മുല്ലപ്പെരിയാര്‍ അണക്കെട്ടിലെ ജലനിരപ്പ് 131.2 അടിയായി ഉയര്‍ന്നു; ഇടുക്കി അണക്കെട്ടില്‍ ജലനിരപ്പ് റെക്കോര്‍ഡിട്ടു; മഴ മരണം 13 ആയി

കൊച്ചി: ശക്തമായ മഴയെ തുടര്‍ന്ന് മുല്ലപ്പെരിയാര്‍ അണക്കെട്ടിലെ ജലനിരപ്പ് 131.2 അടിയായി ഉയര്‍ന്നു. 142 അടിയാണ് അനുവദനീയമായ സംഭരണ ശേഷി. ഇടുക്കി അണക്കെട്ടില്‍ ജലനിരപ്പ് റെക്കോര്‍ഡിട്ടു. ഡാമിലെ ജലനിരപ്പ് 2375.52 അടിയിലെത്തി. സമുദ്രനിരപ്പില്‍നിന്നുള്ള ഉയരമാണിത്. 1985 ജൂണ്‍ 16നുശേഷം വന്ന ഏറ്റവും വലിയ ജലനിരപ്പു കൂടിയാണിത്. അന്ന് 2374.11 അടിവെള്ളമാണ് സംഭരണിയിലുണ്ടായിരുന്നത്. ഡാമിലിപ്പോള്‍ 69.38% വെള്ളം ഉണ്ട്. കഴിഞ്ഞ വര്‍ഷം ഇതേ ദിവസം ഡാമിലെ ജലനിരപ്പ് 2316.98 അടിയായിരുന്നു. ഇന്നലെ വൃഷ്ടിപ്രദേശത്ത് 73.2 മില്ലീമീറ്റര്‍ മഴ ലഭിച്ചു.

അതേസമയം, മഴയുടെ ശക്തി അല്‍പം കുറഞ്ഞിട്ടുണ്ട്. രാവിലെ മഴ മാറിയിരുന്നെങ്കിലും പിന്നീട് പെയ്യുകയായിരുന്നു. വിവിധ ജില്ലകളില്‍ കുളങ്ങളും തോടുകളും പാടങ്ങളും നിറഞ്ഞുകവിഞ്ഞ് വെള്ളമാണ്. വീടുകളിലും കടകളിലും വെള്ളം കയറി.

അതേസമയം, കാലവര്‍ഷക്കെടുതിയില്‍ രണ്ടു ദിവസത്തിനിടെ സംസ്ഥാനത്ത് മരിച്ചവരുടെ എണ്ണം 13 ആയി. മലപ്പുറത്തും കോട്ടയത്തുമായിട്ടാണു രണ്ടുപേര്‍ മരിച്ചത്. മലപ്പുറത്ത് ഒരാള്‍ ഷോക്കേറ്റും കോട്ടയത്ത് ഒഴുക്കില്‍പ്പെട്ടുമാണ് ഇരുവരും മരിച്ചത്. മലപ്പുറത്ത് മേലാറ്റൂര്‍ എരുത്തൊടി നാരായണന്‍ (68) ആണു മരിച്ചത്. പൊട്ടിവീണ വൈദ്യുതകമ്പിയില്‍നിന്ന് ഷോക്കേല്‍ക്കുകയായിരുന്നു. കോട്ടയം മുണ്ടക്കയത്തുനിന്ന് ഇന്നലെ കാണാതായ യുവാവിന്റെ മൃതദേഹമാണു കണ്ടെത്തി. കോരുത്തോട് അമ്പലവീട്ടില്‍ ദീപു (28) ആണു മരിച്ചത്. അഴുതയാറ്റിലാണു മൃതദേഹം കണ്ടെത്തിയത്.

ജനങ്ങളെ ദുരിതാശ്വാസ ക്യാംപിലേക്കു മാറ്റിയിരിക്കുകയാണ്. വെള്ളിയാഴ്ച വരെ ശ്കതമായ മഴ തുടരുമെന്നാണു കാലാവസ്ഥാ നിരീക്ഷണകേന്ദ്രത്തിന്റെ മുന്നറിയിപ്പ്. മല്‍സ്യത്തൊഴിലാളികള്‍ കടലില്‍ പോകരുതെന്നും മുന്നറിയിപ്പുണ്ട്. ഒഡീഷ തീരത്തു ബംഗാള്‍ ഉള്‍ക്കടലില്‍ രൂപംകൊണ്ട ന്യൂനമര്‍ദത്തെ തുടര്‍ന്നുണ്ടായ ശക്തമായ പടിഞ്ഞാറന്‍ കാറ്റാണു കേരളത്തില്‍ കനത്ത മഴയ്ക്കു കാരണമായത്.

നിങ്ങളുടെ അഭിപ്രായങ്ങള്‍ രേഖപ്പെടുത്തൂ