ഉരുട്ടിക്കൊല: വിധിയില്‍ സന്തോഷമെന്ന് ഉദയകുമാറിന്റെ അമ്മ

തിരുവനന്തപുരം: ഫോര്‍ട്ട് പൊലീസ് സ്റ്റേഷനിലെ ഉരുട്ടിക്കൊല കേസില്‍ പൊലീസുകാര്‍ക്കെതിരെയുള്ള വിധിയില്‍ സന്തോഷമുണ്ടെന്ന് മരിച്ച ഉദയകുമാറിന്റെ അമ്മ. പ്രതീക്ഷിച്ച വിധിയാണെന്നും നീതി കിട്ടിയെന്നും പ്രഭാവതി പറഞ്ഞു. അതേസമയം വിധിക്കെതിരെ അപ്പീല്‍ പോകുമെന്ന് പ്രതിഭാഗം അഭിഭാഷകന്‍ പറഞ്ഞു.

കേസിലെ ഒന്നും രണ്ടും പ്രതികളായ ജിതകുമാര്‍, ശ്രീകുമാര്‍ എന്നിവര്‍ക്ക് വധശിക്ഷയാണ് സിബിഐ കോടതി വിധിച്ചത്. പൊലീസ് കസ്റ്റഡിയില്‍ ഉദയകുമാര്‍ എന്ന നിരപരാധിയായ ചെറുപ്പക്കാരനെയാണ് ക്രൂരമായ മര്‍ദ്ദനത്തിനും ഉരുട്ടലിനും വിധേയനാക്കി കൊലപ്പെടുത്തിയത്.

ജിതകുമാര്‍, ശ്രീകുമാര്‍, ടി. അജിത് കുമാര്‍, ഇ.കെ. സാബു, ടി.കെ. ഹരിദാസ് എന്നീ അഞ്ച് പ്രതികളാണ് വിചാരണ നേരിട്ടത്. പൊലീസുകാര്‍ അഡിഷണല്‍ കോടതിയിലെ വിചാരണയില്‍ കൂട്ടത്തോടെ കൂറുമാറിയപ്പോള്‍ അട്ടിമറിക്കപ്പെട്ട കേസില്‍ ഉദയകുമാറിന്റെ അമ്മ പ്രഭാവതി ഹൈക്കോടതിയെ സമീപിച്ചതിനെത്തുടര്‍ന്നാണ് സി.ബി.ഐ അന്വേഷണം വന്നതും ഉന്നത ഉദ്യോഗസ്ഥര്‍ ഉള്‍പ്പെടെയുള്ളവര്‍ പ്രതികളായതും.

ജിതകുമാര്‍, ശ്രീകുമാര്‍ എന്നിവര്‍ക്കെതിരെ കൊലക്കുറ്റം, കഠിനമായ ദേഹോപദ്രവം ഏല്പിക്കല്‍, കുറ്റസമ്മതത്തിനായി അന്യായമായി തടങ്കലില്‍ പാര്‍പ്പിക്കല്‍ തുടങ്ങിയ കുറ്റങ്ങളാണ് കോടതി ചുമത്തിയത്. കേസിലെ നാലു മുതല്‍ ആറുവരെ പ്രതികളായ ക്രൈംബ്രാഞ്ച് ഡിവൈ.എസ്.പി ടി. അജിത് കുമാര്‍, മുന്‍ എസ്.പിമാരായ ഇ.കെ. സാബു, ടി.കെ. ഹരിദാസ് എന്നിവര്‍ക്കെതിരെ തെളിവ് നശിപ്പിക്കല്‍, ഇതിനായി കുറ്റകരമായ ഗൂഢാലോചന നടത്തല്‍ എന്നീ കുറ്റങ്ങളാണ് കോടതി ചുമത്തിയത്.

2005 സെപ്തംബര്‍ 27 നാണ് കേസിന് ആസ്പദമായ സംഭവം നടന്നത്. ശ്രീകണ്‌ഠേശ്വരം പാര്‍ക്കില്‍ ഇരുന്ന ഉദയകുമാറിനെയും സുഹൃത്ത് സുരേഷ് കുമാറിനെയും ഫോര്‍ട്ട് സി.ഐ ആയിരുന്ന ഇ.കെ.സാബുവിന്റെ ക്രൈം സ്‌ക്വാഡ് പിടികൂടി. സ്‌ക്വാഡ് അംഗങ്ങളായ ജിതകുമാറും ശ്രീകുമാറും ചേര്‍ന്നാണ് ഇവരെ ഫോര്‍ട്ട് സ്റ്റേഷനില്‍ എത്തിച്ചത്. ഉദയകുമാറിന്റെ പക്കല്‍ ഉണ്ടായിരുന്ന 4020 രൂപയുടെ ഉറവിടത്തെ ചൊല്ലിയുള്ള ക്രൂരമായ മര്‍ദ്ദനത്തിലും ചോദ്യം ചെയ്യലിലുമാണ് ഉദയകുമാര്‍ കൊല്ലപ്പെട്ടത്. ദയകുമാര്‍ കസ്റ്റഡിയില്‍ മരിച്ചു എന്ന് ബോദ്ധ്യമായ പൊലീസ് ഉദ്യോഗസ്ഥര്‍ ഉദയകുമാറിനെ രാത്രി മോഷണക്കേസില്‍ പിടികൂടി എന്ന് സ്ഥാപിക്കാന്‍ കള്ള എഫ്.ഐ.ആര്‍ ഉണ്ടാക്കി. ആദ്യം ലോക്കല്‍ പൊലീസും പിന്നീട് ക്രൈംബ്രാഞ്ചും അന്വേഷിച്ചെങ്കിലും പൊലീസുകാരായ ജിതകുമാര്‍, ശ്രീകുമാര്‍, സോമന്‍ എന്നീ പ്രതികളില്‍ മാത്രം കേസ് ഒതുങ്ങിപ്പോയിരുന്നു. സോമന്‍ അടുത്തിടെ മരണമടഞ്ഞു.