ഫോമയുടെ 2020-22 ജനറൽ സെക്രട്ടറി സ്ഥാനാർത്ഥിയായി ടി.ഉണ്ണികൃഷ്ണനെ നാമനിർദ്ദേശം ചെയ്തു

ഫ്ലോറിഡ: ഫോമയുടെ ആരംഭകാലം മുതൽ ഫോമയുടെ സജീവ സാന്നിധ്യമായ ടി.ഉണ്ണികൃഷ്ണനെ (ഫ്ലോറിഡ) മാതൃസംഘടനയായ മലയാളി അസ്സോസിയേഷൻ ഓഫ് സെൻട്രൽ ഫ്ലോറിഡ (എം.എ.സി.എഫ് )ജനറൽ സെക്രട്ടറി സ്ഥാനത്തേക്ക് നാമനിർദ്ദേശം ചെയ്തു.
മലയാളി അസ്സോസിയേഷൻ ഓഫ് സെൻട്രൽ ഫ്ലോറിഡയുടെ 2006 ലെ ഡയറക്ടർ ബോർഡ് അംഗം, 2009 ൽ വൈസ് പ്രസിഡന്റ്, 2010 ൽ പ്രസിഡന്റ് 2014 മുതൽ ട്രസ്റ്റി ബോർഡ് ചെയർമാൻ എന്നീ നിലകളിൽ സേവനമനുഷ്ടിച്ചിട്ടുള്ള ഉണ്ണികൃഷ്ണന്റെ സംഘടനാ പ്രവർത്തനങ്ങൾ എം.എ.സി.എഫ് നെ അമേരിക്കൻ മലയാളി സംഘടനകളുടെ പ്രവർത്തനങ്ങളിൽ മുൻനിരയിൽ നിലനിർത്തുവാൻ പ്രധാന പങ്കുവഹിച്ചിട്ടുണ്ടെന്ന് പ്രസിഡന്റ് സജി കരിമ്പന്നൂർ പ്രസ്താവിച്ചു.

2006-2008 ൽ ഫോമയുടെ ആരംഭ സമയത്ത് യൂത്ത് കമ്മിറ്റി മെമ്പറായി പ്രവർത്തനമാരംഭിച്ച ഉണ്ണികൃഷ്ണന്റെ സംഘടനാ പ്രവർത്തനങ്ങൾ എല്ലാവരാലും ശ്രദ്ധിക്കപ്പെട്ടിട്ടുണ്ട്. 2007 ൽ ചിക്കാഗോയിൽ നടന്ന ഫോമാ നാഷണൽ യൂത്ത് ഫെസ്റ്റിവൽ ജനറൽ കൺവീനർ, 2008 കേരളത്തിൽ നടത്തിയ ഫോമാ കേരളാ കൺവൻഷൻ കോ-ഓർഡിനേറ്റർ, 2008-09 ഫോമാ യൂത്ത് ഫെസ്റ്റിവൽ നാഷണൽ കോ-ചെയർമാൻ തുടങ്ങിയവയിലെ പ്രവർത്തനത്തിലൂടെ സാംസ്കാരിക സാമൂഹ്യ രംഗത്ത് ഏവർക്കും സർവ്വസമ്മതനായ വ്യക്തിത്വത്തിന് ഉടമയാണ്.

ഉണ്ണികൃഷ്ണനെ പോലെ മികച്ച സംഘടനാ പാരമ്പര്യമുള്ളവർ ഫോമയുടെ സെക്രട്ടറി പദവിയിലേക്ക് തെരഞ്ഞെടുക്കപ്പെടേണ്ടത് കാലഘട്ടം ആവശ്യപ്പെടുന്ന കാര്യമാണെന്ന് ജയിംസ് ഇല്ലിക്കൽ അഭിപ്രായപ്പെട്ടു.

ഫോമയിലെ ഏറ്റവും മികച്ച മലയാളി അസ്സോസിയേഷനുള്ള അവാർഡ് നേടിയ എം.എ. സി.എഫിനെ അമേരിക്കയിലെ മികച്ച മലയാളി സംഘടനയാക്കി മാറ്റുന്നതിൽ ഉണ്ണിക്കൃഷ്ണൻ വലിയ പങ്കുവഹിച്ചിട്ടുണ്ടെന്ന് സെക്രട്ടറി ടിറ്റോ ജോൺ പറഞ്ഞു.
കഴിഞ്ഞ ഒരു ദശാബ്ദക്കാലത്തിലധികമായി റ്റാമ്പായിലെ എല്ലാ മലയാളി പരിപാടികളിലും നിറസാന്നിധ്യമായിരുന്ന ഉണ്ണികൃഷ്ണൻ ഫോമയുടെ ജനറൽ സെക്രട്ടറിയായി ലഭിക്കുന്നത് സംഘടനയ്ക്ക് ഗുണം നൽകും .പാനലിനൊന്നുമില്ലന്നും ഇപ്പോൾ സ്വതന്ത്രനായിട്ടാണ് മത്സരിക്കുന്നതെന്നും ഉണ്ണികൃഷ്ണൻ പറഞ്ഞു. ഫോമ കുടുബത്തിലെ എല്ലാ അംഗങ്ങളുമായി നല്ല ബന്ധം കാത്തു സൂക്ഷിക്കുന്നു. എല്ലാവരേയും ഒരു കുടക്കീഴിൽ അണിനിരത്തി ഫോമയെ വളർത്തുകയാണ് തന്റെ ലക്ഷ്യം എന്ന് അദ്ദേഹം അറിയിച്ചു.