അമേരിക്കയിലെ ഭരണകൂട ഭീകരതക്കെതിരെ സന്ധിയില്ലാ പോരാട്ടം നടത്താനാണ് എന്റെ ഈ യാത്ര

പ്രിയപ്പെട്ട സഖാക്കളേ
ഞാൻ അമേരിക്കയിലേക്ക് പോകുകയാണ്. രണ്ടാഴ്ചയോളം അവിടെകാണും. അമേരിക്കയിലെ ഭരണകൂട ഭീകരതക്കെതിരെ സന്ധിയില്ലാ പോരാട്ടം നടത്താനാണ് എന്റെ ഈ യാത്ര.

ബൂർഷയെ ബൂർഷായുടെ മാളത്തിൽച്ചെന്നു അക്രമിക്കണം എന്നല്ലേ പുലിമുരുഗൻ നമ്മളെ പഠിപ്പിച്ചിട്ടുള്ളത്. സഖാക്കളേ, നിങ്ങളുടെ നന്മക്കുവേണ്ടിയാണ് ഈ യാത്ര. എനിക്ക് തീരെ താല്പര്യമില്ലെങ്കിലും, ലോക തൊഴിലാളികളുടെ ഉന്നമനത്തിനുവേണ്ടിയാണ് എന്റെ ഈ സാഹസിക പര്യടനം.

അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിനെ ഒരു പാഠം പഠിപ്പിക്കാൻ സമയമായിരിക്കുന്നു. പണ്ടത്തെപോലെയല്ല, ഇപ്പോൾ നമ്മുടെ സഖാക്കന്മാരായ മിക്ക നേതാക്കളുടെയും മക്കൾ അമേരിക്കയിൽ ആണ് പഠിക്കുന്നതും വിവാഹം കഴിക്കുന്നതും. അങ്ങിനെ അമേരിക്കയിൽ കമ്മ്യൂണിസത്തിന്റെ വിത്തുകൾ നാം പാവിക്കൊണ്ടിരിക്കുകയാണ്‌.

ലോകം ഇന്ന് കേരളത്തിലേക്ക് ഉറ്റു നോക്കുകയാണ്. ലോകത്തിനെ ഭാവിയിൽ കേരളത്തിലെ കമ്മ്യൂണിസ്റ്റുകൾ നയിക്കും എന്നുള്ളത് ദേശാഭിമാനി സ്ഥിരമായി വായിക്കുന്ന ഏതൊരു സഖാവിനും സംശയം ഉണ്ടാകില്ല.

പോകുമ്പോൾ ഞാൻ എന്റെ സഹധർമിണിയെ കൂടെ കൊണ്ട് പോകുന്നു. അവിടെ ഒളിവിൽ കഴിയേണ്ടിവന്നാൽ എനിക്ക് കട്ടൻചായ ഉണ്ടാക്കാൻ അവൾ വേണം എന്നതുകൊണ്ടാണത്. അല്ലാതെ കേരളത്തിലെ ബൂർഷകൾ പ്രചരിപ്പിക്കുന്നപോലെ ഇതൊരു വിനോദസഞ്ചാരമല്ല എന്ന് കൈരളി ടി വി കാണുന്ന എല്ലാ സഖാക്കന്മാർക്കും ഞാൻ പറഞ്ഞു തരേണ്ടതില്ലല്ലോ.

ഇതൊരു പോരാട്ടത്തിന്റെ വഴിയാണ്. അമേരിക്കയോട് നാം തുടങ്ങാൻ പോകുന്ന സമരകാഹളമാണ് രണ്ടാഴ്ച്ച. ചിലപ്പോൾ ചിക്കാഗോയിലെ തെരുവീഥികളിൽ ഞാൻ പട നയിച്ചേക്കാം, ചിലപ്പോൾ വാഷിങ്ടൺ ഡി സി യിൽ ഞാൻ ഒരു പോളിറ്റ് ബ്യുറോ ആരംഭിച്ചേക്കാം, ദീർഘിപ്പിക്കുന്നില്ല. അമേരിക്കൻ ആഗോളവൽക്കരണം തുലയട്ടെ..!!! അമേരിക്കൻ ബൂർഷാസികൾ ലോകംവിട്ടുപോകട്ടെ. അമേരിക്കയെ ഒരു പാഠം പഠിപ്പിച്ചു തിരിച്ചു വരും വരേയ്ക്കും
ലാൽ സലാം സഖാക്കളേ …..
എന്ന്
നിങ്ങളുടെ
………….

 

നിങ്ങളുടെ അഭിപ്രായങ്ങള്‍ രേഖപ്പെടുത്തൂ