ഓര്‍ത്തഡോക്സ്‌ സഭയുടെ ബാലികാസദനത്തിലെ അനുവിന്റെ മരണം : ക്രൈംബ്രാഞ്ച്‌ അന്വേഷണം സഭ അട്ടിമറിച്ചു വീണ്ടും അന്വേഷിക്കണമെന്ന്‌ നാട്ടുകാര്‍

ഒമ്പതുവര്‍ഷം മുമ്പ്‌ ഓര്‍ത്തഡോക്സ്‌ സഭയുടെ കീഴിലുള്ള നിലമ്പൂര്‍ പോത്തുകല്‍ കാതോലിക്കേറ്റ്‌ ഹയര്‍ സെക്കന്‍ഡറി സ്കൂളിലെ പ്ലസ്‌വണ്‍ വിദ്യാര്‍ഥിനി കേളകം അടയ്ക്കാത്തോടിലെ എന്‍.ടി.അനുവിന്റെ മരണത്തെക്കുറിച്ച്‌ വീണ്ടും അന്വേഷിക്കണമെന്ന ആവശ്യം ശക്തമാകുന്നു.

ബാലികാസദനത്തിലെ കന്യാസ്ത്രീകളുടെ അറിവോടെ അനുവിനെയും സഹോദരി അഞ്ജുവിനെയും വൈദികര്‍ ലൈംഗികമായി പീഡിപ്പിച്ചിരുന്നുവെന്നും പീഡനത്തെത്തുടര്‍ന്നാണ്‌ അനു മരിച്ചതെന്നും പരാതി ഉയര്‍ന്നിരുന്നു. മരണത്തെക്കുറിച്ച്‌ അന്വേഷിക്കണമെന്ന്‌ ആവശ്യപ്പെട്ട്‌ രാഷ്ട്രീയപാര്‍ട്ടികളും സാമുഹിക പ്രവര്‍ത്തകരുംഅന്ന്‌ രംഗത്തുവന്നിരുന്നുവെങ്കിലും ഉന്നത ഇടപെടലുകള്‍ കാരണം ഇവരൊക്കെയും പിന്‍മാറുകയായിരുന്നുവെന്ന്‌ നാട്ടുകാര്‍ പറയുന്നു.
എന്നാല്‍ ഇപ്പോഴും ഇതിന്‌ സമാനമായ സംഭവങ്ങള്‍ ഈ ബാലികാസദനത്തില്‍ നടക്കുന്നുണ്ടെന്ന്‌ നാട്ടുകാര്‍ ആരോപിക്കുന്നു.അഡ്വ. ബിമല മുഖാന്തിരമാണ്‌ പുനരന്വേഷണം ആവശ്യപ്പെട്ട്‌ നാട്ടുകാര്‍ ഹര്‍ജി സമര്‍പ്പിക്കാനൊരുങ്ങുന്നത്‌.

അനുവിന്റെ ദുരൂഹമരണത്തില്‍ ആരോപണം നേരിട്ടവരില്‍ പ്രമുഖനായിരുന്ന ഫാദര്‍ യോഹന്നാന്‍ ആണ്‌ ഇപ്പോള്‍ സ്കൂളിലെ പ്രിന്‍സിപ്പല്‍. 2009ലെ ക്രൈംബ്രാഞ്ച്‌ അന്വേഷണം ഒരിടത്തും എത്തിയില്ല. “സഭയ്ക്കോ സ്ഥാപനത്തിനോ നാണക്കേടുണ്ടാകാതിരിക്കാനായി അന്ന്‌ ഉന്നതങ്ങളില്‍ നിന്ന്‌ ഇടപെടലും സമ്മര്‍ദ്ദവും നടത്തിയിരുന്നതായി” കത്തോലിക്കേറ്റ്‌ ഹയര്‍സെക്കണ്ടറി സ്കൂളില്‍ മുന്‍ പ്രന്‍സിപ്പല്‍ കെ.എ എബ്രഹാം അച്ചന്‍പറഞ്ഞതായി നാട്ടുകാരനായ ബിജു പാരാളി വെളിപ്പെടുത്തുന്നു

