വളർത്തുകയും തളർത്തുകയും ചെയ്യുന്ന കാനഡ

ജീന രാജേഷ്, കാനഡ

നമ്മുടെ സാമൂഹത്തിൽ ഇടത്തരക്കാരായ മാതാപിതാക്കൾ ജീവിക്കുന്നതും അധ്വാനിക്കുന്നതും മക്കൾക്ക് വേണ്ടിയാണ്. രാവും പകലും അധ്വാനിക്കുന്ന ഇവരുടെ ഭാവിയിലേക്കുള്ള വിദൂര പ്രതീക്ഷയാണ് മക്കൾ. മക്കൾ അവർക്കായി തിരിച്ചെന്തെങ്കിലും ചെയ്യണമെന്ന പ്രതീക്ഷയേക്കാൾ അവരുടെ ജീവിത നിലവാരം തങ്ങളുടേതിനേക്കാൾ മെച്ചപ്പെടുത്തണം എന്ന ആഗ്രഹമാണ് ഇതിനു പിന്നിൽ. പക്ഷെ പലപ്പോഴും കുട്ടികൾക്ക് ഇത് മനസ്സിലാവാറില്ല. പ്രത്യേകിച്ചും വീടുകളിലെ കഷ്ടപ്പാടുകൾ അറിയാതെ വളരുന്നവർക്ക്. അവരെ സംബന്ധിച്ചിടത്തോളം അച്ഛനമ്മമാർ എന്നും പഠിക്കാനും അധ്വാനിക്കാനും പറഞ്ഞു പിന്നാലെ നടക്കുന്നവർ. സ്വന്തം കഷ്ടപ്പാടുകൾ എണ്ണിയെണ്ണി പറഞ്ഞു കൊണ്ട് കുട്ടികളെ അലോസരപ്പെടുത്തുന്നവർ!! എന്നിരുന്നാലും മക്കളുടെ നന്മക്കു വേണ്ടി എന്തു ത്യാഗവും ചെയ്യുന്നവരാണ് ഈ മാതാപിതാക്കളെല്ലാം. മക്കൾ തോറ്റു പോകുമ്പോൾ പലപ്പോഴും മാതാപിതാക്കളും തോൽക്കുന്നു. അതു കൊണ്ടാവാം അവർ പലപ്പോഴും മക്കളുടെ പഠന കാര്യങ്ങളിലും മറ്റു വിഷയങ്ങളിലും അമിതമായ ശ്രദ്ധയും താല്പര്യവും പ്രകടിപ്പിക്കുന്നത്.
കാനഡയിൽ പഠനത്തിനായി മാത്രം എത്രയോ കുട്ടികളാണെന്നോ ഓരോ വർഷവും വന്നിറങ്ങുന്നത്!! അതിൽ ചിലരെയെങ്കിലും കിടപ്പാടം പോലും പണയപ്പെടുത്തി ലോൺ എടുത്താണ് മാതാപിതാക്കൾ അയക്കുന്നത്. കോളേജ് ഫീസിനും നിത്യച്ചിലവിനും മറ്റുമായി ലക്ഷക്കണക്കിന് രൂപയാണല്ലോ വേണ്ടത്!! ഇരുപതും മുപ്പതും ലക്ഷങ്ങൾ കയ്യിലെടുക്കാനില്ലാത്ത മാതാപിതാക്കൾക്ക് കടം വാങ്ങുകയല്ലാതെ മറ്റെന്ത് ആശ്രയം! ഇത്തരം കുടുംബങ്ങളുടെ മുഴുവൻ പ്രതീക്ഷയും മിക്കവാറും ഈ വിദ്യാർത്ഥിയിൽ മാത്രമാണ് എന്നതാണ് വസ്തുത.
