ഇമ്രാന്‍ ഖാനാണ് അധികാരത്തിലേറുന്നതെങ്കില്‍ ഇന്ത്യയോടുള്ള ശത്രുതയ്ക്ക് പാകിസ്താന്‍ യാതൊരു മാറ്റവും വരുത്താന്‍ സാധ്യതയില്ലെന്ന് ആര്‍.കെ.സിങ്

ന്യൂഡല്‍ഹി: പാകിസ്താന്‍ ദേശീയ അസംബ്ലി തെരഞ്ഞെടുപ്പ് ക്രമക്കേടുകള്‍ നിറഞ്ഞതായിരുന്നെന്ന് കേന്ദ്ര വിദേശകാര്യ സഹമന്ത്രി ആര്‍.കെ.സിങ് പറഞ്ഞു. പാകിസ്താന്‍ തെഹ്‌രീകെ ഇന്‍സാഫ്(പിടിഐ) പാര്‍ട്ടി തലവന്‍ ഇമ്രാന്‍ ഖാനാണ് അധികാരത്തിലേറുന്നതെങ്കില്‍ ഇന്ത്യയോടുള്ള ശത്രുതയ്ക്ക് പാകിസ്താന്‍ യാതൊരു മാറ്റവും വരുത്താന്‍ സാധ്യതയില്ലെന്നും മുന്‍ ആഭ്യന്തര സെക്രട്ടറി കൂടിയായ സിങ് പറഞ്ഞു. തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ആദ്യ ഔദ്യോഗിക പ്രതികരണമാണ് ഇന്ത്യയുടേത്.

സൈന്യത്തിന്റെ പിന്തുണയോടെയാണ് ഇമ്രാന്‍ ഖാന്‍ അധികാരത്തിലെത്തുന്നത്. ഇന്ത്യയുമായുള്ള ബന്ധത്തിലും പട്ടാളത്തിന്റെ നയം തന്നെയായിരിക്കും ഖാനും പിന്തുടരുക. തുടക്കം മുതല്‍ക്കു തന്നെ ഖാന് സൈന്യത്തിന്റെ പിന്തുണയുണ്ട്. എല്ലായിപ്പോഴും അദ്ദേഹം പട്ടാളം മുന്‍നിര്‍ത്തിയ സ്ഥാനാര്‍ഥിയായിരുന്നെന്നും ആര്‍.കെ.സിങ് പറഞ്ഞു.

പാകിസ്താനിലെ തെരഞ്ഞെടുപ്പു ക്രമക്കേടിനെപ്പറ്റി ആ രാജ്യത്തുള്ള മറ്റു പാര്‍ട്ടിക്കാരും നിരീക്ഷകരും തന്നെ പറയുന്നുണ്ട്. തെരഞ്ഞെടുപ്പിനു തൊട്ടു മുന്‍പ് മുന്‍ പ്രധാനമന്ത്രി നവാസ് ഷരീഫിനെ പുറത്താക്കിയതും അദ്ദേഹത്തിനെയും മകളെയും ജയിലിലാക്കിയതും പാക്ക് സൈന്യമാണ്.

പട്ടാളം ഭരണം കയ്യാളുന്ന സാഹചര്യത്തില്‍ ഇന്ത്യയിലേക്ക് അതിര്‍ത്തി കടന്നുള്ള പാകിസ്താന്റെ ഭീകരാവാദത്തിലും ഒരു മാറ്റവുമുണ്ടാകില്ല. അതിലെല്ലാം നയം തീരുമാനിക്കുന്നത് ഇമ്രാന്‍ ഖാനായിരിക്കില്ല, സെന്യമായിരിക്കുമെന്നും സിങ് പറഞ്ഞു. അതേസമയം, തെരഞ്ഞെടുപ്പില്‍ ഇന്ത്യന്‍ വിദേശകാര്യ മന്ത്രാലയത്തിന്റെ ഔദ്യോഗിക പ്രതികരണം ഇതുവരെയുണ്ടായിട്ടില്ല.

തിരഞ്ഞെടുപ്പില്‍ ക്രമക്കേട് നടന്നതായി ഷരീഫിന്റെ പിഎംഎല്‍(എന്‍) പാര്‍ട്ടിയും ആരോപിച്ചിട്ടുണ്ട്. ഇത്തവണത്തെ തിരഞ്ഞെടുപ്പില്‍ ഒരു ആന്‍ഡ്രോയ്ഡ് മൊബൈല്‍ ആപ്ലിക്കേഷന്‍ ഇതാദ്യമായി ഉപയോഗിച്ചിരുന്നു. തിരഞ്ഞെടുപ്പ് സുഗമമാക്കാനായിരുന്നു ഇത്. എന്നാല്‍ റിസല്‍ട്ട് ട്രാന്‍സ്മിഷന്‍ സിസ്റ്റം(ആര്‍ടിഎസ്) എന്ന ഈ സംവിധാനത്തില്‍ വന്ന പിഴവാണ് തിരഞ്ഞെടുപ്പു ഫലം അസാധാരണമായി വൈകാന്‍ കാരണമായത്.

പാക്കിസ്ഥാനിലെ നാഷനല്‍ ഡേറ്റാബേസ് ആന്‍ഡ് റജിസ്‌ട്രേഷന്‍ അതോറിറ്റി നിര്‍മിച്ച ആപ് പോളിങ് സ്റ്റേഷനുകളില്‍ നിന്ന് ഇലക്ഷന്‍ കമ്മിഷനു തിരഞ്ഞെടുപ്പു ഫലം എത്തിക്കുന്നത് എളുപ്പമാക്കാന്‍ വേണ്ടിയാണു തയാറാക്കിയത്. പ്രിസൈഡിങ് ഓഫിസര്‍മാര്‍ക്ക് ഈ ആപ് വഴി ഫലം റിട്ടേണിങ് ഓഫിസര്‍മാര്‍ക്കും അവിടെ തിരഞ്ഞെടുപ്പു കമ്മിഷനും എളുപ്പം അയയ്ക്കാന്‍ സാധിക്കുമായിരുന്നു. എന്നാല്‍ ആര്‍ടിഎസ് തകരാറിലായതോടെ ഫലം വൈകി.