ജില്ലയിലെ അതേ ലുക്ക്; ലൂസിഫറിന്റെ ചിത്രീകരണ വീഡിയോ

പൃഥ്വിരാജ് ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രം ലൂസിഫറിന്റെ ചിത്രീകരണ രംഗങ്ങള്‍ പുറത്ത്. മോഹന്‍ലാലിനെ നായകനാക്കി മലയാളത്തിലെ പ്രമുഖതാരങ്ങള്‍ അണിനിരക്കുന്ന ചിത്രത്തിന്റെ ഒരു ഷൂട്ടിംഗ് വീഡിയോ പുറത്തുവന്നിരിക്കുകയാണ്. കോരിച്ചൊരിയുന്ന മഴയില്‍ കറുത്ത അംബാസിഡര്‍ കാറിലേക്ക് മോഹന്‍ലാല്‍ കയറാന്‍ ഒരുങ്ങുന്ന രംഗമാണിത്.

കട്ട താടിയില്‍ വെള്ള ഷര്‍ട്ടും മുണ്ടുമാണ് മോഹന്‍ലാല്‍ ധരിച്ചിരിക്കുന്നത്. ജില്ലയിലെ ആദ്യ ഭാഗത്തെ മോഹന്‍ലാലിനെ ഓര്‍മിപ്പിക്കുന്ന വേഷപകര്‍ച്ചയാണ് മോഹന്‍ലാലിന്റേത്. മോഹന്‍ലാലിന്റെ അംബാസഡര്‍ കാറിന്റെ നമ്പര്‍ പ്ലേറ്റ് ചെകുത്താന്റെ നമ്പര്‍ എന്ന് വിശേഷിപ്പിക്കുന്ന 666 ആണ്. ചിത്രത്തിന്റെ ഷൂട്ടിംഗ് അതിവേഗത്തിലാണ് പുരോഗമിച്ചുകൊണ്ടിരിക്കുന്നത്.

ആശിര്‍വാദ് സിനിമാസിന്റെ ബാനറില്‍ മോഹന്‍ ലാലിനെ നായകനാക്കി പൃഥിരാജ് സംവിധാനം ചെയ്യുന്ന ഈ ചിത്രത്തില്‍ യുവ നായകന്‍ ടോവിനോ തോമസ് പ്രധാന വേഷം കൈകാര്യം ചെയ്യും. വില്ലന്‍ സിനിമയ്ക്ക് ശേഷം മോഹന്‍ലാലിന്റെ നായികയായി മഞ്ജു വാര്യരെത്തുമെന്നും റിപ്പോര്‍ട്ടുണ്ട്. ഇന്ദ്രജിത്തും ചിത്രത്തില്‍ മുഴുനീള കഥാപാത്രം അവതരിപ്പിക്കും.

മുരളി ഗോപി തിരക്കഥ രചിക്കുന്ന ചിത്രത്തിന്റെ ഛായാഗ്രഹണം സുജിത്ത് സുദേവാണ്. പൊളിറ്റിക്കല്‍ ത്രില്ലര്‍ വിഭാഗത്തില്‍പ്പെടുത്താവുന്ന സിനിമയുടെ സംഗീതം ദീപക് ദേവ് ആണ്. രണ്ട് വര്‍ഷങ്ങള്‍ക്ക് മുമ്പാണ് മോഹന്‍ലാല്‍ നായകനായി താന്‍ സിനിമ സംവിധാനം ചെയ്യുന്നുവെന്ന് പൃഥ്വിരാജ് പ്രഖ്യാപിച്ചത്. സിനിമാലോകം ഏറെ പ്രതീക്ഷയോടെ കാത്തിരുന്ന ആ ചിത്രം ഇരുവരുടെയും തിരക്കുകള്‍ കാരണം നീണ്ട് പോകുകയായിരുന്നു.