പാര്‍വതിയുടെ കാര്യത്തിലും . . ‘തീരുമാനമായി’ ‘അമ്മ’ക്കൊപ്പം തമിഴ് നടികര്‍ സംഘവും . . !

ലയാള താരങ്ങളുടെ സംഘടനയുടെ നിലപാടിനൊപ്പം നില്‍ക്കുമെന്ന് തമിഴ് നടികര്‍ സംഘം. ദിലീപിനെ കുറ്റക്കാരനായി കോടതി കണ്ടെത്താതെ കുറ്റക്കാരനായി ചിത്രീകരിക്കുന്നതില്‍ കാര്യമില്ലന്ന നിലപാടിലാണ് തമിഴ് സിനിമാ ലോകം.

പുതിയ സിനിമയുടെ റിലീസിനോടനുബന്ധിച്ച് കേരളത്തിലെത്തിയ നടനും നടികര്‍ സംഘം ഭാരവാഹിയുമായ കാര്‍ത്തിയും ഇതേ അഭിപ്രായ പ്രകടനമാണ് സ്വകാര്യ ചാനലിന് നല്‍കിയ അഭിമുഖത്തില്‍ പങ്കുവച്ചത്.

ദിലീപിനെതിരെയും ‘അമ്മ’ക്കെതിരെയും കാര്‍ത്തിയുടെ ഭാഗത്ത് നിന്നും പ്രതികരണമുണ്ടാകുമെന്ന് കരുതി നിരവധി ചോദ്യങ്ങളാണ് മാധ്യമ പ്രവര്‍ത്തകന്‍ ചോദിച്ചിരുന്നത്. എന്നാല്‍ ചോദ്യങ്ങളുടെ ‘ഉദ്ദേശ്യം’ മനസിലാക്കി ഷാര്‍പ്പ് ആയി തന്നെ കാര്‍ത്തിയും മറുപടി നല്‍കി.

കോടതി കുറ്റക്കാരനായി കാണാത്ത വ്യക്തിയെ എന്തിനാണ് ഇപ്പോള്‍ പ്രതിയാക്കി വിചാരണ ചെയ്യുന്നത് എന്നതായിരുന്നു കാര്‍ത്തിയുടെ ചോദ്യം. അഭിമുഖത്തില്‍ പ്രതീക്ഷിച്ച ഉത്തരം ലഭിക്കാത്തതിനാല്‍ എഡിറ്റ് ചെയ്ത് ചുരുക്കിയാണ് ഈ ഭാഗം പ്രക്ഷേപണം ചെയ്തിരുന്നത്.

പ്രമുഖ തെന്നിന്ത്യന്‍ താരം സൂര്യയുടെ സഹോദരനാണ് കാര്‍ത്തി. തമിഴകത്തെ മുന്‍ നിര നായകനായ കാര്‍ത്തിയും നാസറും വിശാലും അടങ്ങുന്ന സംഘമാണ് താരസംഘടന തലപ്പത്ത് ‘അട്ടിമറി’ നടത്തി ഭരണം പിടിച്ചെടുത്തിരുന്നത്.

രാധാരവി-ശരത് കുമാര്‍ ടീമിനെയാണ് നടികര്‍ സംഘം തെരെഞ്ഞെടുപ്പില്‍ അവര്‍ പരാജയപ്പെടുത്തിയത്.

അതേസമയം മലയാളത്തിലെയും തമിഴിലെയും താരങ്ങള്‍ ഒറ്റക്കെട്ടായി മുന്നോട്ട് പോകുമെന്ന നടികര്‍ സംഘം നിലപാട് തമിഴില്‍ അറിയപ്പെടുന്ന നടിയായ പാര്‍വതിക്ക് തിരിച്ചടിയാകുമെന്നാണ് സൂചന.

‘അമ്മ’ക്കെതിരെ കടുത്ത നിലപാടുമായി മുന്നോട്ട് പോകുന്ന ഡബ്ല്യൂ.സി.സിയുമായി ഒരു കാരണവശാലും സഹകരിക്കേണ്ടതില്ലന്ന രഹസ്യ തീരുമാനം ഇപ്പോള്‍ തന്നെ കേരളത്തിലെ സിനിമാ സംഘടനകള്‍ക്കിടയില്‍ ഉണ്ട്.

കേരളത്തിലെ മാതൃകയില്‍ തമിഴകത്തും ഏതാനും പേര്‍ ചേര്‍ന്ന് വനിതാ സിനിമാ പ്രവര്‍ത്തകരുടെ സംഘടന ഉണ്ടാക്കുന്നത് ഇഷ്ടപ്പെടാത്ത തമിഴ് സിനിമാ സംഘടനകളും ഇക്കാര്യത്തില്‍ ജാഗ്രതയിലാണ്.

