കരുണാനിധിയുടെ ആരോഗ്യനില മോശമായതായി മെഡിക്കല്‍ ബുള്ളറ്റിന്‍

ചെന്നൈ: ഡിഎംകെ അധ്യക്ഷന്‍ കരുണാനിധിയുടെ ആരോഗ്യനിലയില്‍ ആശങ്ക തുടരുന്നതായി മെഡിക്കല്‍ ബുള്ളറ്റിന്‍. ഡിഎംകെ എംഎല്‍എമാരോടും നിര്‍വാഹകസമിതി അംഗങ്ങളോടും അടിയന്തരമായി ചെന്നൈയിലെത്താന്‍ ആവശ്യപ്പെട്ടിട്ടുണ്ട്. അതേസമയം കരുണാനിധിയുടെ വീടിനു മുന്നില്‍ വന്‍സുരക്ഷയാണ് ഒരുക്കിയിരിക്കുന്നത്.

‘വാര്‍ധക്യസഹജമായ ചില ബുദ്ധിമുട്ടുകളില്‍ കരുണാനിധിയുടെ ആരോഗ്യത്തില്‍ നേരിയ പ്രശ്‌നങ്ങളുണ്ട്. മൂത്രാശയത്തിലെ അണുബാധ കാരണമുണ്ടായ പനിക്കാണ് നിലവില്‍ ചികിത്സ നല്‍കുന്നത്. 24 മണിക്കൂറും നിരീക്ഷണം ഏര്‍പ്പെടുത്തിയിട്ടുണ്ട്. നഴ്‌സുമാരുടെയും മെഡിക്കല്‍ വിദഗ്ധരുടെയും ഒരു സംഘം കരുണാനിധിയുടെ ഗോപാലപുരത്തെ വീട്ടില്‍ ആശുപത്രിക്ക് സമാനമായ ചികിത്സാസൗകര്യങ്ങള്‍ നല്‍കി വരുന്നു’, കാവേരി ഹോസ്പിറ്റല്‍ എക്‌സിക്യൂട്ടിവ് ഡയറക്ടര്‍ ഡോ.അരവിന്ദന്‍ സെല്‍വരാജ് അറിയിപ്പില്‍ വ്യക്തമാക്കി. കരുണാനിധിയെ കാണുന്നതിന് സന്ദര്‍ശകര്‍ക്കും വിലക്ക് ഏര്‍പ്പെടുത്തി.

കരുണാനിധി പാര്‍ട്ടി തലവനായുള്ള അന്‍പതാം വാര്‍ഷികം 27ന് ആഘോഷിക്കാനിരിക്കെയാണ് കരുണാനിധിയുടെ ആരോഗ്യനില വഷളായത്. പിതാവിന്റെ മോശം ആരോഗ്യനില മുന്‍നിര്‍ത്തി സ്റ്റാലിന്‍ പൊതുപരിപാടികളെല്ലാം റദ്ദാക്കിയിരിക്കുകയാണ്.

അതിനിടെ, ഉപമുഖ്യമന്ത്രി ഒ.പനീര്‍സെല്‍വം ഉള്‍പ്പെടെയുള്ള മന്ത്രിമാരും നടനും രാഷ്ട്രീയ പ്രവര്‍ത്തകനുമായ കമല്‍ഹാസനും വസതിയിലെത്തി സ്റ്റാലിനെ സന്ദര്‍ശിച്ചു. ഒട്ടേറെ പേര്‍ ഇവിടേക്ക് എത്തുന്നുണ്ട്. ചെന്നൈ നഗരത്തിലും സുരക്ഷാക്രമീകരണങ്ങള്‍ ശക്തമാക്കി.

ഡിഎംകെ സ്ഥാപക നേതാവ് സി.എന്‍.അണ്ണാദുരൈയുടെ മരണത്തെത്തുടര്‍ന്ന് 1969 ജൂലൈ 27നാണ് കരുണാനിധി പാര്‍ട്ടി തലപ്പത്തെത്തുന്നത്.