നിഷ സാരംഗ് ‘നീലു’വായി ഉപ്പും മുളകിൽ തുടരും, മറിച്ചുണ്ടായ പ്രചരണങ്ങൾ സത്യസന്ധമല്ല; ഫ്ളവേഴ്സ്

കൊച്ചി : ഉപ്പും മുളകും എന്ന സീരിയലിന്റെ സംവിധായകനില്‍ നിന്നും മോശം അനുഭവമുണ്ടായതായി വെളിപ്പെടുത്തല്‍ നടത്തിയ നിഷാ സാരംഗിന് പിന്തുണയുമായി ഫ്‌ളവേഴ്‌സ് ടിവി രംഗത്ത്. ചാനലിനെതിരെ വ്യാപക പ്രതിഷേധങ്ങളുണ്ടായ സാഹചര്യത്തിലാണ് ചാനലിന്റെ പ്രതികരണം. നിഷ സാരംഗിനെ ഉപ്പും മുളകും പരമ്പരയില്‍ നിന്ന് മാറ്റിയെന്ന് ചില മാധ്യമങ്ങളില്‍ വന്ന വാര്‍ത്ത സത്യമല്ലെന്ന് ഫ്‌ളവേഴ്‌സ് മാനേജ്‌മെന്റ് അറിയിച്ചിരിക്കുന്നത്.

ഫേയ്‌സ് ബുക്ക് പോസ്റ്റിലൂടെയാണ് വിശദീകരണം നടത്തിയത്.

ഫേയ്‌സ് ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണരൂപം

നിഷ സാരംഗ് ‘നീലു’വായി ഉപ്പും മുളകിൽ തുടരും. മറിച്ചുണ്ടായ പ്രചരണങ്ങൾ സത്യസന്ധമല്ല”

പ്രശസ്ത ചലച്ചിത്ര – ടി.വി. താരം നിഷ സാരംഗിനെ ഉപ്പും മുളകും പരമ്പരയിൽ നിന്ന് മാറ്റിയെന്ന് ചില മാധ്യമങ്ങളിൽ വന്ന വാർത്ത സത്യമല്ലെന്ന് ഫ്ളവേഴ്സ് മാനേജ്മെൻറ് അറിയിച്ചു. അറനൂറ്റി അമ്പതോളം എപ്പിസോഡുകൾ പിന്നിട്ട ഉപ്പും മുളകും പരമ്പരയിലെ ‘നീലു’വെന്ന കഥാപാത്രത്തെ നിഷ സാരംഗ് തന്നെ തുടർന്നും അവതരിപ്പിക്കും. നിഷ സാരംഗുമായി ചാനൽ മാനേജ്മെന്റ് ഇന്ന് രാവിലെ ചർച്ച നടത്തിയിരുന്നു. ഈ ചർച്ചക്കൊടുവിലാണ് വരും ദിവസങ്ങളിൽ ഉപ്പും മുളകും പരമ്പരയുടെ ചിത്രീകരണം കൊച്ചിയിൽ തുടരാൻ തീരുമാനിച്ചത്.

ശനിയാഴ്ച വൈകുന്നേരമാണ് ഉപ്പും മുളകും സീരിയലിലെ സംവിധായകനില്‍ നിന്നും തനിക്ക് മോശം അനുഭവമുണ്ടായതായി വെളിപ്പെടുത്തിക്കൊണ്ട് സംസ്ഥാന അവാര്‍ഡ് ജേതാവ് കൂടിയായ നിഷാ സാരംഗ് രംഗത്ത് വന്നത്. ജനപ്രിയ സീരിയലായ ഉപ്പും മുളകിന്റെ സംവിധായകനായ ആര്‍. ഉണ്ണികൃഷ്ണനെതിരേ ഗുരുതര ആരോപണങ്ങളുന്നയിച്ചുകൊണ്ടാണ് ഇനി ഈ സീരിയലിലേക്ക് ഇല്ലെന്ന പ്രഖ്യാപനം നടി നടത്തിയത്.

നിങ്ങളുടെ അഭിപ്രായങ്ങള്‍ രേഖപ്പെടുത്തൂ