ഓര്‍ത്തഡോക്‌സ് വൈദികര്‍ വേട്ടമൃഗങ്ങളെ പോലെ പെരുമാറിയെന്ന് ഹൈക്കോടതി; വൈദിക പദവി ദുര്‍വിനിയോഗം ചെയ്തു

കൊച്ചി: വീട്ടമ്മയെ ബലാത്സംഗം ചെയ്ത സംഭവത്തില്‍ ഓര്‍ത്തഡോക്‌സ് വൈദികര്‍ വേട്ടമൃഗങ്ങളെ പോലെ പെരുമാറിയെന്ന് ഹൈക്കോടതി. വൈദിക പദവി ദുര്‍വിനിയോഗം ചെയ്ത് യുവതിയെ കീഴ്‌പ്പെടുത്തി. യുവതിയുടെ മൊഴിയില്‍ പറയുന്ന കാര്യങ്ങള്‍ തള്ളിക്കളയാനാകില്ലെന്നും കോടതി പറഞ്ഞു. പ്രതികള്‍ക്ക് കോടതിയില്‍ കീഴടങ്ങാം. ജാമ്യത്തിന്റെ കാര്യം ഉചിതമായ സമയത്ത് കോടതി തീരുമാനിക്കും. വൈദികരുടെ മുന്‍കൂര്‍ ജാമ്യം തള്ളിക്കൊണ്ടുള്ള ഉത്തരവിലാണ് കോടതി നിലപാട് അറിയിച്ചത്.

ഫാ. ജെയ്‌സ് കെ.ജോര്‍ജ്, ഫാ. സോണി വര്‍ഗീസ്, ഫാ. ജോബ് മാത്യു എന്നിവര്‍ സമര്‍പ്പിച്ച മുന്‍കൂര്‍ ജാമ്യ ഹർജിയാണു കോടതി തള്ളിയത്.മാനഭംഗം, സ്ത്രീത്വത്തെ അപമാനിക്കൽ എന്നീ ജാമ്യമില്ലാ വകുപ്പുകൾ പ്രകാരമാണു വൈദികര്‍ക്കെതിരെ ക്രൈംബ്രാഞ്ച് കേസ്. അഞ്ച് വൈദികര്‍ക്കെതിരെയാണു വീട്ടമ്മയുടെ ഭര്‍ത്താവ് പീഡനക്കുറ്റം ആരോപിച്ചത്.

എന്നാൽ, ഫാ.ജെയ്‌സ് കെ.ജോര്‍ജ്, ഫാ. എബ്രാഹം വര്‍ഗീസ്, ഫാ. ജോണ്‍സണ്‍ വി. മാത്യു, ഫാ.ജോബ് മാത്യു എന്നിവര്‍ക്കെതിരെ മാത്രമാണു യുവതി മൊഴി നൽകിയത്. മുൻകൂർ ജാമ്യാപേക്ഷ തള്ളിയതോടെ അറസ്റ്റ് നടപടികളുമായി പൊലീസ് മുന്നോട്ടുപോവുകയാണ്. വീട്ടമ്മയുടെ പരാതി ഗൂഢലക്ഷ്യങ്ങളോടെ ആയിരുന്നെന്നും അവരുടെ മൊഴിപ്രകാരം പീഡനക്കുറ്റം നിലനിൽക്കില്ലെന്നുമാണു വൈദികർ വാദിച്ചത്. എന്നാൽ, വൈദികർക്കു മുൻ‌കൂർജാമ്യം നൽകരുതെന്നു സർക്കാർ നിലപാടെടു‌ത്തു. വീട്ടമ്മയുടെ മതവിശ്വാസത്തെ പ്രതികൾ ദുരുപയോഗം ചെയ്തെന്നും സർക്കാർ അഭിഭാഷകൻ ചൂണ്ടിക്കാട്ടി.

2014ല്‍ യുവതിയുടെ ഇടവകവികാരിയായി വൈദികന്‍ ജോലിചെയ്യവേയാണ് ലൈംഗിക പീഡനം നടന്നത്. ഭര്‍തൃസഹോദരനും കുടുംബവുമായുള്ള പ്രശ്‌നം പരിഹരിക്കുന്നതിനാണ് യുവതി വൈദികനെ പള്ളി ഓഫീസില്‍ ചെന്നുകണ്ടത്. വിവരങ്ങള്‍ ചോദിച്ചറിയുന്നതിനിടെ വൈദികന്‍ ലൈംഗികമായി പീഡിപ്പിച്ചു. വിവരം വീട്ടുകാരോട് പറയുകയും നിലയ്ക്കല്‍, റാന്നി ഭദ്രാസന മെത്രാപ്പൊലീത്തമാര്‍ക്ക് പരാതി നല്‍കുകയും ചെയ്തു. ഇതിനിടെ പലപ്രാവശ്യം വൈദികന്‍ തന്റെ മൊബൈല്‍ഫോണിലേക്ക് ലൈംഗികച്ചുവയുള്ള സന്ദേശങ്ങളും അയച്ചു. സഭാതലത്തിലുള്ള അന്വേഷണം വന്നപ്പോള്‍ വൈദികന്‍ വീട്ടിലെത്തി ആത്മഹത്യാഭീഷണി മുഴക്കി. ഇതേത്തുടര്‍ന്ന് ഇടവക കമ്മിറ്റിയുടെ നേതൃത്വത്തില്‍ നടന്ന ഒത്തുതീര്‍പ്പ് ശ്രമങ്ങള്‍ക്ക് താന്‍ വഴങ്ങി. തെറ്റുകള്‍ ഇനി ഉണ്ടാകില്ലെന്ന് വൈദികന്‍ ഉറപ്പും നല്‍കി. തുടര്‍ന്ന് പരാതി പിന്‍വലിച്ചു.

എന്നാല്‍, മറ്റൊരു പള്ളിയിലേക്ക് സ്ഥലം മാറിപ്പോയ വൈദികന്‍ വീണ്ടും തന്റെ മൊബൈല്‍ ഫോണിലേക്ക് ഇത്തരം സന്ദേശങ്ങള്‍ അയക്കുന്നത് തുടര്‍ന്നു. പ്രസംഗങ്ങളില്‍ തന്റെ പേരെടുത്ത് പറഞ്ഞ് വ്യക്തിഹത്യ നടത്തി. പൊലീസിലും ഭദ്രാസന മെത്രാപ്പൊലീത്തമാര്‍ക്കും താന്‍ പരാതി നല്‍കിയെങ്കിലും വൈദികനെതിരേ യാതൊരു ശിക്ഷാനടപടിയും ഉണ്ടായില്ലെന്നും യുവതി പറഞ്ഞു. താനിപ്പോള്‍ ആത്മഹത്യയുടെ വക്കിലാണ് യുവതി പറഞ്ഞു. നീതിക്കായി പല വാതിലുകളും മുട്ടി. പ്രയോജനമുണ്ടായില്ല. ഇടവകയിലും നാട്ടിലും താന്‍ ഒറ്റപ്പെട്ട നിലയിലാണ്. പള്ളിയില്‍ ആരാധനയ്ക്ക് പോകാന്‍പോലും പറ്റുന്നില്ല. തനിക്ക് പതിനൊന്നും പത്തും വയസ്സുള്ള രണ്ട് കുട്ടികളുണ്ട്. അതുകൊണ്ട് മാത്രമാണ് ജീവിക്കുന്നത് -അവര്‍ വിശദീകരിച്ചു.

നിങ്ങളുടെ അഭിപ്രായങ്ങള്‍ രേഖപ്പെടുത്തൂ