ദേശീയതലത്തില്‍ കോണ്‍ഗ്രസും സിപിഐഎമ്മും ഒന്നിച്ചു നീങ്ങേണ്ടതിന്റെ പ്രാധാന്യം ഓര്‍മിപ്പിച്ച് എ.കെ ആന്റണി

ന്യൂഡല്‍ഹി: സി.പി.ഐ.എം കേന്ദ്രകമ്മിറ്റി യോഗത്തില്‍ പങ്കെടുക്കാന്‍ പുറപ്പെട്ട മുഖ്യമന്ത്രി പിണറായി വിജയനോട് കോണ്‍ഗ്രസും സി.പി.ഐ.എമ്മും ദേശീയതലത്തില്‍ ഒന്നിച്ചു നീങ്ങേണ്ടതിന്റെ പ്രാധാന്യം ഓര്‍മിപ്പിച്ച് മുന്‍ മുഖ്യമന്ത്രി എ.കെ. ആന്റണി. മുഖ്യമന്ത്രിയും സുഹൃത്തുക്കളും അവരുടെ പാര്‍ട്ടി നേതൃയോഗത്തില്‍ പങ്കെടുക്കാന്‍ പോവുകയാണ്. എനിക്ക് കൂടുതലൊന്നും പറയാനില്ല. ഇന്ത്യന്‍ രാഷ്ട്രീയത്തിന്റെ ഇപ്പോഴത്തെ പോക്ക് സര്‍വനാശത്തിലേക്കാണ്. മൗലികാവകാശങ്ങള്‍ പോലും ചോദ്യം ചെയ്യപ്പെടുമ്പോള്‍ പാര്‍ട്ടികള്‍ക്ക് ഒറ്റക്കുനിന്ന് ചെറുക്കുക സാധ്യമല്ല. ഇന്ത്യ പഴയ ഇന്ത്യയാകണം. പോംവഴി എല്ലാവരും ചേര്‍ന്ന് ആലോചിക്കണം.സര്‍വനാശത്തിലേക്കുള്ള പോക്ക് തടയാന്‍ എല്ലാവരും അവരവരുടെ പങ്ക് വഹിക്കണം ആന്റണി പറഞ്ഞു.

പ്രമുഖ പത്രപ്രവര്‍ത്തകന്‍ ടി.വി.ആര്‍. ഷേണായിയെക്കുറിച്ച പുസ്തകത്തിന്റെ പ്രകാശന ചടങ്ങായിരുന്നു വേദി. പിണറായി വേദിയിലിരിക്കേ, പിന്നാലെ പ്രസംഗിച്ച സി.പി.ഐ.എം പോളിറ്റ് ബ്യൂറോ അംഗം എം.എ. ബേബിയാണ് ആന്റണിക്ക് മറുപടി പറഞ്ഞത്. പല രാഷ്ട്രീയ കാഴ്ചപ്പാടുകള്‍ പ്രകടിപ്പിക്കുമ്പോള്‍ പോലും സഹവര്‍ത്തിത്വം ഉയര്‍ത്തിപ്പിടിച്ച് ഒന്നിച്ചുനീങ്ങാന്‍ കഴിയുക എന്നതാണ് പ്രധാനമെന്ന് ബേബി പറഞ്ഞു.

നിലവിലെ ദേശീയ രാഷ്ട്രീയ സംഘര്‍ഷങ്ങളില്‍നിന്ന് മതനിരപേക്ഷതയിലും ജനസൗഹാര്‍ദത്തിലും ഊന്നിയ പൊതുമണ്ഡലം രൂപപ്പെട്ടു വരണമെന്ന് ആന്റണിക്കു മുമ്പ് പ്രസംഗിച്ച മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. വ്യത്യസ്ത അഭിപ്രായങ്ങള്‍ പ്രകടിപ്പിക്കാനുള്ള ഇടങ്ങള്‍ ചുരുങ്ങി. വിരുദ്ധാഭിപ്രായം പറയുന്നവരെ നിശ്ശബ്ദമാക്കുന്ന ചുറ്റുപാട് മാറണം. നിര്‍ഭയമായി സ്വന്തം ബോധ്യം സമൂഹത്തിനു മുമ്പില്‍ അവതരിപ്പിക്കാന്‍ പറ്റുന്ന സാഹചര്യം വീണ്ടെടുക്കാന്‍ കഴിയണം പിണറായി ചൂണ്ടിക്കാട്ടി.

എ.കെ. ആന്റണിക്ക് ആദ്യ കോപ്പി നല്‍കി പിണറായി വിജയന്‍ പുസ്തകം പ്രകാശനം ചെയ്തു. കേരള മീഡിയ അക്കാദമിയാണ് പുസ്തകം പുറത്തിറക്കിയത്. ടി.വി.ആര്‍. ഷേണായിയുടെ ഭാര്യ സരോജ ഷേണായി, അക്കാദമി ചെയര്‍മാന്‍ ആര്‍.എസ്. ബാബു, മുഖ്യമന്ത്രിയുടെ മാധ്യമ ഉപദേഷ്ടാവ് ജോണ്‍ ബ്രിട്ടാസ്, ഡി. വിജയമോഹന്‍, സുധീര്‍നാഥ് തുടങ്ങിയവര്‍ പങ്കെടുത്തു.

നിങ്ങളുടെ അഭിപ്രായങ്ങള്‍ രേഖപ്പെടുത്തൂ