പന്ത്രണ്ടുക്കാരിയെ ഇരുപത്തിരണ്ട് പേര്‍ ചേര്‍ന്ന് പീഡിപ്പിച്ചത് ഏഴ് മാസം; പതിനെട്ട് പേര്‍ അറസ്റ്റിലായതായി പൊലീസ്‌

ചെന്നൈ: ഫ്ലാറ്റിലെ സെക്യൂരിറ്റിക്കാര്‍ ഉള്‍പ്പെടെ 22 പേര്‍ ചേര്‍ന്ന് കേള്‍വിത്തകരാറുള്ള പന്ത്രണ്ടുകാരിയെ ഏഴ് മാസമായി ക്രൂര പീഡനത്തിനിരയാക്കി. ചെന്നൈ അയനവാരത്തെ ഫ്ലാറ്റിലാണ് സംഭവം. കേസില്‍ ഇതുവരെ 18 പേര്‍ അറസ്റ്റിലായെന്ന് പൊലീസ് പറഞ്ഞു. മയക്കുമരുന്ന് കുത്തിവച്ചും സോഫ്റ്റ് ഡ്രിങ്കില്‍ കലര്‍ത്തി നല്‍കിയുമാണ് പെണ്‍കുട്ടിയെ പീഡനത്തിനിരയാക്കിയത്. പീഡനം വിഡിയോയില്‍ പകര്‍ത്തിയ പ്രതികള്‍ ഇതു പുറത്തുവിടുമെന്ന് മാസങ്ങളോളം പീഡ്പ്പിച്ചത്. ഡല്‍ഹിയില്‍ കോളെജ് വിദ്യാര്‍ത്ഥിയായ മൂത്ത സഹോദരി നാട്ടിലെത്തിയപ്പോഴാണ് കഠിന പീഡനങ്ങളെപ്പറ്റി പെണ്‍കുട്ടി വെളിപ്പെടുത്തിയത്. തുടര്‍ന്ന് വിവരം മാതാപിതാക്കളെ അറിയിക്കുകയും അവര്‍ അയനാപുരം പൊലീസില്‍ പരാതി നല്‍കുകയുമായിരുന്നു.

പെണ്‍കുട്ടിയും കുടുംബവും താമസിക്കുന്ന ഫ്ലാറ്റ് സമുച്ചയത്തില്‍ 300 ഫ്ലാറ്റുകളാണുള്ളത്. ഇവിടത്തെ ലിഫ്റ്റ് ഓപ്പറേറ്റര്‍ രവികുമാര്‍ (66) ആണ് പെണ്‍കുട്ടിയെ ആദ്യമായി പീഡിപ്പിച്ചതെന്ന് പൊലീസ് പറഞ്ഞു. മൂന്നു ദിവസത്തിന് ശേഷം, മദ്യപിച്ച് പുറത്തുനിന്നെത്തിയ മറ്റു രണ്ടുപേര്‍ കൂടി കുട്ടിയെ പീഡിപ്പിച്ചു വിഡിയോ എടുത്തു. മറ്റു പ്രതികള്‍ തൊട്ടടുത്ത ദിവസങ്ങളില്‍ എത്തുകയായിരുന്നു. വിഡിയോയും ചിത്രങ്ങളും പുറത്തുവിടുമെന്നു ഭീഷണിപ്പെടുത്തി പീഡനം തുടര്‍ന്നു. സ്‌കൂള്‍വാനില്‍ വന്നിറങ്ങുന്ന കുട്ടിയെ ഫ്ലാറ്റ് ബേസ്‌മെന്റ്, പൊതു ശുചിമുറി, ടെറസ്, ജിം എന്നിവിടങ്ങളിലാണു പീഡിപ്പിച്ചിരുന്നത്. ഫ്ലാറ്റുകള്‍ മിക്കതും ഒഴിഞ്ഞുകിടന്നതിനാല്‍ മറ്റുള്ളവര്‍ ഇക്കാര്യം അറിഞ്ഞുമില്ല.

കുട്ടിയുടെ പിതാവ് രാവിലെ ജോലിക്ക് പോകും. കൂട്ടുകാരുമായി കളിക്കുകയാവും എന്നാണു വീട്ടമ്മയായ മാതാവ് കരുതിയിരുന്നത്. രണ്ടു സ്വകാര്യ കമ്പനികളിലെ ജീവനക്കാരാണ് അറസ്റ്റിലായവരില്‍ കൂടുതലും. സെക്യൂരിറ്റിക്കാരായ മുരുകേഷ്, പളനി, അഭിഷേക്, സുകുമാരന്‍, പ്രകാശ്, ഉമാപതി, ലിഫ്റ്റ് ഓപറേറ്റര്‍മാരായ രവി കുമാര്‍, പരമശിവം, ദീനദയാലന്‍, ശ്രീനിവാസന്‍, ബാബു, പ്ലമര്‍മാരായ ജയ് ഗണേശ്, രാജ സൂര്യ, സുരേഷ്, ഇലക്ട്രീഷ്യന്‍ ജയരാമന്‍, ശുചീകരണ തൊഴിലാളി രാജശേഖര്‍, പൂന്തോട്ടക്കാരന്‍ ഗുണശേഖര്‍ എന്നിവരാണ് അറസ്റ്റിലായത്. പോക്‌സോ കുറ്റം ചുമത്തിയ പ്രതികളെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.

നിങ്ങളുടെ അഭിപ്രായങ്ങള്‍ രേഖപ്പെടുത്തൂ