അമ്മയുടെ യോഗം: അറിയിച്ചില്ലെന്ന് ഡബ്ല്യുസിസി

വിവാദങ്ങള്‍ക്കും വിമര്‍ശനങ്ങള്‍ക്കും നടുവില്‍ താരസംഘടനായ എ.എം.എം.എയുടെ എക്‌സിക്യൂട്ടീവ് യോഗം കൊച്ചിയില്‍ ചേരുന്നു. പുതിയ പ്രസിഡന്റ് മോഹന്‍ലാലിന്റെ അധ്യക്ഷതയിലാണ് കൊച്ചിയിലെ സ്വകാര്യ ഹോട്ടലില്‍ യോഗം ചേരുന്നത്. എന്നാല്‍ എക്‌സിക്യൂട്ടീവ് യോഗം ചേരുന്ന വിവരം തങ്ങളെ അറിയിച്ചില്ലെന്ന് ഡബ്ല്യു.സി.സി അറിയിച്ചു.

ദിലീപിനെ തിരിച്ചെടുത്ത വിഷയത്തില്‍ നിലപാട് വ്യക്തമാക്കാനായി എ.എം.എം.എയുമായി കൂടിക്കാഴ്ചയ്ക്ക് അവസരമൊരുക്കണമെന്ന് നടിമാരായ രേവതി, പദ്മപ്രിയ, പാര്‍വതി എന്നിവര്‍ കത്തിലൂടെ ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ ഇപ്പോള്‍ സംഘടന യോഗം ചേരുന്ന വിവരം മാധ്യമങ്ങളിലൂടെയാണ് തങ്ങള്‍ അറിഞ്ഞതെന്നാണ് ഡബ്ല്യു.സി.സി ആരോപിക്കുന്നത്.

അതേസമയം, ദിലീപിനെ സംഘടനയില്‍ തിരിച്ചെടുക്കാനെടുത്ത തീരുമാനവും അതേ ചൊല്ലിയുണ്ടായ ഭിന്നതയും വിവാദങ്ങളും യോഗത്തില്‍ ചര്‍ച്ച ചെയ്യും. ഇതില്‍ പ്രതിഷേധിച്ച് സംഘടനയില്‍ നിന്ന് നാല് നടിമാര്‍ രാജി വച്ചതിന് ശേഷം നടക്കുന്ന ആദ്യ യോഗമാണിത്. യോഗത്തിന് ശേഷം പന്ത്രണ്ട് മണിയോടെ മോഹന്‍ലാല്‍ വാര്‍ത്താസമ്മേളനം വിളിച്ചിട്ടുണ്ട്.

നിങ്ങളുടെ അഭിപ്രായങ്ങള്‍ രേഖപ്പെടുത്തൂ