കുമ്പസാരം നിര്‍ത്തണമെന്ന ദേശീയ വനിതാ കമ്മീഷന്റെ അഭിപ്രായത്തോട് പ്രതികരിക്കാതെ ജോസഫൈന്‍

തിരുവനന്തപുരം: കുമ്പസാരം നിര്‍ത്തലാക്കണമെന്ന ദേശീയ വനിതാ കമ്മീഷന്‍ അധ്യക്ഷ രേഖ ശര്‍മ്മയുടെ അഭിപ്രായത്തോട് പ്രതികരിക്കാതെ സംസ്ഥാന വനിതാ കമ്മീഷന്‍ അധ്യക്ഷ എംസി. ജോസഫൈന്‍. കുമ്പസാരത്തെക്കുറിച്ച് ഇപ്പോള്‍ അഭിപ്രായം പറയുന്നില്ല. ആശയ സംവാദം ഉയര്‍ന്നു വരട്ടെയെന്നും ജോസഫൈന്‍ പറഞ്ഞു. അതേസമയം, ജലന്ധര്‍ ബിഷപ്പിനെതിരായ പരാതിയില്‍ അന്വേഷണം നല്ല രീതിയിലെന്ന് ജോസഫൈന്‍ പറഞ്ഞു.

ശബരിമല സ്ത്രീ പ്രവേശന വിഷയത്തെക്കുറിച്ചും ജോസഫൈന്‍ പ്രതികരിച്ചു. ശബരിമലയിലേത് നിയമ പ്രശ്‌നമാണ്. സ്ത്രീ പ്രവേശനത്തില്‍ പുതിയ അഭിപ്രായങ്ങള്‍ ഉയര്‍ന്നുവരട്ടെയെന്നും എംസി ജോസഫൈന്‍ പറഞ്ഞു.

വൈദികര്‍ക്കെതിരായ പരാതികള്‍ കേരളത്തില്‍ കൂടി വരുന്നുവെന്നാണ് രേഖ ശര്‍മ്മ പറഞ്ഞത്. പ്രതികള്‍ക്ക് രാഷ്ട്രീയ സഹായം കിട്ടുന്നുവെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു. വൈദികര്‍ക്കെതിരായ പീഡനക്കേസുകളില്‍ പൊലീസിന്റെ അന്വേഷണത്തിന് വേഗം പോരെന്നും രേഖ ശര്‍മ്മ പറഞ്ഞു.

സര്‍ക്കാര്‍ പ്രശ്‌നത്തെ ഗൗരവമായി കാണുന്നില്ല. ജലന്ധര്‍ ബിഷപ്പിനെതിരെ പഞ്ചാബ് പൊലീസും കേസെടുക്കണം. കുമ്പസാരം നിര്‍ത്തലാക്കണമെന്നും കമ്മീഷന്‍ അധ്യക്ഷ പറഞ്ഞു.