നന്ദി പറയാന്‍ കൂപ്പിയ കൈകളുമായി ഉദയകുമാറിന്റെ അമ്മ മുഖ്യമന്ത്രിയ കണ്ടു

തിരുവനന്തപുരം: നന്ദി പറയാന്‍ കൂപ്പിയ കൈകളുമായി ഉദയകുമാറിന്റെ അമ്മ പ്രഭാവതിയമ്മ മുഖ്യമന്ത്രി പിണറായി വിജയനെ കണ്ടു. സെക്രട്ടറിയേറ്റിലെ മുഖ്യമന്ത്രിയുടെ ചേംബറിലായിരുന്നു കൂടിക്കാഴ്ച. കസേരയില്‍ നിന്നെഴുന്നേറ്റ് അടുത്തേക്കെത്തിയ മുഖ്യമന്ത്രി ആ കൂപ്പിയ കൈകളില്‍ തൊട്ടു. വലതുകൈ കൊണ്ടു തോളില്‍ തട്ടി ആശ്വസിപ്പിച്ചു. അമ്മയുടെ നന്ദിവാക്കുകള്‍ കേട്ടു. പൊലീസ് കസ്റ്റഡിയില്‍ കൊല്ലപ്പെട്ട ഉദയകുമാറിന്റെ അമ്മ പ്രഭാവതിയും സഹോദരന്‍ മോഹനനുമാണ് ഇന്നലെ മുഖ്യമന്ത്രിയെ കാണാനായി സെക്രട്ടേറിയറ്റിലെത്തിയത്.

പ്രതികള്‍ അപ്പീല്‍ പോകാന്‍ സാധ്യതയുണ്ടെന്ന് അമ്മ ആശങ്കയറിയിച്ചപ്പോള്‍ ആവശ്യമായ നിയമസഹായം ലഭ്യമാക്കാമെന്നായിരുന്നു മുഖ്യമന്ത്രിയുടെ മറുപടി. ഉദയകുമാര്‍ കൊല്ലപ്പെടുമ്പോള്‍ പാര്‍ട്ടി സെക്രട്ടറിയായിരുന്ന പിണറായി വിജയന്‍ പ്രഭാവതിയമ്മയ്ക്ക് സര്‍ക്കാര്‍ സഹായം ലഭ്യമാക്കണമെന്ന് ആവശ്യപ്പെട്ടിരുന്നത് ഓര്‍മയുണ്ടെന്നും മുഖ്യമന്ത്രിയോട് പ്രഭാവതിയമ്മയുടെ സഹോദരന്‍ മോഹനന്‍ പറഞ്ഞു. ഖാദി ബോര്‍ഡ് വൈസ് ചെയര്‍പഴ്‌സന്‍ ശോഭനാ ജോര്‍ജും ഒപ്പമുണ്ടായിരുന്നു.

ഉദയ കുമാര്‍ ഉരുട്ടിക്കൊല കേസില്‍ തിരുവനന്തപുരത്തെ സിബിഐ കോടതി സര്‍വീസിലിരിക്കുന്ന രണ്ട് പൊലീസുകാര്‍ക്ക് വധശിക്ഷ വിധിച്ചിരുന്നു. കേസിലെ ഒന്നും രണ്ടും പ്രതികളായ കെ ജിതകുമാര്‍, ശ്രീകുമാര്‍ എന്നിവര്‍ക്കാണ് തിരുവനന്തപുരം സിബിഐ കോടതി വധശിക്ഷ വിധിച്ചത്. ഡിവൈഎസ്പി അജിത്ത് കുമാര്‍ പി സാബു എന്നിവര്‍ക്ക് ആറു വര്‍ഷം തടവ് ശിക്ഷയും കോടതി വിധിച്ചു. പ്രതികളിലൊരാളായ ഹരിദാസിന് മൂന്നു വര്‍ഷം തടവും കോടതി വിധിച്ചു. 13 വര്‍ഷങ്ങള്‍ക്ക് ശേഷമാണ് കോടതിയുടെ സുപ്രധാന വിധി വന്നിരിക്കുന്നത്.