മാനദണ്ഡം അനുസരിച്ചുള്ള നഷ്ടപരിഹാരം കേരളത്തിന് നല്‍കുമെന്ന് സഹമന്ത്രി കിരണ്‍ റിജിജു ;

കൊച്ചി: കേന്ദ്ര ആഭ്യന്തരസഹമന്ത്രി കിരണ്‍ റിജിജു കേരളത്തിലെത്തി. ആലപ്പുഴ ജില്ലയിലെ കാലവര്‍ഷക്കെടുതി വിലയിരുത്തുന്നതിനായാണ് ആഭ്യന്തര സഹമന്ത്രിയുടെ നേതൃത്വത്തിലുള്ള കേന്ദ്രസംഘം എത്തിയത്. കൊച്ചിയില്‍ നിന്ന് ഹെലികോപ്റ്ററിലാണ് സംഘം ആലപ്പുഴയിലെത്തിയത്.

മഴക്കെടുതിയെ കേന്ദ്രവും സംസ്ഥാനവും ഒറ്റക്കെട്ടായി നേരിടണം. 80 കോടി രൂപ ആദ്യ ഘട്ടമായി അനുവദിച്ചതായി കിരണ്‍ റിജിജു പറഞ്ഞു. ദുരന്തം വിലയിരുത്തിയ ശേഷം ബാക്കി തുക അനുവദിക്കും.മാനദണ്ഡം അനുസരിച്ചുള്ള നഷ്ടപരിഹാരം നല്‍കുമെന്നും റിജിജു പറഞ്ഞു.

കിരണ്‍ റിരജ്ജജുവിനൊപ്പം കേന്ദ്രസഹമന്ത്രി അല്‍ഫോണ്‍സ് കണ്ണന്താനം, ദേശീയ ദുരന്ത നിവാരണ അഥോറിറ്റി അംഗം കെ.ആര്‍ ജയിന്‍, ചീഫ് സെക്രട്ടറി ടോംജോസ്, ആഭ്യന്തരവകുപ്പ് ജോയിന്റ് സെക്രട്ടറി സഞ്ജീവ് കുമാര്‍ ജിന്‍ഡാല്‍ എന്നിവരും ഒപ്പമുണ്ട്. മന്ത്രിമാരായ ജി.സുധാകരന്‍, വി.എസ് സുനില്‍കുമാര്‍ എന്നിവരും സംഘത്തെ അനുഗമിക്കുന്നുണ്ട്.

ഗസ്റ്റ്ഹൗസില്‍ നിന്നും ആദ്യം കോമളപുരത്തെ ക്യാമ്പാണ് സന്ദര്‍ശിക്കുന്നത്. പിന്നീട് വിവിധയിടങ്ങളിലെത്തി സ്ഥിതി ഗതികള്‍ വിലയിരുത്തും. ദിവസങ്ങളായി തുടരുന്ന മഴയില്‍ ആലപ്പുഴ ജില്ലയിലെ കുട്ടനാട്ടാണ് ഏറെ ദുരിതം വിതച്ചിരിക്കുന്നത്. കുട്ടനാട് പൂര്‍ണമായും ഒറ്റപ്പെട്ട നിലയിലാണ്. വെള്ളക്കെട്ട് നീങ്ങാത്തതിനാല്‍ പലയിടങ്ങളിലും ഗതാഗതം പുനസ്ഥാപിക്കാന്‍ ആയിട്ടില്ല.

ജില്ലയിലെ വിവിധയിടങ്ങളിലെ 258 ദുരിതാശ്വാസക്യാമ്പുകളിലായി ഏകദേശം 50,000 ആളുകളാണ് ഇപ്പോള്‍ താമസിച്ച് വരുന്നത്.