നാട്ടിൽ നിന്നും നോക്കുമ്പോൾ കാനഡ ഒരു സ്വപ്ന ലോകമാണ്. സിനിമകളിലും മറ്റും കണ്ടിട്ടുള്ള ഒരു ‘ലാവിഷ് കൺട്രി’. അതിന് ആക്കം കൂട്ടാൻ അമേരിക്കൻ-കാനേഡിയൻ മലയാളികളുടെ പണക്കൊഴുപ്പുകളും ഉണ്ടാകും!! എന്നാൽ പലപ്പോഴും കുട്ടികൾ അറിയുന്നില്ല ഈ പണക്കൊഴുപ്പിലേക്കുള്ള പാത എത്രത്തോളം ദുർഘടം പിടിച്ചതാണെന്ന്. കാനഡയിലും അമേരിക്കയിലുമൊക്കെ വന്നിറങ്ങി ദുരിത പർവങ്ങളേറെ താണ്ടി അവസാനം ഒരു തീരത്തണഞ്ഞവരാണ് ഇവിടുള്ള പഴയ ആളുകളെല്ലാം തന്നെ.
കുട്ടികൾ പലരും വന്നിറങ്ങി ഏറെക്കഴിയും മുമ്പേ തന്നെ തിരിച്ചറിയുന്ന ചില പരുക്കൻ യാഥാർഥ്യങ്ങളുണ്ട്. അതിൽ ഒന്നാമത്തേതാണ് താങ്ങിനും തണലിനും അച്ഛനമ്മമാരോ മറ്റുള്ളവരോ പിന്നിലില്ലെന്നത്. ഈ മണ്ണിൽ വന്നാലുടൻ ഒരു ജോലി തരപ്പെടുത്തുക എന്നതാകും ആദ്യത്തെ ശ്രമം. എല്ലാവരുടെയും തന്നെ തുടക്കം ഏതെങ്കിലും റെസ്റ്റോറന്റ്കളിലോ പലചരക്കു കടകളിലോ ആയിരിക്കും. അതല്ലാതെ മറ്റൊരു ജോലി കിട്ടുന്നവർ ഭാഗ്യവാന്മാർ. പലരും നിയമപരമായ ഇരുപതു മണിക്കൂർ ജോലി കൂടാതെ ‘ക്യാഷ് ജോബ്’ എന്ന ഓമനപ്പേരുള്ള വേറെയും ജോലികൾ ചെയ്യുന്നു. നിയമ വിധേയമല്ലാത്തതിനാൽ ക്യാഷ് ജോബിൽ താരതമ്യേന വളരെ തുച്ഛമായ ശമ്പളം ആണ് കിട്ടുക. അതു കൊണ്ടു തന്നെ കുട്ടികൾ ഒന്നിലേറെ ജോലികൾ ചെയ്യാൻ നിർബന്ധിതരാക്കപ്പെടുന്നു. ശാരീരിക ക്ഷമത കൂടുതൽ വേണ്ട ഭാരോദ്വാഹനം പോലുളള ജോലികൾ ചെയ്ത് പെൺകുട്ടികളേക്കാൾ ആൺകുട്ടികൾക്ക് പണം സമ്പാദിക്കാനാവുന്നുണ്ട്. എന്തായാലും ഈ കുട്ടികളിൽ പലർക്കും പഠനവച്ചിലവും ദൈനം ദിന ചിലവുകളും മാത്രമല്ല താങ്ങേണ്ടത് നാട്ടിലെ ബാങ്കിൽ നിന്നുമെടുക്കുന്ന ആദ്യം പറഞ്ഞ ആ വലിയ വിദ്യാഭ്യാസ വായ്പയുടെ ഭാരവും ഉണ്ടാകും.
പക്ഷേ കുട്ടികളേ മാതാപിതാക്കളെ, കാനഡയിൽ വന്നിറങ്ങിയാലുടൻ ഡോളറുകൾ വാരിക്കൂട്ടാമെന്നും നിങ്ങൾ നാട്ടിലെടുക്കുന്ന വായ്പയും മറ്റും ഇവിടെ വന്നിറങ്ങിയാലുടൻ അടച്ചു തുടങ്ങാമെന്നും സ്വപ്നം കാണരുത്. പ്രലോഭനങ്ങളിൽ വീഴാതെ യാഥാർഥ്യങ്ങളെക്കുറിച്ചു നന്നായി വിശകലനം നടത്തി മാത്രം ഓരോ അടിയും മുന്നോട്ടു വയ്ക്കുക. മാതാപിതാക്കളേ നിങ്ങളോർക്കുക നിങ്ങൾ ഇങ്ങോട്ടു മക്കളെ പഠിക്കാനാണ് വിടുന്നത്. പഠനം കഴിയുന്നത് വരെ അവർക്ക് അത് മാത്രമേ ചെയ്യാൻ കഴിയൂ. അത്യാവശ്യം നിലനിൽപ്പിനു വേണ്ടിയുള്ള ധനസമ്പാദനം മാത്രമേ ആ കാലയളവിൽ ഇവർക്ക് സാധിക്കുകയുള്ളൂ. കുറച്ചു പേരെങ്കിലും ഇതിനൊരപവാദമായി ഇല്ലെന്നെല്ല ഇപ്പറഞ്ഞതിനർത്ഥം.

