മുഖ്യമന്ത്രി എത്തിയാലുടന്‍ മന്ത്രിസഭാ പുനഃസംഘടന; ഇ.പി. ജയരാജനെ തിരിച്ചെടുത്തേക്കും

തിരുവനന്തപുരം: മന്ത്രിസഭാ പുനഃസംഘടനാ ചര്‍ച്ചയ്ക്ക് തയ്യാറെടുത്ത് സിപിഎം. അമേരിക്കയില്‍ നിന്നും മുഖ്യമന്ത്രി തിരിച്ചെത്തുന്നതോടെ ചര്‍ച്ചകള്‍ ആരംഭിക്കുമെന്നാണ് റിപ്പോര്‍ട്ട്.

ഈ മാസം 19 മുതല്‍ മൂന്നുദിവസം നീളുന്ന സംസ്ഥാന നേതൃയോഗത്തില്‍ ഇക്കാര്യം ചര്‍ച്ചയാകുമെന്നാണു സൂചന. ബന്ധുനിയമനവിവാദത്തെ തുടര്‍ന്നു രാജിവച്ച ഇ.പി. ജയരാജനെ മന്ത്രിസഭയില്‍ തിരിച്ചെടുക്കാനുള്ള സമ്മര്‍ദം ശക്തമാണ്.

ബന്ധുനിയമനക്കേസില്‍ കുറ്റവിമുക്തനായ സാഹചര്യത്തില്‍ മന്ത്രിസഭയിലേക്കു മടങ്ങിവരാനുള്ള ഒരുക്കത്തിലാണ് ഇ.പി. ജയരാജന്‍. എ.കെ. ശശീന്ദ്രനു ലഭിച്ച നീതി ഇപിക്കും ലഭിക്കണമെന്ന് ഒപ്പമുള്ളവര്‍ വാദിക്കുന്നു.

എന്നാല്‍, നിലവിലെ മന്ത്രിമാരില്‍ ആരെയെങ്കിലും മാറ്റണമോ എന്നതില്‍ അന്തിമതീരുമാനം മുഖ്യമന്ത്രിയുടേതായിരിക്കും. 21 പേര്‍ക്കു മന്ത്രിമാരാകാമെങ്കിലും നിലവില്‍ 19 പേര്‍മാത്രമാണു പിണറായി മന്ത്രിസഭയിലുള്ളത്.

അതേസമയം, അനാരോഗ്യം അലട്ടിയിരുന്ന ടി.പി. രാമകൃഷ്ണന്‍ നേരത്തെ മന്ത്രിസ്ഥാനം ഒഴിയാനുള്ള സന്നദ്ധത പ്രകടിപ്പിച്ചിരുന്നു. സ്പീക്കര്‍ പി. ശ്രീരാമകൃഷ്ണനെ മന്ത്രിയാക്കിയുള്ള അഴിച്ചുപണിയും ചര്‍ച്ചകളില്‍ സജീവമാണ്.