കേരളാ കോണ്‍ഗ്രസ് (ബി)യും സ്‌കറിയ തോമസ് വിഭാഗവും ലയിക്കുന്നു; ഔദ്യോഗിക പ്രഖ്യാപനം നാളെ

തിരുവനന്തപുരം: കേരളാ കോണ്‍ഗ്രസ് (ബി)യും സ്‌കറിയ തോമസ് വിഭാഗവും ലയിക്കുന്നു. എല്‍ഡിഎഫ് പ്രവേശത്തിന് വഴിയൊരുക്കാനാണ് ലയന നീക്കം. മുഖ്യമന്ത്രിയുമായി ബാലകൃഷ്ണപിള്ളയും സ്‌കറിയ തോമസും കൂടിക്കാഴ്ച്ച നടത്തി. കൊല്ലം ഗസ്റ്റ് ഹൗസിലായിരുന്നു കൂടികാഴ്ച്ച.

ലയനം വ്യക്തമാക്കികൊണ്ട് ഇരുനേതാക്കളും നാളെ സംയുക്ത വാര്‍ത്താസമ്മേളനവും വിളിച്ചിട്ടുണ്ട്. രാവിലെ 11 മണിക്ക് തിരുവനന്തപുരത്താണ് വാര്‍ത്താസമ്മേളനം.

എല്‍.ഡി.എഫ് വിപുലീകരിക്കാന്‍ കഴിഞ്ഞ ദിവസം ചേര്‍ന്ന സി.പി.എം സംസ്ഥാന സമിതിയില്‍ ധാരണയായിരുന്നു. ഏതൊക്കെ കക്ഷികളെ മുന്നണിയില്‍ എടുക്കണമെന്ന് വ്യാഴാഴ്ച ചേരുന്ന എല്‍.ഡി.എഫ് യോഗത്തിന്റെ തീരുമാനത്തിനും വിട്ടിരുന്നു.

നിലവില്‍ സ്‌കറിയ തോമസ് പക്ഷത്തിന് നിയമസഭയില്‍ അംഗത്വമില്ല. ബാലകൃഷ്ണപിള്ള കൂടി പാര്‍ട്ടിയില്‍ എത്തുന്നതോടെ കെ.ബി ഗണേഷ്‌കുമാര്‍ പാര്‍ട്ടിയുടെ ഏക എം.എല്‍.എയായി നിയമസഭയില്‍ തുടരും. നിലവില്‍ എല്‍.ഡി.എഫ് പിന്തുണയുള്ള അംഗമാണ് ഗണേഷ്‌കുമാര്‍. നിരവധി ചെറുപാര്‍ട്ടികള്‍ മുന്നണി പ്രവേശനത്തിന് കാത്തിരിക്കുന്നതിനാല്‍ മുന്നണിയിലുള്ള കക്ഷികളില്‍ ലയിച്ചുള്ള പ്രവേശനത്തിനാണ് മുന്നണി നേതൃത്വത്തിന് താല്‍പര്യം