ഓര്‍ത്തഡോക്‌സ് പീഡന കേസ്: വൈദികരുടെ മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ തീരുമാനമായില്ല; അന്വേഷണ റിപ്പോര്‍ട്ട് നല്‍കണമെന്ന് സുപ്രീംകോടതി

ന്യൂഡല്‍ഹി:  കുമ്പസാരം മറയാക്കി വീട്ടമ്മയെ പീഡിപ്പിച്ച കേസില്‍ പ്രതികളായ വൈദികരുടെ മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ തീരുമാനമായില്ല. ഓഗസ്റ്റ് 6വരെ വൈദികരെ അറസ്റ്റ് ചെയ്യരുതെന്ന് സുപ്രീംകോടതി നിര്‍ദേശിച്ചു. ഓഗസ്റ്റ് 6 ന് കേസ് വീണ്ടും പരിഗണിക്കും.

അതേസമയം, കേസിന്റെ തല്‍സ്ഥിതി റിപ്പോര്‍ട്ട് സുപ്രീംകോടതി ആവശ്യപ്പെട്ടു. അടുത്ത മാസം ആറിനകം റിപ്പോര്‍ട്ട് നല്‍കാന്‍ സംസ്ഥാന സര്‍ക്കാരിന് സുപ്രീംകോടതി നിര്‍ദേശം നല്‍കി.

ഒന്നാം പ്രതി സോണി വര്‍ഗീസ്, നാലാം പ്രതി ജെയ്‌സ് കെ ജോര്‍ജ് എന്നിവരാണ് മുന്‍കൂര്‍ ജാമ്യാപേക്ഷയുമായി സുപ്രീം കോടതിയെ സമീപിച്ചത്. ജസ്റ്റിസുമാരായ എകെ സിക്രി, അശോക് ഭൂഷണ്‍ എന്നിവരടങ്ങിയെ ബെഞ്ചാണ് ഹര്‍ജികളില്‍ വാദം കേട്ടത്. ഹര്‍ജിക്കാരുടെ ആവശ്യം പരിഗണിച്ചായിരുന്നു രഹസ്യവാദം നടന്നത്.

കേസ് തുറന്ന കോടതിയിൽ കേൾക്കരുതെന്ന വൈദികരായ ഫാ. സോണി അബ്രഹാം വർഗീസ്, ഫാ. ജെയ്സ് കെ. ജോർജ് എന്നിവരുടെ ആവശ്യം കോടതി അംഗീകരിക്കുകയായിരുന്നു. ഈ ആവശ്യത്തെ സംസ്ഥാന സർക്കാരും എതിർത്തില്ല.

യുവതിയുടെ വാദങ്ങൾ മുഖവിലക്കെടുത്താൽ പോലും പീഡനകുറ്റം നിലനിൽക്കില്ലെന്നാണ് വൈദികരുടെ വാദം. മാനഭംഗപ്പെടുത്തിയെന്ന യുവതിയുടെ വാദം തെറ്റാണെന്നും ഉഭയ സമ്മതത്തോടെയുള്ള സൗഹൃദമാണ് യുവതിയുമായി ഉണ്ടായിരുന്നതെന്നും ജെയ്സ് കെ.ജോർജിന്റെ ജാമ്യഹർജിയിൽ പറയുന്നു. പ്രതികൾ യുവതിയോട് വേട്ടമൃഗത്തെ പോലെ പെരുമാറിയെന്ന് മുൻകൂർ ജാമ്യാപേക്ഷ തള്ളിക്കൊണ്ട് ഹൈക്കോടതി നടത്തിയ പരാമർശം നീക്കണമെന്നും ഇരുവരും ഹർജിയിൽ ആവശ്യപ്പെട്ടിട്ടുണ്ട്.