കലാലയ രാഷ്ട്രീയത്തോട് തനിക്ക് യോജിപ്പില്ലെന്ന് ഗവര്‍ണര്‍ പി സദാശിവം; പഠനം പൂര്‍ത്തിയാക്കിയിട്ട് മതി രാഷ്ട്രീയ പ്രവര്‍ത്തനം

തിരുവനന്തപുരം: പഠനത്തിനിടെ രാഷ്ട്രീയം വേണ്ടെന്ന് ഗവര്‍ണര്‍ ജസ്റ്റിസ് പി സദാശിവം. കലാലയ രാഷ്ട്രീയത്തോട് തനിക്ക് യോജിപ്പില്ല. വിദ്യാര്‍ത്ഥികള്‍ പഠനത്തില്‍ ശ്രദ്ധിക്കണം. പഠനം പൂര്‍ത്തിയാക്കിയിട്ട് മതി രാഷ്ട്രീയപ്രവര്‍ത്തനമെന്നും ഗവര്‍ണര്‍ പറഞ്ഞു. മഹാരാജാസ് കോളെജ് വിദ്യാര്‍ത്ഥി അഭിമന്യുവിന്റെ കൊലപാതകം അപലപനീയമെന്നും ഗവര്‍ണര്‍ പറഞ്ഞു.

അതേസമയം, കോളെജുകളിൽ ഇനി ഒരു തരത്തിലും രാഷ്ട്രീയ കൊലപാതകങ്ങൾ അനുവദിക്കില്ലെന്ന് ഹൈക്കോടതി അറിയിച്ചിരുന്നു. മൂന്നു ക്യാംപസ് രാഷ്ട്രീയവുമായി ബന്ധപ്പെട്ട് മാർഗനിർദ്ദേശങ്ങൾ കോടതി പുറപ്പെടുവിച്ചിരുന്നു. എന്നാൽ ഈ ഉത്തരവുകൾ പാലിക്കുന്നതിൽ സർക്കാർ പരാജയപ്പെട്ടു.ഇതിന്‍റെ പരിണിത ഫലമാണ് മഹാരാജാസ് കോളെജിലെ അഭിമന്യുവിന്‍റെ കൊലപാതകമെന്ന് കോടതി നിരീക്ഷിച്ചു.

കലാലയങ്ങളില രാഷ്ട്രീയം നിരോധിച്ചുകൊണ്ട് കോടതി നേരത്തെ ഇറക്കിയ ഉത്തരവ് ശക്തമായി നടപ്പാക്കണം എന്നാവശ്യപ്പെട്ടുകൊണ്ടുള്ള ഹര്‍ജിയിലാണ് കോടതി നിലപാട് അറിയിച്ചത്.കോളെജ് ക്യാമ്പസില്‍ രാഷ്ട്രീയ പ്രവര്‍ത്തനം അനുവദിക്കാന്‍ കഴിയില്ല. ക്യാമ്പസില്‍ ഇനിയും രാഷ്ട്രീയ കൊലപാതകം ഉണ്ടാകരുത്. ഇത്തരം ദുഃഖകരമായ സംഭവം തടയുകതന്നെ വേണം. സര്‍ക്കാര്‍ കോളേജില്‍ ഇത്തരമൊരു സംഭവം നടന്നതില്‍ കടുത്ത വേദനയുണ്ടെന്നും കോടതി വ്യക്തമാക്കിയിരുന്നു.

ഓരോ വ്യക്തിക്കും ക്യാമ്പസില്‍ ആശയപ്രചരണം നടത്താം. എന്നാല്‍, സമര പരിപാടികളും ധര്‍ണകളും പ്രതിഷേധങ്ങളും കോളെജിനുള്ളില്‍ അനുവദിക്കാനാകില്ല. അങ്ങനെ വന്നാല്‍ അത് മറ്റൊരാളുടെ മേല്‍ തങ്ങളുടെ രാഷ്ട്രീയം അടിച്ചേല്‍പ്പിക്കുന്നതായി മാറും. അത് ഒരുവിധത്തിലും അംഗീകരിക്കാന്‍ കഴിയില്ലെന്നും കോടതി പറഞ്ഞിരുന്നു. ഹൈക്കോടതി ഡിവിഷന്‍ ബെഞ്ചിന്റെ മുന്‍കാലത്തെ വിധി നടപ്പാക്കാത്തതിന്റെ പരിണത ഫലമാണ് അഭിമന്യുവിന്റെ കൊലപാതകത്തില്‍ എത്തിനില്‍ക്കുന്നതെന്നും കോടതി പറഞ്ഞിരുന്നു.