പൃഥ്വിരാജ്-പാര്‍വതി ചിത്രം മൈ സ്റ്റോറി ഇന്റര്‍നെറ്റില്‍

കേരളക്കരയെ ഇളക്കിമറിച്ച പ്രണയചിത്രം എന്ന് നിന്റെ മൊയ്തീനിലെ മികച്ച പ്രകടനത്തിന് ശേഷം പൃഥ്വിരാജും പാര്‍വതിയും വീണ്ടും ഒന്നിക്കുന്ന ചിത്രം മൈ സ്റ്റോറി റിലീസ് ചെയ്ത് രണ്ട് ദിവസങ്ങള്‍ക്കകം തന്നെ സിനിമ ഇന്റര്‍നെറ്റില്‍. ജൂലൈ 6നായിരുന്നു സിനിമ റിലീസ് ചെയ്തത്. ചിത്രം തിയറ്ററുകളില്‍ മികച്ച പ്രതികരണത്തോടെ ഹൗസ് ഫുള്ളായി തുടരുന്ന പശ്ചാത്തലത്തിലാണ് സിനിമയുടെ വ്യാജ പതിപ്പ് പുറത്തെത്തുന്നത്.

പ്രമുഖ വസ്ത്രാലങ്കാര വിദഗ്ധയായ റോഷ്ണി ദിനകര്‍ ആദ്യമായി സംവിധായികയായെത്തുന്ന ചിത്രമാണ് മൈ സ്റ്റോറി. ശങ്കര്‍ രാമകൃഷ്ണനാണ് ചിത്രത്തിന് തിരക്കഥയൊരുക്കിയിരിക്കുന്നത്.

പൃഥിരാജും പാര്‍വ്വതിയും വിവിധ ഗെറ്റപ്പുകളിലാണ് സിനിമയില്‍ പ്രത്യക്ഷപ്പെടുന്നത്. മനോജ് കെ ജയന്‍, ഗണേശ് വെങ്കട്ടരാമന്‍ എന്നിവരാണ് മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. സിനിമയില്‍ ഹോളിവുഡ് താരം റോജര്‍ നാരായണ്‍ വില്ലനാകുന്നു. സ്‌പെയിനും പോര്‍ച്ചുഗലുമായിരുന്നു പ്രധാന ലൊക്കേഷന്‍. യന്തിരന്‍, ലിംഗ എന്നിവയില്‍ പങ്കാളിയായ ആര്‍ രത്‌നവേലു ഛായാഗ്രഹണം നിര്‍വഹിക്കുന്നു.

ഷാന്‍ റഹ്മാന്‍ ഒരുക്കിയ ആറു ഗാനങ്ങളാണ് സിനിമയിലുള്ളത്. ബി.കെ.ഹരിനാരായണനാണ് ഗാനങ്ങള്‍ക്ക് വരികളെഴുതിരിക്കുന്നത്. ഹരീബ് ഹുസൈന്‍, മേഘ ജോസ്‌കുട്ടി, ശക്തിശ്രീ ഗോപാലന്‍, ശ്രേയ ഘോഷാല്‍, ഹരിചരണ്‍, ബെന്നി ദയാല്‍, മഞ്ജരി എന്നിവരാണ് ചിത്രത്തിലെ ഗാനങ്ങള്‍ ആലപിച്ചിരിക്കുന്നത്.

കാനില്‍ പുരസ്‌കാരം നേടിയ പിയങ്കാണ് എഡിറ്റിങ് ചെയ്യുന്നത്. ചിത്രത്തിലെ ആദ്യ ഗാനം പുറത്തിറങ്ങിയപ്പോള്‍ ഡിസ്ലൈക്കുകള്‍ ഉണ്ടായത് വലിയ വാര്‍ത്തയായിരുന്നു. കസബ എന്ന ചിത്രത്തില്‍ മമ്മൂട്ടി അഭിനയിച്ച ചില രംഗങ്ങളെ പാര്‍വതി വിമര്‍ശിച്ചതിനെ തുടര്‍ന്നുണ്ടായ വിവാദത്തിന്റെ പശ്ചാത്തലത്തിലാണ് പാട്ടിനെതിരെ ചിലര്‍ രംഗത്തെത്തിയിരുന്നത്.