സമയബന്ധിതമല്ലാത്ത ജോലിയും പരിചിതമല്ലാത്ത കാലാവസ്ഥയുടെ കാഠിന്യവും ആദ്യ വർഷങ്ങളിൽ കുട്ടികളെ വല്ലാതെ വലക്കും. സ്വന്തം വീടുകളിൽ അവനവൻ ധരിച്ച വസ്ത്രം പോലും കഴുകാതെ വളരുന്ന പലരും ജീവിതത്തിൻറെയും തൊഴിലിൻറെയും പരുക്കൻ യാഥാർഥ്യങ്ങളിൽ പെട്ടു വലയുന്നത് സാധാരണം. എച്ചിലെടുക്കുന്നതും, ശുചിമുറികൾ വൃത്തിയാക്കുന്നതും എല്ലാം ഏതു ജോലിയും മഹത്തരമാണ് എന്നൊരു പാഠം കുട്ടികളെ പഠിപ്പിക്കുന്നുവെങ്കിലും ചിലരെയെങ്കിലും ഇത് താങ്ങാനാവാത്ത മാനസിക സമ്മർദ്ദത്തിലാഴ്ത്തുന്നു. മഹത്തായൊരു പാഠം പഠിക്കുന്നതിനു മുന്നേ കടന്നു പോകുന്ന ഒരു കടമ്പ. ചിലരൊക്കെ ഈ കടമ്പയിൽ തളർന്നു വീഴുന്നത് കണ്ടിട്ടുണ്ട്.
അതു കൊണ്ട് കുട്ടികളെ… നിങ്ങൾ കാനഡയിലേക്ക് വരുമ്പോൾ എന്ത് ജോലിയും ചെയ്യാൻ തയ്യാറായി കടന്നു വരൂ… ഏതു കഷ്ടപ്പാടിലും ഉറച്ചു നിൽക്കുമെന്നും അര വയറുണ്ടാലും മരം കോച്ചുന്ന തണുപ്പിൽ നടന്നാലും ലക്ഷ്യത്തിലെത്തും എന്നുറച്ചു തന്നെ പോരണം. കാരണം സ്ഥിരോത്സാഹികളും കഠിനാധ്വാനികളും മാത്രമേ വിജയത്തിലെത്തിയതായി കാണുന്നുള്ളൂ.
കാനഡയിൽ വന്നിറങ്ങുന്ന വളരെ ചെറിയ ശതമാനം വിദ്യാർത്ഥികൾക്ക് മാത്രമേ ഇവിടെ സ്ഥിര താമസത്തിനുള്ള വിസ കിട്ടാതെ പോകുന്നുളളൂ. പ്രധാന കാരണം പലപ്പോഴും സമയാസമയത്ത് അപേക്ഷകൾ അയക്കാത്തതോ അല്ലെങ്കിൽ വളരെ പ്രധാനപ്പെട്ട പല വിവരങ്ങളോ രേഖകളോ കൊടുക്കാത്തതോ കൊടുക്കാനാവാത്തതോ ആവാം. പൊതുവെ വളരെ സൗഹാർദ്ദപരമായ സമീപനമുള്ള കാനഡ മതിയായ കാരണങ്ങളില്ലാതെ ആരെയും പുറം തള്ളിയതായി കാണുന്നില്ല. പൊതുവെ രണ്ടു വർഷത്തെ പഠന കാലാവധിയിൽ കാനഡയിൽ എത്തുന്ന കുട്ടികൾക്ക് മൂന്നു വർഷത്തെക്ക് ഇവിടെ ജോലി ചെയ്യാൻ സാധിക്കും. ഒരു വർഷത്തെ പഠനത്തിന് വരുന്നവർക്ക് പിന്നെയും ഒരു വർഷം ജോലി ചെയ്യാനാകും.

