വനിതാസംവരണ ബില്‍ പാസ്സാക്കാന്‍ ധൈര്യമുണ്ടോ; മോദിയെ വെല്ലുവിളിച്ച് രാഹുല്‍ ഗാന്ധി

ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്രമോദിയെ വെല്ലുവിളിച്ച് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. വനിതാസംവരണ ബില്‍ പാസ്സാക്കാന്‍ ധൈര്യമുണ്ടോയെന്നാണ് രാഹുല്‍ ഗാന്ധി ചോദിക്കുന്നത്. ബില്‍ പാസ്സാക്കാന്‍ കോണ്‍ഗ്രസിന്റെ പരിധികളില്ലാത്ത പിന്തുണ ഉറപ്പ് നല്കുന്നതായും രാഹുല്‍ ട്വീറ്റ് ചെയ്തു. പാര്‍ലമെന്റിലും നിയമസഭയിലും സ്ത്രീകള്‍ക്ക് 33 ശതമാനം സംവരണം ഉറപ്പാക്കുന്ന ബില്‍ 2010ല്‍ രാജ്യസഭയില്‍ പാസ്സായതാണ്. എന്നാല്‍, ഇതുവരെ ലോക്‌സഭയില്‍ പാസ്സാക്കാന്‍ കഴിഞ്ഞിട്ടില്ല.

ഈ വെല്ലുവിളി ഏറ്റെടുക്കാന്‍ തയ്യാറാണോ എന്നാണ് രാഹുല്‍ ഗാന്ധി ചോദിക്കുന്നത്. ബില്ലിനെ പിന്തുണയ്ക്കുന്ന 32 ലക്ഷം പേരുടെ വോട്ടുകള്‍ കോണ്‍ഗ്രസ് ശേഖരിച്ചിട്ടുണ്ടെന്നും രാഹുല്‍ പറയുന്നു. പാര്‍ട്ടി രാഷ്ട്രീയത്തിനപ്പുറം പ്രധാനമന്ത്രി എത്തേണ്ട സമയമാണിത്. പാര്‍ലമെന്റില്‍ വനിതാസംവരണബില്‍ പാസ്സാക്കേണ്ട അവസരം അതിക്രമിച്ചിരിക്കുന്നു. ഇക്കാര്യത്തില്‍ കോണ്‍ഗ്രസിന്റെ പിന്തുണ പ്രധാനമന്ത്രിക്കുണ്ടാകും രാഹുല്‍ ട്വീറ്റ് ചെയ്തു. പ്രധാനമന്ത്രിക്ക് അയച്ച കത്തും ഒപ്പും ട്വീറ്റ് ചെയ്തിട്ടുണ്ട്.

പ്രധാനമന്ത്രീ, സ്ത്രീശാക്തീകരണത്തെക്കുറിച്ചും സമൂഹത്തിന്റെ മുഖ്യധാരയിലേക്ക് സ്ത്രീകളെ സജീവമാക്കുന്നതിനെക്കുറിച്ചും താങ്കള്‍ റാലികളിലും മറ്റും നിരന്തരം പ്രസംഗിക്കാറുണ്ടല്ലോ. വനിതാസംവരണ ബില്ലിനെ പിന്തുണയ്ക്കുന്നതിലും നല്ലൊരു മാര്‍ഗം അതിനായി താങ്കളുടെ ഭാഗത്ത് നിന്നുണ്ടാവാനുണ്ടോ. ഇനി വരുന്ന പാര്‍ലമെന്റ് സമ്മേളനമല്ലാതെ അതിനു യോജിച്ച മികച്ചൊരു സമയം വേറെന്താണുള്ളത്. ബില്‍ പാര്‍ലമെന്റിന്റെ വര്‍ഷകാല സമ്മേളനത്തില്‍ അവതരിപ്പിക്കണമെന്നാവശ്യപ്പെട്ട് പ്രധാനമന്ത്രിക്ക് അയച്ച കത്തില്‍ രാഹുല്‍ ചോദിക്കുന്നു.