മോഹന്‍ലാലിനെതിരെ ഗൂഢാലോചനയെന്ന് സിനിമാ സംഘടനകള്‍

തിരുവനന്തപുരം: സംസ്ഥാന ചലച്ചിത്ര പുരസ്കാര വിതരണ ചടങ്ങിൽ മോഹൻലാലിനെ മുഖ്യാതിഥിയായി ക്ഷണിക്കുന്നതുമായി ബന്ധപ്പെട്ട വിവാദത്തിൽ ഇടപെട്ടു വിവിധ ചലച്ചിത്ര സംഘടനകൾ. മോഹൻലാലിനെ പങ്കെടുപ്പിക്കരുതെന്ന് ആവശ്യപ്പെട്ട് 107 സാംസ്കാരിക പ്രവർത്തകർ നൽകിയ കത്തിനെതിരെയാണു മുഖ്യമന്ത്രി പിണറായി വിജയനു വിവിധ സംഘടനകൾ പരാതി നൽകിയത്. കത്തിൽ ആദ്യ പേരുകാരനായി ഒപ്പിട്ടിരിക്കുന്ന പ്രകാശ് രാജ് ഇത്തരമൊരു കത്തിനെക്കുറിച്ചു തനിക്ക് അറിയില്ലെന്നു വ്യക്തമാക്കിയ സാഹചര്യത്തിനു പിന്നിലെ ഗൂഢാലോചനയെപ്പറ്റി സർക്കാർ തലത്തിൽ അന്വേഷണം വേണമെന്നും സംഘടനകൾ ആവശ്യപ്പെട്ടു.

അമ്മ, കേരള ഫിലിം ചേംബർ ഓഫ് കൊമേഴ്സ്, കേരള ഫിലിം പ്രൊഡ്യൂസേഴ്സ് അസോസിയേഷൻ, ഫിലിം ഡിസ്ട്രിബ്യൂട്ടേഴ്സ് അസോസിയേഷൻ (കേരള), ഫിലിം എക്സിബിറ്റേഴ്സ് യുണൈറ്റഡ് ഓർഗനൈസേഷൻ ഓഫ് കേരള (ഫിയോക്ക്), ഫിലിം എംപ്ലോയീസ് ഫെഡറേഷൻ ഓഫ് കേരള (ഫെഫ്ക) എന്നീ സംഘടനകളുടെ തലപ്പത്തുള്ളവർ ഒപ്പിട്ട നിവേദനമാണു മുഖ്യമന്ത്രിക്കു നൽകിയത്.

സംസ്ഥാന ചലച്ചിത്ര പുരസ്കാര ചടങ്ങിലെ മുഖ്യാതിഥി എന്ന സങ്കൽ‍പം തന്നെ ഒഴിവാക്കപ്പെടേണ്ടതാണെന്നാണു കത്തിൽ പറയുന്നത്. എന്നാൽ അതിന്റെ ലക്ഷ്യം മോഹൻലാലിനെ ചടങ്ങിൽ നിന്ന് ഒഴിവാക്കുക എന്നതാണ്. സാംസ്കാരിക പ്രവർത്തകരുടെ കത്തിൽ ഒപ്പിട്ടിരിക്കുന്ന ചിലർ ദിവസങ്ങൾക്കു മുൻപേ തങ്ങളുടെ അജൻഡ വെളിപ്പെടുത്തിയതുമാണ്. എന്നാൽ മോഹൻലാലിനെ ഇതുവരെ ചടങ്ങിലേക്കു സർക്കാർ ഔദ്യോഗികമായി ക്ഷണിച്ചിട്ടില്ല. ക്ഷണിക്കപ്പെടാത്ത ഒരാളെ ഒഴിവാക്കണമെന്ന് ആവശ്യപ്പെടുന്ന അളവിലേക്കു ചിലരുടെ വിദ്വേഷം വളർന്നിരിക്കുന്നു.

നാലു ദശാബ്ദങ്ങളിലേറെയായി മലയാള സിനിമാ വ്യവസായത്തെ നിലനിർത്തുന്ന സുപ്രധാന ഘടകമാണ് മോഹൻലാൽ. അദ്ദേഹത്തെ ഒറ്റപ്പെടുത്തി തമസ്കരിക്കാനുള്ള ഏതു ശ്രമത്തെയും പ്രതിരോധിക്കാൻ മലയാള ചലച്ചിത്രമേഖല ഒന്നടങ്കം മുന്നിട്ടിറങ്ങുമെന്നും മുഖ്യമന്ത്രിക്കുള്ള കത്തിൽ പറയുന്നു.