2009 ഒക്ടോബര്‍ 24നായിരുന്നു അനുവിന്റെ ദുരൂഹ മരണം. അനുവിന്‌ സുഖമില്ലെന്നറിഞ്ഞ്‌ 23ന്‌ വൈകിട്ട്‌ ഹോസ്റ്റലില്‍ എത്തിയ തന്നോട്‌ മകള്‍ക്ക്‌ അഹങ്കാരമാണെന്നും എത്രയും വേഗം കൊണ്ടുപോകണമെന്നും സിസ്റ്റര്‍ അഭി പറഞ്ഞതായി പിതാവ്‌ തങ്കച്ചന്‍ ക്രൈംബ്രാഞ്ചിന്‌ നല്‍കിയ മൊഴിയില്‍ പറയുന്നു. മുറിയില്‍ തളര്‍ന്ന്‌ കിടക്കുകയായിരുന്ന മകളെ ആശുപത്രിയില്‍ കൊണ്ടുപോകാന്‍ വാഹനം തന്നില്ല, പകരം ഓട്ടോ വിളിച്ചുതന്നു. നിലമ്പൂര്‍ ആശുപത്രിയിലേയ്ക്ക്‌ പോകുന്നവഴി ഇനി തന്നെ ഹോസ്റ്റലിലേക്ക്‌ വിടരുതെന്നും അവര്‍ കൊല്ലുമെന്നും കൈത്തണ്ടയിലെ മുറിഞ്ഞ പാടുകള്‍ കാണിച്ച്‌ അനു പറഞ്ഞതായും പിതാവു മൊഴി നല്‍കിയിരുന്നു.

വഴിമധ്യേ രക്തം ഛര്‍ദിച്ച മകളെ നിലമ്പൂര്‍ താലൂക്ക്‌ ആശുപത്രിയിലും പിന്നീട്‌ മഞ്ചേരി ജില്ലാ ആശുപത്രിയിലും പ്രവേശിപ്പിച്ചു. കൈയില്‍ പണമില്ലാതിരുന്നതിനാല്‍ നിലമ്പൂരിലെ ഓട്ടോറിക്ഷാ തൊഴിലാളികളാണ്‌ പണം പിരിച്ചുതന്നത്‌. മഞ്ചേരി ജില്ലാ ആശുപത്രിയില്‍നിന്ന്‌ മെഡിക്കല്‍ കോളേജിലേക്ക്‌ കൊണ്ടുപോകാന്‍ ഡോക്ടര്‍മാര്‍ പറഞ്ഞെങ്കിലും അവിടെ എത്തിയ രണ്ട്‌ അധ്യാപകരും സിസ്റ്റര്‍മാരും നിര്‍ബന്ധിച്ചിരുന്നതിനാലാണ്‌ കോഴിക്കോട്‌ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചത്‌. മൂന്നുദിവസം മുമ്പ്‌ അനുവിന്റെ വയറ്റില്‍ വിഷാംശം എത്തിയതായും വൃക്കകള്‍ തകര്‍ന്നതായും ഡോക്ടര്‍ അറിയിച്ചുവെന്നും മൊഴിയില്‍ പറയുന്നു. മരിക്കുന്ന സമയത്ത്‌ അനുവിന്റെ ശരീരത്തില്‍ നിരവധി മുറിവുകള്‍ ഉണ്ടായിരുന്നു. മരണകാരണം വീട്ടുകാരെ അറിയിക്കാതിരിക്കാന്‍ പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട്‌ വൈകിയാണ്‌ വീട്ടുകാര്‍ക്ക്‌ ലഭ്യമാക്കിയത്‌.

