ബിഷപ്പിനെതിരായ നിര്‍ണായക തെളിവായ മൊബൈല്‍ ഫോണ്‍ കാണാനില്ല; പിന്നില്‍ ബാഹ്യശക്തികളുടെ ഇടപെടലെന്ന് കന്യാസ്ത്രീ

കോട്ടയം: ജലന്ധര്‍ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെതിരായ ബലാത്സംഗക്കേസിലെ നിര്‍ണായക തെളിവായി ഹാജരാക്കുന്നതിന് കന്യാസ്ത്രി സൂക്ഷിച്ചിരുന്ന മൊബൈല്‍ ഫോണ്‍ കാണാതായി. ഫോണ്‍ കാണാനില്ലന്ന് കന്യാസ്ത്രീ അറിയിച്ചെന്നും അന്വേഷണം തുടരുകയാണെന്ന് അവര്‍ വ്യക്തമാക്കിയതായും വൈക്കം ഡിവൈഎസ്പി കെ സുഭാഷ് അറിയിച്ചു. താന്‍ ജലന്ധറില്‍ അയിരുന്ന സമയത്ത് ഉപയോഗിച്ചിരുന്ന ഫോണിലാണ് സംഭഷണങ്ങള്‍ റെക്കോര്‍ഡ് ചെയ്തതെന്നും ഇത് ഇപ്പോള്‍ മുറിയില്‍ കാണാനില്ലന്നുമാണ് കന്യാസ്ത്രീ പൊലീസിന് നല്‍കിയിട്ടുള്ള വിവരം.

ഫോണ്‍ നഷ്ടപ്പെട്ട സാഹചര്യത്തില്‍ നിലവില്‍ ലഭിച്ചിട്ടുള്ള മൊഴികളുടെ അടിസ്ഥാനത്തില്‍ പരമാവധി തെളിവുകള്‍ ശേഖരിക്കുന്നതിനാണ് അന്വേഷക സംഘത്തിന്റെ നീക്കം.പീഡനം നടന്നതായി സ്ഥിരീകരിക്കുന്ന മെഡിക്കല്‍ റിപ്പോര്‍ട്ട് കേസില്‍ പരാതിക്കാരിക്ക് അനുകൂലമായ പ്രധാന തെളിവൊണെന്നാണ് അന്വേഷക സംഘത്തിന്റെ വിലയിരുത്തല്‍.

പുതിയ ഫോണ്‍ ലഭിച്ചതോടെ താന്‍ പഴയഫോണ്‍ മുറിയിലെ അലമാരയില്‍ സൂക്ഷിച്ചിരുന്നെന്നും നാട്ടിലേയ്ക്ക് പുറപ്പെട്ടപ്പോള്‍ ഇത് എടുക്കാന്‍ മറന്നെന്നും ഇപ്പോള്‍ ഇത് കാണാനില്ലന്നും കന്യാസ്ത്രീ അന്വേഷക സംഘത്തെ അറിയിച്ചതായാണ് വിവരം. കേസില്‍ സുപ്രധാന തെളിവായ ഫോണ്‍ അപ്രത്യക്ഷമായതിന് പിന്നില്‍ ബാഹ്യശക്തികളുടെ ഇടപെടല്‍ ഉണ്ടെന്ന് കന്യാസ്ത്രീയും ബന്ധുക്കളും സംശയം പ്രകടിപ്പിച്ചതായിട്ടാണ് സൂചന.ഇക്കാര്യത്തില്‍ കന്യാസ്ത്രീയില്‍ നിന്നും രേഖാമൂലം പരാതി ലഭിച്ചാല്‍ അന്വേഷണം ആവാമെന്നാണ് പൊലീസ് നിലപാട്.

തന്റെ കൈയില്‍ കത്തുകളും ഫോണ്‍ സംഭാഷണവും തെളിവായി ഉണ്ടെന്ന് പരാതിക്കാരി അന്വേഷണ സംഘത്തോടും മധ്യസ്ഥതയ്ക്ക് ശ്രമിച്ച വൈദികനോടും വെളിപ്പെടുത്തിയിരുന്നു. ഇതില്‍ കത്തുകള്‍ കഴിഞ്ഞ ദിവസം അന്വേഷക സംഘത്തിന് കൈമാറിയിരുന്നു. ഈ കത്തുകളില്‍ ബിപ്പിനെ പൂട്ടാനുള്ള കാര്യമായ തെളിവുകള്‍ ഇല്ലന്നായിരുന്നു അന്വേഷക സംഘത്തിന്റെ വിലയിരുത്തല്‍.ഫോണ്‍ സംഭാഷണം വിലയിരുത്തി നടപടികളുമായി മുന്നോട്ടുപോകുന്നതിനായിരുന്നു പൊലീസ് സംഘത്തിന്റെ തീരുമാനം. ഇതിനിടെയാണ് ഫോണ്‍ കാണാതായത്.