ജലന്ധര്‍ ബിഷപ്പ് 12 തവണ പീഡിപ്പിച്ചതായി കന്യാസ്ത്രീയുടെ രഹസ്യമൊഴി

കുറവിലങ്ങാട്: ജലന്ധര്‍ ബിഷപ്പ് 12 തവണ പീഡിപ്പിച്ചതായി കന്യാസ്ത്രീയുടെ രഹസ്യമൊഴി. മാനനഷ്ടവും ജീവഹാനിയും ഭയന്നാണു വിവരം നേരത്തെ പറയാതിരുന്നതെന്നും കന്യാസ്ത്രീ മൊഴി നല്‍കി. സംഭവത്തില്‍ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിന്റെ അറസ്റ്റ് ഉടനുണ്ടായേക്കുമെന്നാണു സൂചന. ക്രൈംബ്രാഞ്ച് ഇതിനായി പഞ്ചാബ് പൊലീസിന്റെ സഹായം തേടി.

കുറവിലങ്ങാട്ട് മഠത്തിലെ 20ാം നമ്പര്‍ മുറിയില്‍ വച്ചായിരുന്നു പീഡനം. പ്രകൃതിവിരുദ്ധ പീഡനത്തിന് ഇരയായെന്ന് മാത്രമാണ് പൊലീസിനു നല്‍കിയ മൊഴിയില്‍ പറഞ്ഞിരുന്നത്. രഹസ്യമൊഴിയിലെ വെളിപ്പെടുത്തലോടെ പൊലീസ് വീണ്ടും മൊഴി രേഖപ്പെടുത്തി. അറസ്റ്റിലേക്കു നീങ്ങുന്നതോടെ ബിഷപ്പ് വത്തിക്കാനിലേക്കു കടന്നേക്കുമെന്നും വിവരമുണ്ട്. അതിനാല്‍ ബിഷപ്പ് രാജ്യംവിട്ടുപോകാതിരിക്കാന്‍ നടപടിയെടുക്കണമെന്ന് ആവശ്യപ്പെട്ടു ക്രൈംബ്രാഞ്ച് വ്യോമയാന മന്ത്രാലയത്തിന് കത്തയച്ചു.

കുറവിലങ്ങാട് നാടുക്കുന്ന് മഠത്തിലെ കന്യാസ്ത്രീയെ ജലന്തര്‍ ബിഷപ്പ് പീഡിപ്പിച്ചതായി പൊലീസിന്റെ പ്രാഥമിക അന്വേഷണത്തില്‍ സ്ഥിരീകരിച്ചിരുന്നു. പ്രാഥമിക അന്വേഷണ റിപ്പോര്‍ട്ട് ഉടന്‍ കൈമാറുമെന്ന് ഡിവൈഎസ്പി അറിയിച്ചു. രണ്ടു ദിവസത്തിനകം ബിഷപ്പിനെ ചോദ്യംചെയ്യും. ജലന്ധറിലേക്ക് പൊലീസ് ഉടന്‍ പുറപ്പെടുമെന്നും പറഞ്ഞു.

ബിഷപ്പ് കന്യാസ്ത്രീയെ ഫോണില്‍ വിളിച്ചും ശല്യപ്പെടുത്തിയിരുന്നു. എന്നാല്‍ ഇതിന്റെ തെളിവുകള്‍ ഉള്‍പ്പെടുന്ന കന്യാസ്ത്രീയുടെ ഫോണ്‍ ജലന്തറില്‍വെച്ച് നഷ്ടമായി. ഇത് കണ്ടെത്താനും നടപടികള്‍ ഊര്‍ജിതമാക്കി. പീഡനം നടന്നതായി കന്യാസ്ത്രീയുടെ വൈദ്യപരിശോധന നടത്തിയ ഡോക്ടറും അന്വേഷണ സംഘത്തിന് മൊഴി നല്‍കി. 2014നും 16നും ഇടയില്‍ കന്യാസ്ത്രീ പീഡനത്തിനിരയായ 12 ദിവസങ്ങളിലും ബിഷപ്പ് മഠത്തില്‍ താമസിച്ചതായി സന്ദര്‍ശക രജിസ്റ്ററില്‍ നിന്ന് വ്യക്തമായിരുന്നു. ഈ കാലയളവില്‍ പരാതിക്കാരിയോടൊപ്പം മഠത്തിലുണ്ടായിരുന്ന കന്യാസ്ത്രീകളുടെ മൊഴിയും നിര്‍ണായകമായി.