അഴിമതി കേസ്: പാക് മുന്‍ പ്രധാനമന്ത്രി നവാസ് ഷെരീഫിന് 10 വര്‍ഷം തടവ്

കറാച്ചി: പാക് മുന്‍ പ്രധാനമന്ത്രിയും പാകിസ്താന്‍ മുസ്‌ലിം ലീഗ് നേതാവുമായ നവാസ് ഷെരീഫിന് 10 വര്‍ഷം തടവ്. അഴിമതിക്കേസില്‍ പാകിസ്താനിലെ അക്കൗണ്ടബിലിറ്റി കോടതിയാണ് ശിക്ഷ വിധിച്ചത്. ശരീഫിനെ കൂടാതെ മകള്‍ മറിയം ഷെരീഫിന് ഏഴ് വര്‍ഷവും മരുമകന്‍ റിട്ട. ലഫ്റ്റനന്റ് മുഹമ്മദ് സഫ്ദറിന് ഒരു വര്‍ഷവും തടവ് ശിക്ഷ വിധിച്ചു. തടവ് ശിക്ഷക്കൊപ്പം ശരീഫിന് 8 മില്യണ്‍ പൗണ്ടും മറിയത്തിന് 2 മില്യണ്‍ പൗണ്ട് പിഴ ശിക്ഷയും വിധിച്ചിട്ടുണ്ട്.

ശരീഫിനും കുടുംബത്തിനുമെതിരെ അഴിമതി, കള്ളപ്പണം വെളുപ്പിക്കല്‍ എന്നിവയുമായി ബന്ധപ്പെട്ട് നാഷനല്‍ അക്കൗണ്ടബിലിറ്റി ബ്യൂറോ മൂന്നു കേസുകളാണ് രജിസ്റ്റര്‍ ചെയ്തിരുന്നത്. അവന്‍ഫീല്‍ഡ് അഴിമതി കേസുമായി ബന്ധപ്പെട്ടാണ് ഷെരീഫിനെതിരെ ശിക്ഷ വിധിച്ചിരിക്കുന്നത്. പാനമ പേപ്പേഴ്‌സ് പുറത്തുവിട്ട അഴിമതി വിവാദത്തില്‍ കുരുങ്ങിയതിനെ തുടര്‍ന്ന് ജൂലൈ 28ന് പാക് സുപ്രീംകോടതി നവാസ് ശരീഫിനെ അയോഗ്യനായി പ്രഖ്യാപിച്ചിരുന്നു.

തുടര്‍ന്ന്, പ്രധാനമന്ത്രിപദത്തില്‍നിന്ന് അദ്ദേഹം രാജിവെച്ചു. കൂടാതെ തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്നതില്‍ നിന്ന് ആജീവനാന്ത വിലക്കും ഏര്‍പ്പെടുത്തിയിട്ടുണ്ട്. എന്നാല്‍, തനിക്കെതിരായ ആരോപണങ്ങള്‍ നിഷേധിച്ച ഷെരീഫ് അതെല്ലാം രാഷ്ട്രീയ ലക്ഷ്യം വെച്ചുള്ളതാണെന്ന് വാദിച്ചിരുന്നു. ഈ വര്‍ഷം ജൂലൈ അവസാനവാരം പാകിസ്താനില്‍ പൊതു തെരെഞ്ഞെടുപ്പ് നടക്കാനിരിക്കെ സഹോദരന്‍ ഷഹബാസിനെ നവാസ് ഷെരീഫ് പിന്‍ഗാമിയായി പ്രഖ്യാപിച്ചിരുന്നു. തൊണ്ടയില്‍ കാന്‍സര്‍ ബാധിച്ച് ലണ്ടനില്‍ ഗുരുതരാവസ്ഥയില്‍ ചികിത്സയില്‍ കഴിയുന്ന ഭാര്യ കുല്‍സുവിനൊപ്പമാണ് ഷെരീഫും കുടുംബവും താമസിക്കുന്നത്.

പാനമ അഴിമതിക്കേസുമായി ബന്ധപ്പെട്ട് നവാസ് ഷെരീഫിനെതിരെ പാകിസ്താന്‍ അഴിമതി വിരുദ്ധ കോടതി അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ചിരുന്നു. പലതവണ നോട്ടീസ് നല്‍കിയിട്ടും കോടതിയില്‍ ഹാജരാകാത്തതിനെ തുടര്‍ന്നാണു നടപടി. അതേസമയം ഭാര്യ ലണ്ടനില്‍ ചികിത്സയില്‍ ആയതിനാല്‍ കോടതിയില്‍ നേരിട്ട് ഹാജരാകുന്നതിന് ഇളവ് അനുവദിക്കണമെന്ന ഷെരീഫിന്റെ അഭ്യര്‍ഥന കോടതി തള്ളി.

പാക് നിയമം അനുസരിച്ച് വിദേശത്തുനിന്ന് മടങ്ങിവന്നാലുടന്‍ ഷെരീഫിനെ അറസ്റ്റു ചെയ്യാന്‍ സാധിക്കും. അല്ലെങ്കില്‍ നവംബര്‍ മൂന്നിനു മുന്‍പ് ജാമ്യം നേടേണ്ടിവരും. പാനമ രേഖകളിലെ വെളിപ്പെടുത്തലുകളുടെ അടിസ്ഥാനത്തില്‍ പാക് സുപ്രീംകോടതി ജൂലൈ 28ന് ആണു നവാസ് ഷെരീഫിനെ അയോഗ്യനാക്കിയത്.

2016 നവംബറിലാണു പാകിസ്താന്‍ സുപ്രീം കോടതി അന്വേഷണത്തിന് ഉത്തരവിട്ടത്. ഇതേത്തുടര്‍ന്നു കഴിഞ്ഞ ഏപ്രിലില്‍ കോടതി സംയുക്ത അന്വേഷണ സംഘം (ജെഐടി) രൂപീകരിച്ചു. ജെഐടിയുടെ അന്വേഷണ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണു സുപ്രീംകോടതി ബെഞ്ച് വാദം കേള്‍ക്കാന്‍ തുടങ്ങിയത്.

നിങ്ങളുടെ അഭിപ്രായങ്ങള്‍ രേഖപ്പെടുത്തൂ