ഒരു വർഷത്തെ പഠന വിസ അത്ര സാധാരണമായി കുട്ടികൾ എടുത്തു കാണുന്നില്ല. കാരണം പഠനം കഴിഞ്ഞു കാനഡയിൽ താമസിക്കാൻ അവർക്ക് കിട്ടുന്ന കാലാവധി തുച്ഛമാണ് എന്നത് തന്നെ. ഒരു വർഷത്തെ താമസ കാലയളവിനിടയിൽ പലപ്പോഴും സ്ഥിരതാമസത്തിനുള്ള വിസ തരപ്പെടുത്താൻ മിക്കവർക്കും സാധിക്കാറില്ല. അതു പോലെ തന്നെ മതിയായ എക്സ്പീരിയൻസും ഉണ്ടാക്കിയെടുക്കാൻ പറ്റിയെന്നു വരില്ല.
കുട്ടികളെ.. സ്ഥിരതാമസത്തിനുള്ള വിസ കിട്ടുന്നത് വരെ എങ്കിലുമുള്ള നിങ്ങളുടെ ജീവിതം വ്യക്തമായി പ്ലാൻ ചെയ്തു വരൂ. അത്യാവശ്യം വേണ്ടുന്ന രീതിയിൽ ചീത്ത വശങ്ങളും നല്ല വശങ്ങളും അറിഞ്ഞ് അവ പഠിച്ചു മാത്രം മുന്നോട്ടു പോവുക. ഇവിടെ വന്നിറങ്ങുന്ന മറ്റേതൊരാളെയും പോലെ നിങ്ങളുടെ കാര്യം നോക്കാൻ ഇവിടെ നിങ്ങൾ മാത്രമേ ഉള്ളു. വളരെ ചെറിയ തോതിലെങ്കിലും ചില പള്ളികളും ഇവിടെ വന്നിട്ടുള്ള പഴയ ചില ആളുകളും ഒരു ജോലിക്കായോ അല്ലെങ്കിൽ മറ്റേതെങ്കിലും വിധത്തിലുള്ള സഹായത്തിനായോ ഹസ്തം നീട്ടുന്നുണ്ടെങ്കിലും അത്തരം ആളുകളും സംഘടനകളും വിരലിലെണ്ണാവുന്നതാണ്.
ഇവിടുത്തെ വിദ്യാഭ്യാസത്തെപ്പറ്റിയും നന്നായറിഞ്ഞു വച്ചോളു. ഇവിടെ കോളേജുകളിൽ ഡിപ്ലോമ കോഴ്സുകളാണ് നടത്തപ്പെടുന്നത്. മുകളിൽ പറഞ്ഞ ഇരുപതു മുതൽ മുപ്പതു ലക്ഷം രൂപ വരെയുള്ള ചിലവുകൾ ഡിപ്ലോമ കോഴ്സിനു വേണ്ടിയുള്ളതാണ് .ബാച്ചിലർ ഡിഗ്രി പഠിക്കുന്നത് യൂണിവേഴ്സിറ്റികളിലാണ്. ഇതിന്റെ ചിലവാകട്ടെ ഡിപ്ലോമ കോഴ്സിന്റെ ഇരട്ടിയും. അതുകൊണ്ടു പന്ത്രണ്ടാം ക്‌ളാസ് കഴിഞ്ഞയുടൻ കാനഡയിലെ കോളേജുകളിൽ അഡ്മിഷൻ എടുക്കുന്നവർ വ്യക്തമായി ചോദിച്ചു മനസിലാക്കുക. നിങ്ങൾ എത്ര വർഷത്തെ കോഴ്സിനാണ് ചേരുന്നതെന്ന്.

പഠനം കഴിഞ്ഞു ജോലിയിൽ ആയിരിക്കുന്ന കാലയളവിൽ നിങ്ങൾക്ക് സ്ഥിരതാമസത്തിനുള്ള വിസക്ക് വേണ്ടി അപേക്ഷിക്കാം. പല മാനദണ്ഡങ്ങൾ നോക്കിയാണ് വിസയുടെ യോഗ്യത നിർണയിക്കുന്നത്, ഇംഗ്ലീഷ് പരീക്ഷയുടെ സ്കോർ, കാനഡയിലും നാട്ടിലും നിങ്ങൾക്കുള്ള വിദ്യാഭ്യാസം, പ്രവർത്തിപരിചയം എന്നിങ്ങനെ പലതും തുലനം ചെയ്താണ് ഈ വിസ നൽകപ്പെടുന്നത്.
