പാക് തെരഞ്ഞെടുപ്പില്‍ മത്സരിക്കാനിറങ്ങിയ ഭീകര സംഘടനകളുടെ സ്ഥാനാര്‍ഥികള്‍ക്ക് ദയനീയ പരാജയം

ഇസ്‌ലാമാബാദ്: പാകിസ്താനില്‍ വിവിധ ഭീകര സംഘടനകളുടെ പ്രതിനിധികളായി നാനൂറിലേറെ സ്ഥാനാര്‍ഥികളാണ് മല്‍സരിച്ചത്. മുംബൈ ഭീകരാക്രമണത്തിന്റെ സൂത്രധാരനായ ഹാഫിസ് സയീദിന്റെ മകന്‍ ഹാഫിസ് തല്‍ഹ സായിദും മരുമകന്‍ ഖാലിദ് വലീദും അടക്കം പാക്ക് തെരഞ്ഞെടുപ്പില്‍ മല്‍സരിക്കാനിറങ്ങിയ ഭീകര-തീവ്രവാദ സംഘടനകളുടെ സ്ഥാനാര്‍ഥികള്‍ക്ക് ദയനീയ പരാജയമാണ് ഏറ്റുവാങ്ങേണ്ടി വന്നത്.

ലഹോറില്‍നിന്ന് 200 കിലോമീറ്റര്‍ അകലെ സായിദിന്റെ ജന്മനാടായ സര്‍ഗോദയില്‍ നിന്നാണു ഭീകരനേതാവിന്റെ മകന്‍ മല്‍സരിച്ചത്. മുംബൈ ഭീകരാക്രമണത്തിന്റെ സൂത്രധാരനായ ഹാഫിസ് സയീദ് രൂപീകരിച്ച രാഷ്ട്രീയകക്ഷി മില്ലി മുസ്‌ലിം ലീഗിന് തെരഞ്ഞെടുപ്പു കമ്മീഷന്‍ അംഗീകാരം നിഷേധിച്ചിരുന്നു. തുടര്‍ന്നു മറ്റൊരു ചെറുകക്ഷിയുടെ പേരിലാണ് ഭീകരനേതാവിന്റെ അനുയായികള്‍ മല്‍സരിച്ചത്.

ഭീകര പട്ടികയില്‍ നിന്ന് പേരു നീക്കംചെയ്തതിനെത്തുടര്‍ന്ന് തെരഞ്ഞെടുപ്പില്‍ മല്‍സരിക്കാന്‍ അവസരം ലഭിച്ച മൗലാന മുഹമ്മദ് അഹ്മദ് ലുധിയാന്‍വിക്ക് 45,000 വോട്ട് ലഭിച്ചു.

ഭരണകക്ഷി നേതാക്കള്‍ അടക്കം പാകിസ്താനില്‍ ഒട്ടേറെ പ്രമുഖ നേതാക്കള്‍ക്ക് തെരഞ്ഞെടുപ്പില്‍ പരാജയമായിരുന്നു. മുന്‍ പ്രധാനമന്ത്രി ഷഹീദ് കഖാന്‍ അബ്ബാസി മല്‍സരിച്ച രണ്ടിടത്തും തോറ്റു. അഴിമതിക്കേസില്‍ നവാസ് ഷരീഫിനെ സുപ്രീം കോടതി അയോഗ്യനാക്കിയതിനെത്തുടര്‍ന്നാണ് അബ്ബാസി പ്രധാനമന്ത്രിയായത്.

കറാച്ചി, സ്വാത്, ലഹോര്‍ എന്നിവിടങ്ങളിലായി മൂന്നു സീറ്റില്‍ മല്‍സരിച്ച പിഎംഎല്‍-എന്‍ പ്രസിഡന്റും നവാസ് ഷരീഫിന്റെ സഹോദരനുമായ ഷഹ്ബാസ് ഷരീഫ് കറാച്ചിയിലും സ്വാതിലും പിടിഐ സ്ഥാനാര്‍ഥിയോടു പരാജയപ്പെട്ടു. ലഹോറില്‍ അദ്ദേഹം ലീഡ് ചെയ്യുന്നുവെന്നാണു വിവരം. മൂന്നുവട്ടം പഞ്ചാബ് പ്രവിശ്യാ മുഖ്യമന്ത്രിയായിരുന്നു. അതേസമയം, മല്‍സരിച്ച അഞ്ചു സീറ്റിലും പിടിഐ അധ്യക്ഷന്‍ ഇമ്രാന്‍ ഖാന്‍ വിജയിച്ചു.

മതകക്ഷികളുടെ മുന്നണിയായ മുത്തഹിദ മജ്‌ലിസെ അമല്‍ (എംഎംഎ) അധ്യക്ഷന്‍ മൗലാന ഫസ്‌ലുര്‍ റഹ്മാന്‍, ജമാഅത്തെ ഇസ്‌ലാമി മേധാവി സിറാജുല്‍ ഹഖ് എന്നിവരും തോറ്റു. മുന്‍ ആഭ്യന്തരമന്ത്രിയും വിമത പിഎംഎല്‍-എന്‍ നേതാവുമായ ചൗധരി നിസാര്‍ അലി ഖാനും മല്‍സരിച്ച രണ്ടു സീറ്റിലും തോറ്റു. പിപിപി മേധാവി ബിലാവല്‍ ഭൂട്ടോ സര്‍ദാരി ഖൈബര്‍ പഖ്തൂണ്‍ഖ്വയില്‍ പരാജയപ്പെട്ടെങ്കിലും സ്വന്തം നാടായ സിന്ധില്‍ മുന്നേറുന്നുണ്ട്.

നവാസ് ഷരീഫിന്റെ വിശ്വസ്തനും പഞ്ചാബ് മുന്‍ നിയമമന്ത്രിയുമായ റാണാ സനാലുള്ള ഫൈസാബാദില്‍ പിടിഐ സ്ഥാനാര്‍ഥിയോട് പരാജയപ്പെട്ടു. പിഎംഎല്‍എന്‍ ശക്തികേന്ദ്രമായിരുന്നു ഫൈസാബാദ്.

പാകിസ്താന്‍ തെഹ്‌രികെ ഇന്‍സാഫ് പാര്‍ട്ടി (പിടിഐ) രൂപീകൃതമായത്: 1996 ഏപ്രില്‍ 25

22 വര്‍ഷത്തെ ചരിത്രം

2013ല്‍ ഖൈബര്‍ പഖ്തൂണ്‍ഖ്വ പ്രവിശ്യ നിയമസഭയില്‍ 61 സീറ്റ് നേടി അധികാരത്തിലെത്തി

2013ല്‍ പഞ്ചാബ് പ്രവിശ്യ നിയമസഭയില്‍ 30 സീറ്റ് നേടി പ്രധാനപ്രതിപക്ഷമായി

സൈന്യത്തിന്റെ ആശീര്‍വാദം പാര്‍ലമെന്റ് തിരഞ്ഞെടുപ്പ് പ്രകടനം

1997: സീറ്റൊന്നും ലഭിച്ചില്ല

2002: ഒരു സീറ്റ് (0.8% വോട്ട്)

2008: തിരഞ്ഞെടുപ്പ് ബഹിഷ്‌കരിച്ചു

2013: 35 സീറ്റ് (16.92 % വോട്ട്)

2018: അധികാരത്തിലേക്ക്