പരാതിക്കാരിയായ കന്യാസ്ത്രീയുടെ സഹോദരനായ വൈദികനോടും സഭാ നേതൃത്വത്തിന്‍റെ പകപോക്കല്‍; വൈദികനോടൊപ്പം ഉണ്ടായിരുന്ന സഹായികളെ രൂപത തിരിച്ചു വിളിച്ചു; തന്‍റെ ജീവന് ഭീഷണിയുണ്ടെന്ന് വൈദികന്‍

ജലന്ധര്‍ ബിഷപ്പിനെതിരെ പരാതി കൊടുത്ത കന്യാസ്ത്രീയുടെ സഹോദരനായ വൈദികനോടും സഭാ നേതൃത്വത്തിന്‍റെ പ്രതികാര നടപടി. തന്നെ ഒറ്റപ്പെടുത്താനുളള നീക്കങ്ങളുടെ ഭാഗമായി അമൃത്സറിലെ ഇടവകയില്‍ തനിക്കൊപ്പം ജോലി ചെയ്തിരുന്ന സഹായികളെ രൂപത പിന്‍വലിച്ചതായി വൈദികന്‍ പറയുന്നു. തന്‍റെ ജീവന് ഭീഷണിയുണ്ടെന്നും ഇദ്ദേഹം മാധ്യമങ്ങളോട് വെളിപ്പെടുത്തി.

അടുത്ത ഇടവകയിലെ വികാരി കൂടി ഇടപെട്ടാണ് തനിക്കെതിരായ നീക്കങ്ങളെന്നാണ് ഇദ്ദേഹത്തിന്‍റെ ആരോപണം. തനിക്കൊപ്പമുള്ള വരെ അടുത്ത ഇടവകയിലെ വികാരി ഫോണില്‍ വിളിക്കുകയും ആ ഇടവകയില്‍ ഇനി ജോലി ചെയ്യേണ്ട കാര്യമില്ലെന്നും ഇനി മുതല്‍ ഇവിടെ ജോലി ചെയ്താല്‍ മതിയെന്നും അറിയിക്കുകയായിരുന്നു. ഇയാള്‍ പോപ്പിനെതിരേയും കര്‍ദിനാളിനെതിരേയും ബിഷപ്പിനെതിരേയും സംസാരിക്കുന്നയാളാണ് എന്നൊക്കെയാണ് സഹായികളോട് തന്നെക്കുറിച്ച് ഇൗ വികാരി പറയുന്നതെന്നും വൈദികന്‍ പറയുന്നു.

ബിഷപ്പാണോ അച്ഛനാണോ നിങ്ങള്‍ക്ക് വലുതെന്ന് തീരുമാനിക്കണ മെന്നും ബിഷപ്പിനൊപ്പം നിന്നില്ലെങ്കില്‍ വലിയ ഭവിഷ്യത്തുകള്‍ അനുഭവിക്കേണ്ടി വരുമെന്ന് തനിക്കൊപ്പം ഉണ്ടായിരുന്നവരെ വൈദികന്‍ ഭീഷണിപെടുത്തിയതായും അദ്ദേഹം കുറ്റപ്പെടുത്തി. തന്നെ ഒറ്റപ്പെടുത്തി സഭയില്‍ നിന്ന് പുറത്താക്കാനുള്ള നീക്കങ്ങളാണിതെന്നും അദ്ദേഹം ആരോപിച്ചു. സഭയില്‍ നിന്ന് തനിക്കെതിരേ എന്ത് നീക്കമുണ്ടായാലും സഹോദരിക്കൊപ്പം നില്‍കുമെന്നും പരാതിയുമായി മുന്നോട്ട് പോകുമെന്നും അദ്ദേഹം പറഞ്ഞു.