അമ്മയ്ക്ക് എതിരെയാണ് ഡബ്ല്യുസിസി എന്ന നിരീക്ഷണം ശരിയല്ല: പത്മപ്രിയ

കൊച്ചി : ചലച്ചിത്രപ്രവര്‍ത്തകരുടെ സംഘടനയായ അസോസിയേഷന്‍ ഓഫ് മലയാളം മൂവി ആര്‍ട്ടിസ്റ്റും (അമ്മ) വിമന്‍ ഇന്‍ സിനിമാ കലക്ടീവും (ഡബ്ല്യൂസിസി) തമ്മിലുള്ള പ്രശ്‌നം വേഗം പരിഹരിക്കുന്നതാണ് മലയാള സിനിമയ്ക്കു ഗുണകരമെന്ന് പത്മപ്രിയ പറഞ്ഞു.

വനിതാക്കൂട്ടായ്മയുടേതു ലിംഗ വിവേചനത്തിനെതിരെയും തുല്യനീതിക്കുമായുള്ള പോരാട്ടമാണ്. ‘അമ്മ’യ്ക്ക് എതിരെയാണ് ഡബ്ല്യുസിസി എന്ന നിരീക്ഷണം ശരിയല്ല. ദിലീപിനെ തിരിച്ചെടുക്കുന്നതുമായി ബന്ധപ്പെട്ട ഭിന്നാഭിപ്രായമാണ് നിലനില്‍ക്കുന്നത്. ജനാധിപത്യപരമായ ഈ അഭിപ്രായത്തെ മാനിച്ച് തുറന്ന ചര്‍ച്ചയുണ്ടാകണമെന്നും പത്മപ്രിയ ആവശ്യപ്പെട്ടു.

ദിലീപിനെ താരസംഘടനയില്‍ തിരിച്ചെടുക്കുന്നതടക്കമുള്ള വിഷയങ്ങള്‍ ചൂണ്ടിക്കാട്ടി അമ്മ പ്രസിഡന്റ് മോഹന്‍ലാല്‍ നടത്തിയ വാര്‍ത്താ സമ്മേളനത്തെ പരിക്ഷമായി വിമര്‍ശിച്ച് വനിതാ സംഘടനായ വിമണ്‍ ഇന്‍ സിനിമാകളക്റ്റീവ് കഴിഞ്ഞ ദിവസം രംഗത്തെത്തിയിരുന്നു. മോഹന്‍ലാല്‍ നടത്തിയ വാര്‍ത്താ സമ്മേളനം അങ്ങേയറ്റം നിരാശാജനകമായിരുന്നെന്ന് വ്യക്തമാക്കി തങ്ങളുടെ ഔദ്യോഗിക ഫെയ്‌സ്ബുക്ക് പേജിലാണ് ഡബ്ല്യൂസിസി ഇക്കാര്യം വ്യക്തമാക്കിയത്.