ജലന്ധര്‍ ബിഷപ്പിനെതിരായ കേസ്: രാഷ്ട്രീയ പാര്‍ട്ടികള്‍ കേസ് അട്ടിമറിക്കാന്‍ ശ്രമിക്കുന്നു

കൊച്ചി: കന്യാസ്ത്രീയെ ലൈംഗികമായി പീഡിപ്പിച്ചെന്ന പരാതിയില്‍ ജലന്ധര്‍ രൂപതാ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെതിരെ കന്യാസ്ത്രീയുടെ സഹോദരന്‍ രംഗത്ത്. ബിഷപ്പിനെതിരായ കേസ് അട്ടിമറിക്കാന്‍ ശ്രമിക്കുന്നുവെന്ന് സഹോദരന്‍ വ്യക്തമാക്കി. ഉന്നത പൊലീസ് ഉദ്യോഗസ്ഥരുടെ ഇടപെടലിനെ തുടര്‍ന്ന് കേസ് വൈകുന്നുവെന്നും സഹോദരന്‍ പറഞ്ഞു. കൂടാതെ രാഷ്ട്രീയ പാര്‍ട്ടികള്‍ കേസ് അട്ടിമറിക്കാന്‍ ശ്രമിക്കുന്നുവെന്നും സഹോദരന്‍ വ്യക്തമാക്കി. ബിഷപ്പിന്റെ രാഷ്ട്രീയ സ്വാധീനത്തില്‍ ഇത്രയും ദിവസമായിട്ടും പൊലീസ് ബിഷപ്പിനെ ചോദ്യം ചെയ്തിതിട്ടില്ലെന്നും സഹോദരന്‍ പറഞ്ഞു.

ഇരയെ അപമാനിക്കുന്നവര്‍ക്കെതിരെ കേസെടുക്കണമെന്നും സഭാ പരാതിക്കാരിയായ കന്യാസ്ത്രീയെ ഒറ്റപ്പെടുത്തുന്നുവെന്നും സഹോദരന്‍ വ്യക്തമാക്കി. അതേസമയം, കര്‍ദിനാളുമായി കന്യാസ്ത്രീ പതിനഞ്ച് മിനിറ്റോളം സംസാരിച്ചുവെന്നും എന്താണ് സംസാരിച്ചതെന്ന് കര്‍ദിനാള്‍ വെളിപ്പെടുത്തണമെന്നും സഹോദരന്‍ പറഞ്ഞു.

അതേസമയം, ലൈംഗിക പീഡന പരാതി നല്‍കിയ കന്യാസ്ത്രീക്ക് പുറമെ നിരവധിപ്പേര്‍ ബിഷപ്പിനെതിരെ പരാതിയുമായി എത്തിയിരുന്നു. കൂടാതെ ബിഷപ്പിനെതിരായും ആലഞ്ചേരിക്കെതിരായും കന്യാസ്ത്രീയുടെ ബന്ധുവായ രൂപതയിലെ വൈദികനും രംഗത്തെത്തിയിട്ടുണ്ട്.

ബിഷപ്പിന്റെ പെരുമാറ്റത്തെക്കുറിച്ച് ഒട്ടേറെ കന്യാസ്ത്രീകള്‍ പരാതി പറഞ്ഞിട്ടുണ്ടെന്നും രാത്രിയില്‍ അശ്ലീല സന്ദേശങ്ങള്‍ അയയ്ക്കുന്നതായി പരാതിയുണ്ടെന്നും വൈദികന്‍ വെളിപ്പെടുത്തി. പരാതികള്‍ പുറത്തു വരാത്തത് അധികാരികളോടുളള പേടിമൂലമാണ്. കുറവിലങ്ങാട്ടെ കന്യാസ്ത്രീയുടെ പരാതി ഒന്‍പത് വൈദികര്‍ക്കൊപ്പം രൂപതയില്‍ ഉന്നയിച്ചിരുന്നു. എന്നാല്‍ രൂപതയില്‍ നിന്നോ സഭയില്‍ നിന്നോ നടപടി ഉണ്ടായില്ലെന്നും വൈദികന്‍ പറയുന്നു. ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെ കടുത്ത പ്രതിരോധത്തിലേക്കു തള്ളിവിടുന്നതാണ് പുതിയ വെളിപ്പെടുത്തല്‍.

