അഭിമന്യു വധക്കേസില്‍ ഒരു പ്രതി കൂടി പിടിയില്‍; അറസ്റ്റിലായത് ക്യാമ്പസ് ഫ്രണ്ട് സംസ്ഥാന സെക്രട്ടറി മുഹമ്മദ് റിഫ

കൊച്ചിയില്‍: മഹാരാജാസ് കോളെജിലെ വിദ്യാര്‍ഥി അഭിമന്യു കൊല്ലപ്പെട്ട കേസില്‍ ഒരു പ്രതി കൂടി പിടിയില്‍. ക്യാമ്പസ് ഫ്രണ്ട് സംസ്ഥാന സെക്രട്ടറി മുഹമ്മദ് റിഫയാണ് പിടിയിലായത്. തലശേരി സ്വദേശിയായ റിഫ കൊച്ചിയില്‍ എല്‍എല്‍ബി വിദ്യാര്‍ഥിയാണ്. ബംഗലൂരുവില്‍ നിന്നാണ് റിഫയെ പൊലീസ് പിടികൂടിയത്. അതേസമയം, പ്രതികളെ സഹായിച്ച ഫസലുദ്ദീൻ എറണാകുളം കോടതിയിൽ കീഴടങ്ങി.

കൊലപാതകത്തില്‍ നേരിട്ട് പങ്കെടുത്ത സനിഷിനെ ഇന്നലെ  പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. ഇയാള്‍ പള്ളുരുത്തി സ്വദേശിയാണ്. കൊച്ചിയില്‍ നിന്നാണ് സനിഷിനെ പിടികൂടിയത്.  മുഖ്യപ്രതി മുഹമ്മദിനെ നേരത്തെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. ചുവരെഴുത്തിനെ ചൊല്ലിയായിരുന്നു തര്‍ക്കമെന്ന് അഭിമന്യു വധക്കേസിലെ മുഖ്യപ്രതി മുഹമ്മദിന്റെ വെളിപ്പെടുത്തിയിരുന്നു. ക്യാമ്പസ് ഫ്രണ്ട് മഹാരാജാസ് യൂണിറ്റ് പ്രസിഡന്റാണ് മുഹമ്മദ്. ഗോവയിലാണ് ഒളിവില്‍ കഴിഞ്ഞിരുന്നതെന്നാണ് സൂചന. അഭിമന്യുവിന്റെ കൊലപാതകം ആസൂത്രണം ചെയ്തത് മുഹമ്മദാണ്.

കൊലപാതകം നടക്കുന്ന ദിവസം രാത്രിയില്‍ അഭിമന്യുവിനെ കോളെജിലേക്ക് വിളിച്ചുവരുത്തിയത് മുഹമ്മദ് ആണ്. ക്യാംപസ് ഫ്രണ്ട് ആലപ്പുഴ ജില്ലാ പ്രസിഡന്റുകൂടിയാണ് മുഹമ്മദ്. ആദില്‍ എന്നയാളെ ചോദ്യംചെയ്തതിന്റെ അടിസ്ഥാനത്തിലാണ് മുഖ്യപ്രതിയായ മുഹമ്മദിനെ പൊലീസ് പിടികൂടിയത്. മറ്റുപ്രതികളെ ക്യാമ്പസിലേക്ക് വിളിച്ച് വരുത്തിയത് ഇയാളാണെന്ന് പൊലീസ് പറഞ്ഞു.  പത്ത് പേര്‍ കൊലപാതകത്തില്‍ ഉള്‍പെട്ടിട്ടുണ്ടെങ്കിലും ഇതില്‍ നാല് പേര്‍ മാത്രമാണ് കൊലപാതകത്തില്‍ നേരിട്ടു പങ്കെടുത്തത്. മറ്റുള്ളവര്‍ കൊലപാതകത്തിന് കൂട്ടുനിന്നവരാണ്.

അതേസമയം, പ്രതികള്‍ക്ക് കേസുമായി ബന്ധപ്പെട്ട വിവരം ചോര്‍ത്തിക്കൊടുക്കുന്നതില്‍ ക്യാംപസ് ഫ്രണ്ട്, എസ്ഡിപിഐ എന്നീ സംഘടനകളില്‍ പ്രവര്‍ത്തിക്കുന്ന സ്ത്രീകളുടെ പങ്കിനെപ്പറ്റിയും വിവരം ലഭിച്ചിരുന്നു. ഫോണിലൂടെ കുറ്റവാളിസംഘത്തിന് വിവരങ്ങള്‍ നല്‍കുന്നതായാണ് സംശയിക്കുന്നത്. കുറ്റവാളിസംഘം ഉപയോഗിക്കുന്ന സിം കാര്‍ഡും സ്ത്രീകളുടെ പേരിലായിരിക്കും. എസ്ഡിപിഐ ബന്ധമുള്ള പുരുഷന്‍മാരെ നിരീക്ഷിക്കുന്നതിനാലാണ് ഇത്തരത്തില്‍ സ്ത്രീകളെ ഉപയോഗിക്കുന്നത്. മുന്‍കൂട്ടി പ്ലാന്‍ചെയ്ത കൊലപാതകമായതിനാല്‍ ഇത്തരം സിം കാര്‍ഡുകള്‍ അക്രമിസംഘം നേരത്തേ കൈവശംവെച്ചതായും സംശയിക്കുന്നുണ്ട്.

നിങ്ങളുടെ അഭിപ്രായങ്ങള്‍ രേഖപ്പെടുത്തൂ