ലോകത്തെ സാമ്പത്തിക ശക്തിയുളള രാജ്യങ്ങളില്‍ ഇന്ത്യ ആറാം സ്ഥാനത്ത്

പാരിസ്: ലോകബാങ്ക് പുറത്തുവിട്ട പുതിയ റിപ്പോര്‍ട്ട് പ്രകാരം ഇന്ത്യ ലോകത്തെ ഏറ്റവും വലിയ ആറാമത്തെ സാമ്പത്തിക ശക്തി. ഫ്രാന്‍സിനെ പിന്തള്ളിയാണ് ഇന്ത്യ ഈ നേട്ടം കൈവരിച്ചിരിക്കുന്നത്.

ലോകബാങ്ക് പുറത്തുവിട്ട രേഖകള്‍ പ്രകാരം ഇന്ത്യയുടെ ആഭ്യന്തരമൊത്ത ഉത്പാദനം (ജിഡിപി) കഴിഞ്ഞ വര്‍ഷം 2.59 ട്രില്യന്‍ ഡോളറാണ് അതേസമയം ഫ്രാന്‍സിന്റെ ജിഡിപി 2.58 ട്രില്യന്‍ ഡോളര്‍ ആണ്.
യുഎസ് (19.39 ട്രില്യന്‍ ഡോളര്‍), ചൈന (12.23 ട്രില്യന്‍ ഡോളര്‍), ജപ്പാന്‍ (4.87 ട്രില്യന്‍ ഡോളര്‍), ജര്‍മനി (3.67 ട്രില്യന്‍ ഡോളര്‍), ബ്രിട്ടന്‍ (2.62 ട്രില്യന്‍ ഡോളര്‍) എന്നീ രാജ്യങ്ങളാണ് ആദ്യ അഞ്ചു സ്ഥാനങ്ങളില്‍. 201819ല്‍ 7.3% വളര്‍ച്ചാ നിരക്കു പ്രതീക്ഷിക്കുന്ന ഇന്ത്യ, ഏറ്റവും വേഗത്തില്‍ വളരുന്ന സാമ്പത്തികശക്തിയാണ്. 201920 വര്‍ഷത്തില്‍ ഇന്ത്യ 7.5% സാമ്പത്തിക വളര്‍ച്ച നേടുമെന്നാണ് ലോകബാങ്ക് വിലയിരുത്തല്‍.

അടുത്ത പത്തു വര്‍ഷത്തിനുള്ളില്‍ ജപ്പാനെയും ജര്‍മനിയെയും പിന്തള്ളി ലോകത്തെ മൂന്നാമത്തെ സാമ്പത്തിക ശക്തിയായി ഇന്ത്യ മാറുമെന്ന് എച്ച്എസ്ബിസി റിപ്പോര്‍ട്ട് ചെയ്തിരുന്നു. 2028ല്‍ ഇന്ത്യന്‍ ജിഡിപി ഏഴു ട്രില്യന്‍ ഡോളറാകുമെന്നാണ് ഇവരുടെ വിലയിരുത്തല്‍.