അഭിമന്യു കേസ് സി.ബി.ഐ – എൻ.ഐ.എ അന്വേഷിക്കണം : ജസ്റ്റിസ് കമാൽ പാഷ

കൊച്ചി: അഭിമന്യുവിന്റെ കൊലയാളികളെ കേരള പൊലീസിന് പിടികൂടാൻ കഴിയില്ലന്നും കേസ് എൻ.ഐ.എക്കോ സി.ബി.ഐക്കോ വിടണമെന്നും ജസ്റ്റിസ് കമാൽ പാഷ.

ഇത്തരം ആക്രമണങ്ങളെ മുളയിലേ നുള്ളിക്കളയണം. ബുദ്ധിമുട്ട് ഉണ്ടെങ്കിൽ കേരള പൊലീസ് തുറന്നു പറയുക തന്നെയാണ് ചെയ്യേണ്ടത്.
ആക്രമണം തടയാൻ പൊലീസിന് കഴിഞ്ഞില്ല, പ്രതികളെയെങ്കിലും പിടികൂടണം. വെറുതെ നേതാക്കളെ പിടിച്ച് വിലപേശരുത്. ഒരു നാടിന് പ്രതീക്ഷയായ വിദ്യാർത്ഥിയാണ് കൊല ചെയ്യപ്പെട്ടത്.

പ്രതികൾ വിദേശത്തേക്ക് കടന്നിട്ടുണ്ടെങ്കിൽ ദേശീയ ഏജൻസിയാണ് അന്വേഷിക്കേണ്ടത്. യു.എ.പി.എ നിൽക്കുമോ ഇല്ലയോ എന്ന് ചിന്തിക്കേണ്ടതും കോടതി ആണ്. ഒരു സമൂഹത്തെ ഭീതിപ്പെടുത്താൻ ചെയ്ത കുറ്റകൃത്യമാണെങ്കിൽ യു.എ.പി.എ ചുമത്താമെന്നും കമാൽ പാഷ ചൂണ്ടിക്കാട്ടി.

വിദ്യാർത്ഥി രാഷ്ട്രീയം നിരോധിക്കേണ്ടത് തന്നെയാണ് എന്നും അദ്ദേഹം പറഞ്ഞു. രാഷ്ട്രീയ അവബോധം ഇല്ലാത്തവരെ ഉപയോഗപ്പെടുത്തുന്നത് അംഗീകരിക്കാൻ കഴിയില്ല.

കുഞ്ഞുങ്ങളെ കത്തി കൊടുത്ത് പറഞ്ഞയിക്കരുത്. ക്രിമിനലുകൾ ഈ വിഭാഗത്തിലുണ്ട്. ഒരു വിദ്യാർത്ഥി നേതാവായ അഭിമന്യുവിനെ സംരക്ഷിക്കാൻ ആ രാഷ്ട്രീയ പാർട്ടിക്ക് കഴിഞ്ഞില്ലല്ലോ ? ഇതിന് ഇപ്പോഴെങ്കിലും ഒരു കടിഞ്ഞാൺ ഇടണമെന്നും കമാൽ പാഷ അഭിപ്രായപ്പെട്ടു.

നിങ്ങളുടെ അഭിപ്രായങ്ങള്‍ രേഖപ്പെടുത്തൂ