ഫ്രാങ്കോ മുളയ്ക്കല്‍ മകളെ ഭീഷണിപ്പെടുത്തിയെന്നു സഭയിലെ മറ്റൊരു കന്യാസ്ത്രീയുടെ പിതാവ് കഴിഞ്ഞ ദിവസം ആരോപിച്ചിരുന്നു. മാനഭംഗത്തിനിരയായ കന്യാസ്ത്രീയെ അപകീര്‍ത്തിപ്പെടുത്തുന്ന പരാതി ഭീഷണിപ്പെടുത്തി എഴുതിവാങ്ങി എന്നായിരുന്നു ആരോപണം. ഇക്കാര്യം പുറത്തു പറഞ്ഞാല്‍ കൊല്ലുമെന്നും ഭീഷണിപ്പെടുത്തി. ഇക്കാര്യങ്ങള്‍ പറഞ്ഞ് മകള്‍ ജലന്ധറില്‍ നിന്ന് 2017 നവംബറില്‍ തനിക്ക് കത്തെഴുതിയെന്നും ആലപ്പുഴ സ്വദേശിയായ കന്യാസ്ത്രീയുടെ പിതാവ് പറഞ്ഞു.

കന്യാസ്ത്രീമാരെ ബിഷപ്പ് മാനസികമായി പീഡിപ്പിച്ചിരുന്നുവെന്നും സ്ഥലംമാറ്റവും അവധിയുമൊക്കെ തീരുമാനിച്ചിരുന്നത് ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കല്‍ ആയിരുന്നുവെന്നും കന്യാസ്ത്രീകളുടെ പരാതികളിലുണ്ട്. ബിഷപ്പ് ഉള്‍പ്പെടെയുള്ളവരുടെ പീഡനത്തെ തുടര്‍ന്ന് ഫോര്‍മേറ്റര്‍ (കന്യാസ്ത്രീ ആകുന്നതുവരെ ഓരോ ഘട്ടത്തിലും അവരെ സഹായിക്കാന്‍ നിയോഗിക്കപ്പെട്ടവര്‍) ഉള്‍പ്പെടെ 18 പേരാണ് സഭ വിട്ടുപോയതെന്നും പരാതിയില്‍ പറയുന്നു.

ജലന്ധര്‍ രൂപതാ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെതിരെ നിരവധി കന്യാസ്ത്രീകളാണ് മിഷനറീസ് ഓഫ് ജീസസ് (എംജെ) സന്യാസ സമൂഹത്തിന്റെ മദര്‍ ജനറലിന് പരാതി നല്‍കിയിരുന്നത്. പുരോഹിതന്‍ എന്നതിനെക്കാള്‍ ഒരു രാഷ്ട്രീയക്കാരനും ബിസിനസ്സുകാരനുമാണ് ബിഷപ്പ് ഫ്രാങ്കോയെന്നാണ് ഒരു കന്യാസ്ത്രീ നല്‍കിയ പരാതിയില്‍ പറയുന്നത്. തങ്ങളുടെ സന്യാസ സമൂഹത്തെ നശിപ്പിക്കുന്നതിനാണ് ബിഷപ്പിന്റെ ശ്രമം. സഭാ നേതൃത്വവും അതിന് കൂട്ടുനില്‍ക്കുന്നു. തനിക്ക് എതിരായി ശബ്ദമുയര്‍ത്തുന്നവരെ ബിഷപ്പ് മാനസികമായി പീഡിപ്പിക്കുകയാണ്. സന്യാസസഭയുടെ രക്ഷാധികാരി എന്ന അധികാരം മാത്രമുള്ള ബിഷപ്പ് കന്യാസ്ത്രീമാരുടെ വാര്‍ഷികാവധി നിശ്ചയിക്കുന്നതിലും സ്ഥലംമാറ്റം പോലുള്ള ചെറിയകാര്യങ്ങളില്‍ വരെ ഇടപെടുന്നുവെന്നും പരാതിയിലുണ്ട്.

