തിരുവനന്തപുരത്ത് വൈറോളജി സെന്റര്‍ 2019- ജനുവരിയില്‍: മുഖ്യമന്ത്രി

ബാള്‍ട്ടിമൂര്‍: 2019 ജനുവരിയില്‍ തിരുവനന്തപുരത്തിനടുത്ത് തോന്നയ്ക്കലില്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് അഡ്വാന്‍സ്ഡ് വൈറോളജി സെന്റര്‍ ഉദ്ഘാടനം ചെയ്യുമെന്നു മുഖ്യമന്ത്രി പിണറായി വിജയന്‍ അറിയിച്ചു. വൈറസ് രോഗങ്ങള്‍ സംബന്ധിച്ചുള്ള ഗവേഷണത്തിന് ലോകത്തിലാദ്യമായി സ്ഥാപിതമായ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് ഹ്യൂമന്‍ വൈറോളജിയില്‍ മുഖ്യമന്ത്രിക്കും ആരോഗ്യമന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ക്കും നല്‍കിയ സ്വീകരണത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

എയ്ഡ്‌സിനു കാരണമായ എച്ച്.ഐ.വി വൈറസ് 1984ല്‍ കണ്ടുപിടിച്ചവരില്‍ ഒരാളായ ഡോ. ഗാലോ ക്ഷണം സ്വീകരിക്കുകയും ഐ.എ.വിയുടെ ഡയറക്ടറേയും ഗവേഷകരേയും കണ്ടെത്താന്‍ സഹായിക്കുമെന്നും പറഞ്ഞു.

ഇരുപത്തൊന്നു വര്‍ഷത്തിനുശേഷം അമേരിക്കയിലെത്തിയ മുഖ്യമന്ത്രി പിണറായിയുടെ ആദ്യ ഔദ്യോഗിക ചടങ്ങായിരുന്നു ഇത്. ഇന്‍സ്റ്റിറ്റിയൂട്ടിലെത്തിയ മുഖ്യമന്ത്രിയേയും ആരോഗ്യമന്ത്രിയേയും ഡോ. ഗാലോയും മറ്റ് ഉദ്യോഗസ്ഥരും ചേര്‍ന്ന് സ്വീകരിച്ചു. തുടര്‍ന്നു ശാസ്ത്രജ്ഞരുമായി മുഖ്യമന്ത്രിയും ആരോഗ്യമന്ത്രിയും തനിച്ച് ചര്‍ച്ച നടത്തി. അതിനുശേഷം നടത്തിയ പൊതുസമ്മേളനത്തില്‍ ഇന്‍സ്റ്റിറ്റിയൂട്ട് സ്റ്റാഫും ഏതാനും മലയാളികളും എംബസിയില്‍ നിന്നുള്ള മിനിസ്റ്റര്‍ അരുണിഷ് ചാവ്‌ലയും പങ്കെടുത്തു.

ഏറ്റവും ഫലപ്രദവും ചെലവ് കുറഞ്ഞതുമായ ചികിത്സ ലഭ്യമാക്കുകയാണ് ഗവേഷണ സ്ഥാപനത്തിലൂടെ ലക്ഷ്യമിടുന്നത്. ഐ.എച്ച്.വിയുമായി സഹകരിച്ച് പ്രവര്‍ത്തിക്കാന്‍ താത്പര്യമുണ്ടെന്നദ്ദേഹം പറഞ്ഞു.

ശാസ്ത്രജ്ഞരുമായി നടത്തിയ ചര്‍ച്ചയില്‍ ഡോ. ഗാലോ ഗ്ലോബല്‍ വൈറസ് നെറ്റ് വര്‍ക്കിന്റെ പ്രവര്‍ത്തനം വിവരിച്ചു. 28 രാജ്യങ്ങളിലായി 44 സെന്ററുകള്‍ പ്രവര്‍ത്തിക്കുന്നു. കേരളത്തിലെ സെന്റര്‍ ആയിരിക്കും അടുത്തത്.

ഫോമാ മുന്‍ സെക്രട്ടറിമാരായ ജിബി തോമസ്, ബിനൊയ് തോമസ്, ട്രഷ്രറര്‍ ഷിനു ജോസഫ്, ഡോ. പദ്മനാഭന്‍ നായര്‍, സുരേഷ് രാജ്, വിന്‍സന്റ് ഇമ്മാനുവല്‍ , ജോസ് കാടാപ്പുറം, അരുണ്‍ കോവാട്ട്, ഡോ. ശാര്‍ങ്ങ്ധരന്‍, ഡോ ജേക്കബ് തോമസ്, ഡോ. ജോസ് കാനാട്ട്, വനിതാ കമ്മീഷനംഗം ഷാഹിദ കമാല്‍,നോര്‍ക്ക വൈസ് ചെയര്‍ വരദരാജന്‍, തുടങ്ങിയവര്‍ പങ്കെടുത്തു. 

നിങ്ങളുടെ അഭിപ്രായങ്ങള്‍ രേഖപ്പെടുത്തൂ