ക്രൈസ്തവ സഭകളിലെ പീഡനത്തില്‍ അറസ്റ്റ് വൈകുന്നു: സര്‍ക്കാരിനെതിരെ വിമര്‍ശനവുമായി സാറാ ജോസെഫ്

ക്രൈസ്തവ സഭകളിലെ പീഡനത്തില്‍ അറസ്റ്റ് വൈകുന്നതില്‍ സര്‍ക്കാരിനെതിരെ വിമര്‍ശനവുമായി സാറാ ജോസെഫ്.കുറ്റരോപിതര്‍ ക്രൈസ്തവര്‍ ആയതിനാല്‍ അറസ്റ്റ് വൈകിപ്പിക്കുകയാണെന്ന് സാറാ ജോസെഫ് പറഞ്ഞു.കര്‍ദിനാള്‍ ആലഞ്ചേരിക്ക് സഭാ അധ്യക്ഷനാകാന്‍ യോഗ്യതയില്ലെന്നും കുറ്റകൃത്യത്തെ ന്യായീകരിക്കുകയാണ് ആലഞ്ചേരി ചെയ്യുന്നതെന്നും സാറാ ജോസെഫ് ചൂണ്ടിക്കാട്ടി.

ബിഷപ്പ് തെറ്റ് ചെയ്‌തോ ഇല്ലയോ എന്ന് കോടതിയില്‍ തെളിയിക്കട്ടെ. സ്ത്രീയുടെ മൊഴിയുടെ അടിസ്ഥാനത്തില്‍ അറസ്റ്റ് ചെയ്യുകയാണ് സര്‍ക്കാരും പൊലീസും ചെയ്യേണ്ടത്. കുമ്പസാര രഹസ്യം ചോര്‍ത്തിയിട്ട് ഒരു പെണ്ണിനെ പീഡിപ്പിക്കുന്നത് വഞ്ചനയാണ്. അത് വൈദികര്‍ ചെയ്താല്‍ വഞ്ചനയാവില്ലെന്ന പ്രതീതിയുണ്ടാകുന്നത് നല്ലതല്ല. അതിനാല്‍ പിണറായി സര്‍ക്കാര്‍ അടിയന്തര നടപടി സ്വീകരിക്കണം. സര്‍ക്കാര്‍ നടപടി വേഗത്തിലാക്കിയില്ലെങ്കില്‍ നിയമമാര്‍ഗങ്ങള്‍ തേടും സാറാ ജോസെഫ് പറഞ്ഞു.

ഇപ്പോള്‍ കന്യാസ്ത്രീയ്ക്ക് വേണ്ടത് പൊതു സമൂഹത്തിന്റെ പിന്തുണയാണ്. സംഭവത്തില്‍ കര്‍ദിനാള്‍ സ്വീകരിച്ച നടപടി ന്യായീകരിക്കാവുന്നതല്ല. ഒരു കന്യാസ്ത്രീ പരാതിപ്പെട്ടാല്‍ അത് ഗൗരവത്തില്‍ എടുക്കുന്നതിന് പകരം കര്‍ദ്ദിനാള്‍ ജോര്‍ജ് ആലഞ്ചേരി അച്ഛനെ രക്ഷിക്കാനുള്ള സംവിധാനമാണ് ചെയ്തത്. ഇത്രയേറെ ആരോപണം ഉയര്‍ന്നിട്ടും ഫ്രാങ്കോ മുളയ്ക്കലിനെ മെത്രാന്‍ സ്ഥാനത്തുനിന്നും മാറ്റാന്‍ സഭാ നേതൃത്വം തയ്യാറായിട്ടില്ല. മെത്രാനെ അറസ്റ്റ് ചെയ്യാന്‍ വൈകുന്നത് ഭരണകൂടം മതാധികാരത്തിന് കീഴ്‌പ്പെട്ടതിന്റെ ഭാഗമായാണെന്നും സാറാ ജോസഫ് കൂട്ടിച്ചേര്‍ത്തു.