ചെര്‍ക്കളം അബ്ദുള്ള അന്തരിച്ചു

കാസര്‍ഗോഡ്: മുന്‍ മന്ത്രിയും മുസ്ലീം ലീഗ് സംസ്ഥാന സെക്രട്ടറിയേറ്റ് അംഗവുമായ ചെര്‍ക്കളം അബ്ദുള്ള (76) അന്തരിച്ചു. ഹൃദയസംബന്ധമായ അസുഖത്തെ തുടര്‍ന്നാണ് അന്ത്യം. ചെര്‍ക്കളത്തെ വസതിയില്‍ വെച്ചാണ് അന്ത്യം സംഭവിച്ചത്. സംസ്കാരം വൈകീട്ട് 6ന് ചെര്‍ക്കളം മുഹിയിദ്ദീന്‍ ജുമാ മസ്ജിദില്‍ വെച്ച് നടക്കും.

മുസ്‌ലിം ലീഗിന്റെ സംസ്ഥാന ജില്ലാ നേതൃത്വത്തിൽ വിവിധ പദവികൾ വഹിച്ച അദ്ദേഹം ലീഗ് സംസ്ഥാന ട്രഷററും യുഡിഎഫ് ജില്ലാ ചെയർമാനുമാണ്. തുടർച്ചയായി നാലു തവണ മഞ്ചേശ്വരത്തെ നിയമസഭയിൽ പ്രതിനിധീകരിച്ചു (1987–2001). 2001 ൽ എ.കെ. ആന്റണി മന്ത്രിസഭയിൽ തദ്ദേശസ്വയം ഭരണ വകുപ്പ് മന്ത്രിയായി.

മുസ്‌ലിം ലീഗ് നിയമസഭാ പാർട്ടി സെക്രട്ടറി, ജില്ലാ ജനറൽ സെക്രട്ടറി, സംസ്ഥാന കമ്മറ്റിയംഗം, വഖഫ് ബോർഡ് അംഗം, നിയമസഭയുടെ വൈദ്യുതി, കൃഷി, റവന്യൂ സബ്ജക്റ്റ് കമ്മറ്റി തുടങ്ങി പാ‍ർട്ടിയിലും ഭരണരംഗത്തും നിരവധി സ്ഥാനങ്ങൾ കൈകാര്യം ചെയ്തു. 1942 സെപ്റ്റംബർ 15ന് ബാരിക്കാട് മുഹമ്മദ്ഹാജിയുടേയും ആസ്യമ്മയുടേയും മകനായി ജനിച്ച ചെർക്കളം അബ്ദുല്ല ചെറുപ്പം മുതൽ രാഷ്ട്രീയരംഗത്തുണ്ടായിരുന്നു.

മു‌സ്‌ലിം യൂത്ത് ലീഗിൽ വിവിധ ചുമതലകൾ വഹിച്ച അദ്ദേഹം 1987 ലാണ് ആദ്യമായി മഞ്ചേശ്വരത്ത് നിന്ന് തെരഞ്ഞെടുക്കപ്പെട്ടത്. ബിജെപി സംസ്ഥാന നിയമസഭയിൽ അക്കൗണ്ട് തുറക്കുമെന്ന് പ്രതീതിയുണ്ടാക്കിയ കടുത്ത മത്സരങ്ങൾ അതിജീവിച്ച് മഞ്ചേശ്വരത്ത് മുസ്‌ലിം ലീഗിന്റേയും യുഡിഎഫിന്റെയും വെന്നിക്കൊടി പാറിക്കാൻ ചെർക്കളം അബ്ദുല്ലയ്ക്ക് കഴിഞ്ഞു.

നിങ്ങളുടെ അഭിപ്രായങ്ങള്‍ രേഖപ്പെടുത്തൂ