പാര്‍വതി കേരളത്തിലെ പോലെ തമിഴകത്തെ നടിമാരെയും മറ്റു വനിതാ സിനിമാ പ്രവര്‍ത്തകരെയും സംഘടിപ്പിച്ച് പുതിയ സംഘടന ഉണ്ടാക്കുകയോ അതല്ലങ്കില്‍ ഡബ്ല്യൂ.സി.സിയുടെ ഭാഗമാക്കാന്‍ ശ്രമിക്കുകയോ ചെയ്യുന്നത് ഒഴിവാക്കാന്‍ ഇവരെ ഇപ്പോഴേ ‘മാറ്റി’ നിര്‍ത്തുന്നതാണ് നല്ലതെന്ന അഭിപ്രായം തെന്നിന്ത്യന്‍ സിനിമാ സംഘടനകള്‍ക്കിടയില്‍ ഉയര്‍ന്നുകഴിഞ്ഞു.

പാര്‍വതിക്ക് പുറമെ രമ്യ നമ്പീശനും തമിഴകത്ത് അറിയപ്പെടുന്ന താരമാണ്. എന്നാല്‍ ദിലീപ് വിഷയത്തില്‍ നിലപാട് സ്വീകരിച്ചതിനു ശേഷം രണ്ടു പേര്‍ക്കും ഇപ്പോള്‍ പൊതുവെ ഇവിടെയും അവസരം കുറവാണ്.

അഡ്വാന്‍സ് വാങ്ങിയ സിനിമകളാണ് ഇപ്പോള്‍ നിലവില്‍ പാര്‍വതി ചെയ്യുന്നത്. മലയാളത്തില്‍ പൃഥ്വിരാജിനൊപ്പം അഭിനയിച്ച ‘മൈ സ്റ്റോറി’ വലിയ പരാജയമായതും പാര്‍വതിക്ക് നിലവില്‍ വലിയ തിരിച്ചടിയാണ്.

പാര്‍വതിക്ക് എതിരായ വ്യാപക ക്യാമ്പയിന്‍ ആണ് സിനിമയെ ബാധിച്ചതെന്ന് ചൂണ്ടിക്കാട്ടി സംവിധായക തന്നെ കഴിഞ്ഞ ദിവസം രംഗത്തു വന്നിരുന്നു. പാര്‍വതിയെ നായികയാക്കി സിനിമ ചെയ്യാന്‍ അഡ്വാന്‍സ് നല്‍കിയവരെ ആശങ്കപ്പെടുത്തുന്ന പ്രതികരണമാണിത്.

ഇതിനിടെ അമ്മ ജനറല്‍ ബോഡിയില്‍ ഐക്യകണ്‌ഠേന ദിലീപിനെ തിരിച്ചെടുക്കാന്‍ തീരുമാനിച്ചത് റദ്ദാക്കിക്കാന്‍ പുറത്ത് പട നയിക്കുന്ന ഡബ്ല്യു.സി.സി നിലപാടില്‍ താരങ്ങള്‍ ഇപ്പോള്‍ കൂടുതല്‍ കലിപ്പിലാണ്.

യോഗത്തില്‍ പങ്കെടുക്കാതെ പുറത്ത് പോയി സംഘടനാ തീരുമാനത്തെ വെല്ലുവിളിച്ചവരെയും രാജിവച്ചവരെയും ഇനി ഒരു കാരണവശാലും തിരിച്ചെടുക്കരുതെന്ന വികാരമാണ് അമ്മയിലെ ഭൂരിപക്ഷത്തിനുമുള്ളത്.

മോഹന്‍ലാല്‍ സംഘടനാ തീരുമാനം പ്രഖ്യാപിച്ചതിനു ശേഷം ലാലിനെതിരെയും കടന്നാക്രമിച്ച ഡബ്ല്യൂ.സി.സി നിലപാടാണ് താരങ്ങളെ കുപിതരാക്കിയിരിക്കുന്നത്.

10 താരങ്ങളുടെ പോലും തികച്ചുള്ള പിന്തുണ കിട്ടാത്തവര്‍ ഇപ്പോള്‍ നടത്തുന്ന സമര്‍ദ്ദത്തിനു വഴങ്ങി വീണ്ടും ജനറല്‍ ബോഡി വിളിച്ചു ചേര്‍ക്കേണ്ടതില്ലന്ന നിലപാട് സീനിയര്‍ താരങ്ങള്‍ ഉള്‍പ്പെടെ അമ്മ നേതൃത്വത്തെ അറിയിച്ച് കഴിഞ്ഞിട്ടുമുണ്ട്.

ഇനി യോഗം വിളിച്ചു ചേര്‍ക്കുകയാണെങ്കില്‍ തന്നെ ഡബ്ലൂ.സി.സിയുടെ ആവശ്യത്തില്‍ പരസ്യമായ വോട്ടെടുപ്പ് ആവശ്യപ്പെടുവാനാണ് തീരുമാനം.