ബിഷപ്പിന്റെയും സഭാ നേതൃത്വത്തിന്റെയും തെറ്റായ നടപടികള്‍ മൂലം സഭയിലെ ഫോര്‍മേറ്റര്‍ അടക്കമുള്ള 18 കന്യാസ്ത്രീകള്‍ സഭ വിട്ടുപോയി. സന്യാസസഭ മുങ്ങുന്ന കപ്പലാണെന്നാണെന്നും അത് മുക്കുന്നതിന് പിന്നില്‍ ബിഷപ്പ് ഫ്രാങ്കോയാണെന്നുമാണ് അന്നു ഫോര്‍മേറ്ററായിരുന്ന കന്യാസ്ത്രീ മദര്‍ ജനറലിന് നല്‍കിയ കത്തിലുള്ളത്. ബിഷപ്പിന്റെ താത്പര്യത്തിന് വഴങ്ങുന്ന കന്യാസ്ത്രീകള്‍ക്ക് എല്ലാ പരിഗണനയും നല്‍കും. എതിര്‍പ്പുയര്‍ത്തുന്നവരെ ശത്രുവിനെപ്പോലെയാണ് ബിഷപ്പ് കാണുന്നതെന്നും ഈ കത്തിലുണ്ട്.

മറ്റൊരു കന്യാസ്ത്രീ എഴുതിയ കത്തിലാകട്ടെ ബിഷപ്പിനെതിരെയോ, സഭാ നേതൃത്വത്തിനെതിരെയോ ശബ്ദിക്കാന്‍ പോലും ആരുമില്ലെന്നാണ് പറയുന്നത്. ബിഷപ്പ് ഫ്രാങ്കോയെ സന്തോഷിപ്പിക്കുന്ന നടപടികള്‍ക്ക് മാത്രമാണ് മദര്‍ ജനറല്‍ അടക്കമുള്ളവരുടെ അധികാരം വിനിയോഗിക്കുന്നത്. തനിക്കെതിരായ ശബ്ദങ്ങളെ ബിഷപ്പ് അടിച്ചമര്‍ത്തുന്നത് പോലെയാണ് മദര്‍ ജനറലും പെരുമാറുന്നത്. ബിഷപ്പിന്റെ സ്വാര്‍ത്ഥതയ്ക്കും അനീതിക്കും സഭാ നേതൃത്വം കൂട്ടു നില്‍ക്കുന്നു. കഴിഞ്ഞ മൂന്നുവര്‍ഷത്തിനിടെ മുതിര്‍ന്ന കന്യാസ്ത്രീകളടക്കം 18 പേരാണ് സഭ വിട്ടുപോയത്. സഭ വിട്ടുപോയ ഓരോ കന്യാസ്ത്രീയുടെയും പേരും അവര്‍ വിട്ടുപോകാനിടയായ സഹചര്യങ്ങളും കത്തില്‍ വിവരിക്കുന്നുണ്ട്.

ബിഷപ്പിന് താത്പര്യമുള്ള ചില കന്യാസ്ത്രീകള്‍ അവര്‍ പല വിഷയങ്ങളില്‍ ആരോപണങ്ങളില്‍പെട്ടിട്ടും നേതൃസ്ഥാനങ്ങളില്‍ തുടരുന്നതിനെയും കത്തില്‍ പരാമര്‍ശിച്ചിട്ടുണ്ട്. ബിഷപ്പ് ഫ്രാങ്കോയ്‌ക്കെതിരെ ലൈംഗിക പീഡനത്തിന് പരാതി നല്‍കിയ കന്യാസ്ത്രീയുടെ കാര്യങ്ങളടക്കം വിശദമായി കത്തില്‍ സൂചിപ്പിച്ചിട്ടുണ്ട്. ഈ വിഷയങ്ങളില്‍ കൃത്യമായി നടപടി സ്വീകരിച്ചില്ലെങ്കില്‍ മിഷനറീസ് ഓഫ് ജീസസ് സന്യാസസഭതന്നെ ഇല്ലാതാകുമെന്നും കത്തിലൂടെ കന്യാസ്ത്രീകള്‍ മുന്നറിയിപ്പ് നല്‍കുന്നുണ്ട്. ഈ കത്തുകളുടെ പകര്‍പ്പ് അടക്കം ലൈംഗിക പീഡനം അന്വേഷിക്കുന്ന ഡിവൈഎസ്പിക്ക് തെളിവായി നല്‍കിയിട്ടുണ്ട്.