍ ബി.ജെ.പിയുമായി ജനതാദള്‍ സഖ്യമുണ്ടാക്കിയതിനെ ഓര്‍മിപ്പിച്ചായിരുന്നു കുമാരസ്വാമിയുടെ ആരോപണങ്ങള്‍ക്ക് കര്‍ണാടകയിലെ ബി.ജെ.പി എം.എല്‍.സി മറുപടി പറഞ്ഞത്.

അതേ സമയം, രാമക്ഷേത്രത്തിനായി ശേഖരിച്ച കല്ലുകളെ സംബന്ധിച്ച പ്രസ്താവന ആരെയെങ്കിലും വേദനിപ്പിച്ചിട്ടുണ്ടെങ്കില്‍ പിന്‍വലിക്കാന്‍ തയാറാണ്. പക്ഷേ ക്ഷേത്ര നിര്‍മാണത്തിനായി പിരിച്ചെടുത്ത പണം എവിടെ പോയെന്ന് ബി.ജെ.പി വ്യക്തമാക്കണമെന്നും കുമാരസ്വാമി ആവശ്യപ്പെട്ടു