ഹോസ്റ്റലിലെ സ്ഥിരം സന്ദര്‍ശകരായ വൈദികര്‍ ഹബീസ്‌ ജോസഫിനും യോഹന്നാനും രണ്ടുപേരെ വീതം കാല്‌ തിരുമ്മാന്‍ സിസ്റ്റര്‍ അയക്കുക പതിവാണെന്നും അനുവിന്റെ അനുജത്തി അഞ്ജു മൊഴിനല്‍കിയിരുന്നു. ഒരിക്കല്‍ തന്നോടൊപ്പം അയച്ച മെറീന എന്ന വിദ്യാര്‍ഥിനിയെ പറഞ്ഞയച്ചശേഷം ഫാ.ഹബീബ്‌ തന്നെ കടന്നുപിടിക്കുകയും ചുംബിക്കുകയും രഹസ്യഭാഗങ്ങളില്‍ സ്പര്‍ശിക്കുകയും ചെയ്തതായി അഞ്ജുവിന്റെ മൊഴിയില്‍ പറയുന്നു. ഇതിനെതിരെ സിസ്റ്റര്‍ അഭിയോട്‌ പരാതിപ്പെട്ടുവെങ്കിലും മറ്റാരോടും പറയരുതെന്നും വല്യപ്പനെപ്പോലെ കാണണമെന്നുമാണ്‌ ഉപദേശിച്ചത്‌.

പെണ്‍കുട്ടികളുടെ ഹോസ്റ്റലിലെ സ്ഥിര താമസക്കാരനായ ഫാ.യോഹന്നാന്റെ കാര്‍ അനു കഴുകാറുണ്ടെന്നും ശനി, ഞായര്‍ മുഴുവന്‍ സമയവും അച്ചന്റെ കൂടെ അനുവിനെ സിസ്റ്റര്‍മാര്‍ പറഞ്ഞയക്കറുണ്ടെന്നും അഞ്ജു മൊഴി നല്‍കി.

മരിക്കുന്നതിന്‌ മൂന്നുദിവസം മുമ്പ്‌ സാധനം വാങ്ങാനായി അനുവിനെ യോഹന്നാന്‍ അച്ചനും അഭി സിസ്റ്ററും ചേര്‍ന്ന്‌ കടയിലേയ്ക്ക്‌ വിളിച്ച്‌ കൊണ്ടുപോയതായി മറ്റ്‌ കുട്ടികള്‍ സഹോദരിയെ അറിയിച്ചിരുന്നു. പിന്നീട്‌ ഭക്ഷണം കഴിക്കാതായ അനുവിനെ മറ്റുള്ളവര്‍ക്ക്‌ ഒപ്പം പ്രാര്‍ഥനാഹാളിലേയ്ക്ക്‌ വിടാതെ മുറിയില്‍ പൂട്ടിയിട്ട്‌ സിസ്റ്റര്‍മാര്‍ അടിച്ചുവെന്നും കരച്ചില്‍ പ്രാര്‍ഥനാഹാളില്‍ കേട്ടിരുന്നുവെന്നും കുട്ടികള്‍ മൊഴി നല്‍കിയിരുന്നു. വെള്ളിയാഴ്ച കാലത്ത്‌ അനുജത്തി അഞ്ജു അടുക്കളയില്‍ പോയി വരുമ്പോള്‍ ചേച്ചി അനുവിന്റെ കൈമുറിഞ്ഞ്‌ ചോര ഒലിക്കുന്നുണ്ടായിരുന്നെന്നും അപ്പോള്‍ അഭി സിസ്റ്റര്‍ ഫോണുമായി അടുത്ത്‌ നില്‍പ്പുണ്ടായിരുന്നെന്നും വിദ്യാര്‍ത്ഥികള്‍ മൊഴി നല്‍കിയിരുന്നു.

അനുവിന്റെ കുടുംബത്തിന്റെ ഇപ്പോഴത്തെ അവസ്ഥ വളരെ പരിതാപകരമാണ്‌. നടന്നുപോകാന്‍ പോലും വഴിയില്ലാത്തൊരു വീട്ടില്‍ സമൂഹത്തില്‍ നിന്ന്‌ ഒറ്റപ്പെട്ട അവസ്ഥയിലാണ്‌ അവരുടെ ജീവതം. പെണ്‍കുട്ടിയുടെ മരണത്തിന്‌ ശേഷം പിതാവ്‌ മദ്യത്തിന്‌ അടിമയായി. കടുത്ത ദാരിദ്ര്യത്തെത്തുടര്‍ന്നാണ്‌ അനുവിനേയും അഞ്ജുവിനേയും ഹോസ്റ്റലിലേക്ക്‌ അയച്ചിരുന്നതെന്ന്‌ അന്നുതന്നെ മാതാപിതാക്കള്‍ പൊലീസിനൊട്‌ പറഞ്ഞിരുന്നു