മറ്റൊന്ന്, കാനഡയിൽ സാമ്പത്തിക സംബന്ധമായ എന്തു കാര്യത്തിനും, എന്തിനു പറയുന്നു വാടകയ്ക്ക് ഒരു വീട് എടുക്കണമെങ്കിൽ കൂടെ ആവശ്യമാണ് ‘ക്രെഡിറ്റ്‌ ഹിസ്റ്ററി’. കടം വാങ്ങുകയും സമയബന്ധിതമായി അത് തിരിച്ചടക്കുകയും ചെയ്യുമ്പോഴാണ് ഒരാളുടെ ക്രെഡിറ്റ് ഹിസ്റ്ററി നന്നാവുന്നത്. അല്ലാത്തപ്പോൾ ക്രെഡിറ്റ് സ്കോർ താഴേക്ക് പോകും. ക്രെഡിറ്റ് ഹിസ്റ്ററി ഉണ്ടാക്കി എടുക്കാൻ പല വഴികൾ ഉണ്ടെങ്കിലും ഏറ്റവും എളുപ്പം ഒരു ക്രെഡിറ്റ് കാർഡ് സ്വന്തമാക്കുക എന്നതാണ്. ചതിക്കുഴി ഇതാണ്; നമ്മൾ കടം അടച്ചു തീർക്കുന്ന മുറയിൽ ബാങ്കുകൾ നമ്മുടെ ബാലൻസ് കൂട്ടിക്കൊണ്ട് ഇരിക്കും. പലപ്പോഴും നമ്മൾ ഇതിൽ പെട്ടു പോകുന്നു. വരവറിയാതെ ചെലവ് ചെയ്യുന്ന ചിലരെങ്കിലും കടത്തിൽ മുങ്ങുന്നു. ബാങ്കുകളെ കൊള്ളയടിക്കാൻ ശ്രമിച്ചു കാനഡയിൽ നിന്നെ പുറത്താക്കപ്പെട്ട ചില വിരുതന്മാരുടെ കഥകളും കേട്ടിട്ടുണ്ട്.

ഇപ്പറഞ്ഞത് വിദ്യാർത്ഥികളെ മാത്രം ബാധിക്കുന്ന വിഷയമല്ല കേട്ടോ. വരവും ചിലവും സ്വയം കണക്കാക്കാനാവാത്ത ഏതൊരാളും ഇത്തരമൊരു വലയിലകപ്പെട്ടേക്കാം..പിന്നെ വർഷങ്ങളോളം അധ്വാനിച്ചു മാത്രമാണ് ഈ കടങ്ങളിൽ നിന്ന് വെളിയിൽ വരാനാവുക.
ഇനിയുമൊന്ന്, മാതാപിതാക്കളുടെ തണലിൽ നിന്നും മാറി നിൽക്കുമ്പോൾ ചിലർ തളർന്നു പോവുകയാണെങ്കിൽ മറ്റു ചിലർ നിയന്ത്രണമില്ലാതെ പാറിപ്പറക്കുന്നവരാണ്. നിയന്ത്രിക്കാനാളില്ലാതാവുന്നതിന്റെ പരിണിതഫലം പലപ്പോഴും മയക്കുമരുന്നിൻറെയും മദ്യത്തിന്റെയും ലോകവും വഴിപിഴച്ച കൂട്ടുകെട്ടുകളുമാണ്. പല പല മയക്കു മരുന്നുകൾ മാറി മാറി ഉപയോഗിക്കുന്നതാണത്രേ പുതിയ രീതി. കാനഡയിലിപ്പോൾ കഞ്ചാവ് നിയമവിധേയമായി വിൽക്കാനും വാങ്ങാനും പറ്റുന്ന സാഹചര്യങ്ങളിൽ ശ്രദ്ധയുടെ ഒരു മൂന്നാം കണ്ണ് തുറക്കേണ്ടിയിരിക്കുന്നു.
