ഫഹദ് ഫാസില്‍ നായകനാവുന്ന ഞാന്‍ പ്രകാശൻ:വീണ്ടും സത്യന്‍ അന്തിക്കാട് ശ്രീനിവാസന്‍ കൂട്ടുകെട്ടെത്തുന്നു

സത്യന്‍ അന്തിക്കാട് ശ്രീനിവാസന്‍ കൂട്ടുകെട്ടില്‍ പിറക്കുന്ന ചിത്രങ്ങള്‍ എന്നും മലയാളിക്ക് ആവേശമാണ്. സന്മനസ്സുള്ളവര്‍ക്ക് സമാധാനവും, നാടോടിക്കാറ്റും, പട്ടണ പ്രവേശവും, ഗാന്ധി നഗര്‍ സെക്കറ്റ് സ്ട്രീറ്റുമൊക്കെ മലയാളിയുടെ ഹൃദയങ്ങളില്‍ ഇന്നും ഉദിച്ചു നില്‍ക്കുന്ന ചിത്രങ്ങളാണ്. ഇപ്പോള്‍ ഇതാ വീണ്ടും മലയാളി മനസ്സിനെ ആവേശത്തിലാഴ്ത്തി വീണ്ടും സത്യന്‍ അന്തിക്കാട് ശ്രീനിവാസന്‍ കൂട്ടുകെട്ട് എത്തുന്നു.

പതിനാറു വര്‍ഷങ്ങള്‍ക്ക് മുമ്പ് പുറത്തിറങ്ങിയ ‘യാത്രക്കാരുടെ ശ്രദ്ധയ്ക്ക്’ എന്ന ചിത്രത്തിന് ശേഷം സത്യന്‍ അന്തിക്കാട് ശ്രീനിവാസന്‍ ടീം ഒന്നിക്കുന്ന പുതിയ ചിത്രമാണ് ഞാന്‍ പ്രകാശന്‍. സിനിമ ചിത്രീകരണം തുടങ്ങുന്ന കാര്യം സത്യന്‍ അന്തിക്കാട് ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് പങ്കുവെച്ചത്. ‘പ്രകാശന്‍’ എന്ന ടൈറ്റില്‍ കഥാപാത്രത്തെ ഫഹദ് ഫാസിലാണ് അവതരിപ്പിക്കുന്നത്. ഫുള്‍ മൂണ്‍ സിനിമയുടെ ബാനറില്‍ സേതു മണ്ണാര്‍ക്കാടാണ് ചിത്രം നിര്‍മ്മിക്കുന്നത്.

ചിത്രത്തിന് നേരത്തെ മലയാളി എന്നാണ് പേരിട്ടിരുന്നത് പിന്നീട് ആ പേര് പിന്‍വലിക്കുകയും ഞാന്‍ പ്രകാശന്‍ എന്നാക്കുകയുമായിരുന്നു. സത്യന്‍ അന്തിക്കാട് തന്റെ ഫെയ്‌സ്ബുക്ക് പേജിലൂടെയാണ് ഞാന്‍ പ്രകാശന്‍ എന്ന നാടന്‍ ടച്ചുള്ള പേര് പ്രഖ്യാപിച്ചത്. നമുക്ക് ചുറ്റും നമ്മള്‍ കാണുന്ന ഒരു ടിപ്പിക്കല്‍ ടച്ചുള്ള മലയാളി യുവാവ് എന്നാണ് സത്യന്‍ അന്തിക്കാട് പ്രകാശനെക്കുറിച്ച് വിശദീകരിച്ചത്. പ്രകാശനാണ് ഈ കഥയുടെ ജീവനെന്നും സംവിധായകന്‍ കൂട്ടിച്ചേര്‍ത്തു.

വര്‍ഷങ്ങള്‍ക്ക് ശേഷം ശ്രീനിവാസന്‍ സത്യന്‍ അന്തിക്കാട് ടീം ഒന്നിക്കുമ്പോള്‍ ഒരു മികച്ച കുടുംബചിത്രം എന്ന പ്രതീക്ഷയാണ് പ്രേക്ഷകര്‍ക്ക് ലഭിക്കുന്നത്. ഫുള്‍ മൂണ്‍ സിനിമയുടെ ബാനറില്‍ സേതു മണ്ണാര്‍ക്കാട് നിര്‍മ്മിക്കുന്ന ചിത്രത്തിന് തിരക്കഥ ഒരുക്കുന്നത് ശ്രീനിവാസനാണ്. ചിത്രത്തില്‍ നിര്‍ണായകമായൊരു വേഷത്തില്‍ അദ്ദേഹം അഭിനയിക്കുന്നുമുണ്ട്. ഗോപാല്‍ജി എന്നാണ് ശ്രീനിവാസന്‍ കഥാപാത്രത്തിന്റെ പേര്. നിഖില വിമലാണ് നായികയായി എത്തുന്നത്.