ഇത്രനേരം കുറെ ചീത്ത വശങ്ങളെക്കുറിച്ചു പറഞ്ഞ ഞാനിനി ഒരു കഥ പറയാം, എനിക്കറിയാവുന്ന ഒരു കുട്ടിയുടെ. എൻജിനീയറിങ് കഴിഞ്ഞാണ് അവൾ കാനഡയിലേക്ക് വന്നത്. അതു വരെ വീട്ടിൽ നിന്നു പഠിച്ചു. ബസ്സിന്‌ സമയമായി വീടിനു വെളിയിലേക്ക് ഓടുമ്പോഴാകും അമ്മ അവൾക്ക് പുല്ലു കുറുക്കിയത് വായിൽ വച്ചു കൊടുക്കുന്നത്. ‘എൻറെ കുഞ്ഞ് എന്തെങ്കിലും ഒന്നു കഴിച്ചിട്ട് പോകൂ’ എന്നും പറഞ്ഞ്. അതു പോലെ വളർന്ന അവൾ കാനഡയുടെ പച്ചപ്പിലേക്ക് സ്റ്റുഡൻറ് വിസയുമായി പറന്നിറങ്ങിയപ്പോളാണ് ജീവിതത്തിൻറെ പരുക്കൻ മുഖം ആദ്യമായി കണ്ടത്. എങ്കിലും ആദ്യത്തെ ഒരു സെമെസ്റ്ററിലേക്കുള്ള ഫീസ് മാത്രം മാതാപിതാക്കളുടെ കയ്യിൽ നിന്നും വാങ്ങിയ അവൾ പല പല ജോലികൾ ചെയ്താണ് ദൈനംദിന ചിലവുകൾക്കും പിന്നീടുളള ഫീസിനുമുള്ള പണം കണ്ടെത്തിയത്.

രണ്ടുവർഷത്തെ പഠനം കഴിഞ്ഞു രണ്ടു മാസത്തിനുള്ളിൽ ജോലി കണ്ടെത്തിയ അവൾ അടുത്ത ഒരു വർഷത്തിനുളളിൽ തന്നെ സ്ഥിരതാമസത്തിനുള്ള വിസയും കരസ്ഥമാക്കി. സ്ഥിര താമസത്തിനുള്ള വിസ സ്റ്റാമ്പ് ചെയ്യാൻ അമേരിക്കൻ ബോർഡറിൽ പോയ അവളെ ഇന്ന് സാധിക്കില്ല തിരക്കാണ്, മറ്റൊരു ദിവസം വരൂ എന്ന് പറഞ്ഞ അവിടെ നിന്നും തിരിച്ചയച്ചുവത്രെ. നയാഗ്ര വെള്ളച്ചാട്ടത്തിനോട് ചേർന്ന് അമേരിക്കയുമായി ബന്ധപ്പെടുത്തുന്ന നാല് പാലങ്ങളുണ്ട്. ഇതിൽ ഒന്നിലുള്ള ഓഫീസിൽ നിന്നാണ് ഈ മറുപടി കിട്ടിയത് അവൾക്ക്. അല്പം പോലും സമയം മിനക്കെടുത്താതെ ഈ കുട്ടി മറ്റു മൂന്നു സ്ഥലങ്ങളിലും പോയി. അവസാനം നാലാമത്തെ സ്ഥലത്ത് അവർ അവളെ കാനഡക്കു വെളിയിലിറങ്ങാൻ സമ്മതിക്കുകയും അതുവഴി; തിരിച്ചു കയറുമ്പോൾ (port of entry) ചെയ്യേണ്ടുന്ന എല്ലാ ഫോർമാലിറ്റീസും പൂർത്തിയാക്കാനും സാധിച്ചുവത്രെ. ഈ കുട്ടിയെക്കുറിച്ച് ഞാൻ എടുത്തു പറയാൻ കാരണം ഇപ്പോൾ മനസ്സിലായല്ലോ. ഇതു പോലെ അടയുന്ന വഴികൾക്കു മുന്നിൽ പകച്ചു നില്കാതെ സമയോചിതമായി കാര്യങ്ങൾ ചെയ്യാൻ കഴിവുള്ളവരാണോ നിങ്ങൾ, കാനഡ നിങ്ങളെ കൈവിടില്ലെന്നത് സുനിശ്ചിതം തന്നെ!!